മാത്യുക്കുട്ടി ഈശോ ✍

ടാമ്പാ (ഫ്ലോറിഡ): ധാരാളം മലയാളികളും മലയാളി സംഘടനകളും ഉള്ള അമേരിക്കയിലെ ഒരു സംസ്ഥാനമാണ് ഫ്ലോറിഡ. ഏകദേശം കേരളാ കാലാവസ്ഥയും പ്രകൃതി രമണീയതയും ഉള്ള ഫ്ലോറിഡ എന്ന സംസ്ഥാനത്തു പല സിറ്റികളിലും മലയാളി സമൂഹം ഐക്യതയോടെ ജീവിക്കുന്നു. അതിനാൽ അവിടങ്ങളിൽ മലയാളീ സംഘടനകളും സജീവമാണ്. ഫോമാ ഫാമിലി ടീം പ്രഡിഡന്റ് സ്ഥാനാർത്ഥി ജെയിംസ് ഇല്ലിക്കലും ഫ്‌ലോറിഡയിൽ നിന്നുള്ള സംഘടനാ പ്രതിനിധിയാണ്. അതിനാൽ തന്നെ ഫ്ലോറിഡയിലെ മിക്കവാറും എല്ലാ മലയാളി സംഘടനകളുമായും നല്ല ബന്ധം നിലനിർത്താൻ അദ്ദേഹം ശ്രദ്ധാലുവാണ്. ആ ബന്ധത്തിലൂടെ ഫ്ലോറിഡ സംസ്‌ഥാനത്തുള്ള പല സംഘടനകളിലെ അംഗങ്ങൾക്കും ഇല്ലിക്കലിന്റെ നേതൃപാഠവവും സംഘടനാ പ്രവർത്തി പരിചയവും നിശ്ചയമാണ്. ഫോമ്മായെ അടുത്ത രണ്ടു വർഷം നയിക്കാൻ ഇല്ലിക്കൽ തികച്ചും പ്രാപ്തനാണെന്നും യോഗ്യനാണെന്നുമുള്ള വിശ്വാസം ഉള്ളവരാണ് സംഘടനാ പ്രസിഡന്റുമാരും മറ്റ് അംഗങ്ങളും.

“ജെയിംസ് ഇല്ലിക്കൽ അടുത്ത രണ്ടു വർഷം ഫോമാ പ്രസിഡൻറ് ആയി വന്നാൽ അത് ഫോമയുടെ നല്ല വളർച്ചക്ക് നിതാന്തമായിത്തീരും. അദ്ദേഹവും “ഫാമിലി ടീം” ആയി കൂടെ മത്സര രംഗത്തുള്ളവരും ഇപ്പോഴേ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത് കാണുമ്പോൾ അവർക്കു നല്ലൊരു പ്രവർത്തനം ഫോമായിൽ കാഴ്ചവെക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ട്. അവർക്കെല്ലാവർക്കും നല്ല വിജയാശംസകളും നേരുന്നു.” മലയാളി അസ്സോസ്സിയേഷൻ ഓഫ് ടാമ്പയുടെ പ്രസിഡന്റ് അരുൺ ചാക്കോ പറഞ്ഞു.

മലയാളി അസ്സോസ്സിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡൻറ് ബാബു തോമസിനും മറിച്ചൊരഭിപ്രായമില്ല. “ജെയിംസ് ഇല്ലിക്കനിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള “ഫാമിലി ടീം” അംഗങ്ങളിലും ഞങ്ങൾക്ക് നല്ല വിശ്വാസമാണുള്ളത്. അവർ ഈ വർഷം ജയിച്ചു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാ വിധ ആശംസകളും നേരുന്നു.” ബാബു തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡൻറ് ബിജു ആൻറണി മറ്റൊരു അഭിപ്രായമാണ് പങ്കു വച്ചത്: “ഫോമാ ഫാമിലി ടീമിൽ എല്ലാവരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമാണ്. യുവാക്കൾക്ക് ഫോമയിൽ മുൻ‌തൂക്കം നൽകാൻ ഇവർക്കു സാധിക്കും എന്ന് കരുതുന്നു. അങ്ങനെയെങ്കിൽ ഫോമാ കൂടുതൽ ശക്തിയായി മുന്നേറും. ആശംസകൾ നേരുന്നു”. യുവത്വം തുളുമ്പി നിൽക്കുന്ന ബിജു ആൻറണി പറഞ്ഞു.

“ഫോമാ ഫാമിലി ടീം മുമ്പോട്ടുവച്ച ഇലക്ഷൻ മാനിഫെസ്റ്റോ വായിക്കാനിടയായി. നല്ല ആശയങ്ങളാണ് ഫോമായിൽ ചുമതലക്കാരായാൽ നടപ്പിലാക്കാൻ അവർ ഉദ്ദേശിക്കുന്നത്. അവർക്കു അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു” ടാമ്പാ ബേ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് ജോമോൻ ആൻറണി അഭിപ്രായപ്പെട്ടു.

ജെയിംസ് ഇല്ലിക്കലിന്റെ നല്ലൊരു സുഹൃത്ത് കൂടിയായ ഒർലാണ്ടോ റീജിയൺ യുണൈറ്റഡ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് പ്രവീബ് നായർ : “2024 -ലെ ഫോമാ ദ്വൈവാർഷിക ഫാമിലി കോൺഫറൻസ് ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ വച്ച് നടത്താൻ ജെയിംസ് ഇല്ലിക്കൽ ടീം ഇപ്പോഴേ താൽപ്പര്യം കാണിച്ചത് സ്വാഗതാർഹമാണ്. അതിന് ആതിഥേയത്വം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനു ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു”.

