രചന : ഹരിദാസ് കൊടകര✍
എല്ലാം കളവാണ് വിജനതേ !
നിന്നെ പുണരുവാൻ പേരിട്ട-
നാമരൂപങ്ങൾ.
പുരോഹിതങ്ങളാണ്-
സർവദാ വേര്.
ഹിതങ്ങളില്ലാത്തിടം-
റോഹിങ്ക്യനേക്കാൾ മുന്നം-
ശ്രീബുദ്ധനെത്തും.
ഉൽപ്പന്നമായൊരു-
പഴവർത്തമാനം.
തൂക്കിയിടാൻ ആരേ പറഞ്ഞു ?
തൂങ്ങാതെയും പണ്ട് പഴമ-
പൊറുതിയാൽ വിറ്റതല്ലേ..
ഈ തൂങ്ങലിൽ-
തനിക്ക് പങ്കില്ല..
താനേ പൊറുക്കുക.
അടിയിലെ സ്ഥാനം.. അടിസ്ഥാനം.
വെള്ളമാണത്.
വെള്ളം തീർക്കും പ്രശ്നങ്ങളേറെ.
കമ്മ്യൂണിസത്തിനും സംഘത്തിനും
പടിയടയ്ക്കാം.
രാഷ്ട്രീയം മ്യൂട്ട് ബട്ടനാക്കാം.
പിരിഞ്ഞ മിഥുനം തിരികെയെത്താം.
വട്ടാട്ടവും വെള്ളം തിരഞ്ഞാൽ-
എതുത്സവം കരയാതിരിക്കും.
കവിതക്കും കഥക്കും വേണം-
ഉറങ്ങിയുണരുവാനനല്പ വെള്ളം.
ചാരിറ്റബിൾ ‘ചെറുതേൻ’-
അവാർഡുപോലും-
വലിയ വെള്ളത്തിലേ വേവു.
“സത്യം ബ്രൂയാൽ പ്രിയം ബ്രൂയാൽ..”
മുഴുവനായില്ല..
മണ്ണെണ്ണ തീർന്നു..
ഇത്തിരി വെള്ളമെടുത്തേ..
നിലാവു കാണട്ടെ..