രചന : സിന്ധു വാസുദേവൻ ✍
ഉത്സവപ്പറമ്പിൽ
കളിവീണ പാടുമ്പോൾ
വയലിൻ
വായനക്കാരന്റെ വിരലിൽ
ഒറ്റക്കമ്പിയിലെ
മുളനാരിൽ നിന്നു്
ലതാ മങ്കേഷ്കറും
സൈഗാളും
മുഹമ്മദ് റാഫിയും
കിഷോർ കുമാറും
ഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.
അച്ഛന്റെ കൈവിരലിൽ
സഡൻ ബ്രേക്കിട്ട്
കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽ
ഒറ്റ നിൽപ്പായിരുന്നു.
കളിവീണക്കാരന്റെ
വിരൽതുമ്പിൽ
ഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും,
മോനതിൽ തൊട്ടാൽ
ചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നും
അച്ഛൻ പറയുമായിരുന്നു.
ഏങ്ങിയേങ്ങിക്കരഞ്ഞു്
ശ്വാസം നിലക്കാൻ നേരം
ഇരുപത്തിയഞ്ച് കാശിന് കളിവീണ വാങ്ങും.
എത്ര വായിച്ചാലും
നിശ്ശബ്ദതയ്ക്ക് വിള്ളലേൽപ്പിക്കാതെ
വീണ മൗനത്തിലാഴും.
സോജാ രാജകുമാരി
വീണക്കാരന്റെ വിരലുകൾക്കിടയിൽ ഒളിച്ചിരിക്കും.
അച്ഛന്റെ പരിഹാസച്ചിരിക്കൊടുവിൽ
വീണ സമാധിയാവും.
ഉത്സവപ്പറമ്പിൽ
അപ്പോഴും
കിഷോറും
റാഫിയും സൈഗാളും
ലതയും മത്സരിച്ച്
പാടുന്നുണ്ടാകും.
വാക്കനൽ