ബിനൂപ് കുമാർ മലയാളി അസ്സോസ്സിയേഷൻ ഓഫ് സൗത്ത്-വെസ്റ്റ് ഫ്ലോറിഡയുടെ പ്രസിഡന്റാണ്‌. അദ്ദേഹം പറയുന്നത്: “ഫോമാ എന്നും വളർന്നുകൊണ്ടിരിക്കുന്ന ഒരു അംബ്രല്ലാ സംഘടനയാണ്. ഇനിയും കൂടുതൽ അംഗ സംഘടനകളെ ഇതിലേക്ക് ആകർഷിക്കാൻ ജെയിംസ് ഇല്ലിക്കനെപ്പോലുള്ള ഒരാൾ പ്രസിഡൻറ് ആയി എത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. എല്ലാ അംഗ സംഘടനയെയും ഒത്തൊരുമയോടെ മുമ്പോട്ടു നയിക്കാൻ ഫോമാ ഫാമിലി ടീമിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.”

“സ്ത്രീ ശാക്തീകരണത്തിന് മുൻ തൂക്കം നൽകുമെന്ന ജെയിംസ് ഇല്ലിക്കലിന്റെ ടീമിന്റെ വാഗ്ദാനം സ്വാഗതാർഹമാണ്. മയാമി മലയാളീ അസ്സോസിയേഷന്റെ വനിതാ പ്രസിഡൻറ് ആയി പ്രവർത്തിക്കാൻ സാധിക്കുന്ന എനിക്ക് അതിൽ വളരെ സന്തോഷമുണ്ട്. ഫോമായുടെ മുൻ നിര നേതൃത്വത്തിലേക്ക് കൂടുതൽ സ്ത്രീകൾ വരുവാൻ തയ്യാറാകണം. ജെയിംസ് ഇല്ലിക്കലിനും ടീമിനും എല്ലാ ആശംസകളും നേരുന്നു.” മയാമി മലയാളി അസോസിയേഷനിലെ വനിതാ പ്രസിഡൻറ് സനിൽ പ്രകാശ് പറഞ്ഞു.

“ജെയിംസ് ഇല്ലിക്കലിനെ എനിക്ക് നന്നായറിയാം. സംഘടനാ പാടവവും നേതൃത്വ പരിചയ സമ്പത്തുമുള്ള അദ്ദേഹത്തിനെപ്പോലുള്ളവർ ഫോമായുടെ സാരഥി ആയി വന്നാൽ അത് ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാർക്ക് പ്രചോദനമാകും. അദ്ദേഹത്തിന്റെ ടീമിലുള്ളവരിൽ അധികം പേരും യുവാക്കളായതിനാൽ ഫോമയ്ക്കു നല്ലൊരു ഭാവി ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു”. കേരള അസ്സോസ്സിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡൻറ് ചാർളി ജോൺ അഭിപ്രായപ്പെട്ടു.

ഒർലാണ്ടോ റീജിയൺ മലയാളീ അസ്സോസ്സിയേഷൻ പ്രസിഡൻറ് രാജീവ് കുമാറിൻറെ പ്രതീക്ഷയും 2024 -ലെ ഫോമാ ഫാമിലി കോൺഫെറെൻസിന് ആതിധേയത്വം നൽകാൻ അവസരം ലഭിക്കണമെന്നാണ്. അതിനായി ജെയിംസ് ഇല്ലിക്കലിന് പിന്തുണ നൽകാൻ രാജീവ് തയ്യാർ.

നവ കേരള മലയാളീ അസ്സോസ്സിയേഷൻ പ്രസിഡൻറ് സാജോ പല്ലിശ്ശേരി ഫ്ലോറിഡയിലെ മറ്റൊരു യുവ നേതൃത്വമാണ്. “കൂടുതൽ യുവാക്കളെയും പുതു തലമുറയിലുള്ളവരെയും ഫോമായിലേക്കു ആകർഷിക്കാൻ പദ്ധതികളിടുന്ന ജെയിംസ് ഇല്ലിക്കലിനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഫോമയിൽ യുവാക്കളുടെ പ്രാധിനിത്യം കൊണ്ടുവരാൻ ശ്രമിക്കുന്ന ടീമിനൊപ്പമാണ് ഞാൻ. ആശംസകൾ നേരുന്നു.” സാജോ തന്റെ അഭിപ്രായം രേഖപ്പെടുത്തി.

മറ്റൊരു ശക്തമായ മലയാളീ സംഘടനയാണ് മലയാളീ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ. ആ സംഘടനയുടെ പ്രസിഡന്റ് ജെയ്‌സൺ സിറിയക്ക് ജെയിംസ് ഇല്ലിക്കലുമായി സുഹൃത് ബന്ധം ഉള്ള ആളാണ്. ഇല്ലിക്കലിനും ടീമിനും ജയ്‌സൺ വിജയാശംസകൾ നേർന്നു.

“എന്റെ സംസ്ഥാനത്തുള്ള ഈ സംഘടനാ നേതാക്കൾ നൽകുന്ന ഈ പ്രോത്സാഹനത്തിൽ അഭിമാനവും ആത്‌മവിശ്വാസവും വർദ്ധിക്കുന്നു. അവരോടെല്ലാം കൂടുതൽ കടപ്പെട്ടിരിക്കുന്നു. അവരുടെ പ്രതീക്ഷകൾക്ക് ചിറകേകാൻ എല്ലാവരും സഹകരിച്ചു ഫോമാ ഫാമിലി ടീമിനെ വിജയിപ്പിക്കണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ടീം അംഗങ്ങളായ ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, ട്രഷറർ സ്ഥാനാർഥി ജോഫ്‌റിൻ ജോസ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോയിന്റ് ട്രഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ എന്നിവർക്കും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.” പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ എല്ലാവരോടുമായി അഭ്യർഥിച്ചു.

By ivayana