രചന : ബാബുരാജ് ✍
(ഒന്ന്)
അന്ന് അങ്ങനെയായിരുന്നു.
കടലിൻ്റെ ഇരുകരകളിലിരുന്ന-
വരുടെ ചിന്തകളിൽ അലകൾ
കേറി മേഞ്ഞിരുന്നു!
കരയുന്നുണ്ടെന്നാണോ?
കണ്ണുകളിൽ കാർ മേഘം
പെയ്യുന്നത് എന്നെ കുറിച്ചായിരിക്കില്ല!
പുഞ്ചിരിയുടെ ഉച്ചവെയിലിൽ
ഉപ്പൊട്ടിയ എൻ്റെ മുഖം
നിന്നിലേക്ക് അടുത്തുകൂടെന്നാണോ?
പക്ഷെ എൻ്റെ മുന്തിരി തോട്ടത്തിലെ
തണൽ ഈ കടലുകളെ മൂടിയേക്കും!
അപ്പോൾ മനസ്സെഴുത്തിൻ്റെ
പേനയുമായി നീയടുത്തുണ്ടാവുമോ?
(രണ്ട്)
ദുരിതങ്ങളുടെ കവിതകളല്ല!
ജീവതാളത്തിൻ്റെ പ്രണയകവിത –
യാകണം.
ഇത് അനുരാഗത്തിൻ്റെ
ജീവാന്തരകാലങ്ങൾ!
ആർദ്രതകളുടെ തണുവുകൊണ്ട്
നീയെൻ്റെ മഞ്ഞിൽ പെയ്തി_
റങ്ങുന്നതെപ്പോഴാണ്?
അങ്ങു ദൂരെ മണലാരണ്യങ്ങളിൽ
പക്ഷികൾക്കു ചേക്കേറാൻ
നീയിനിയുമെഴുതണം!
അന്ന് അങ്ങനെയായിരുന്നു!
ഇന്നോ?
കവിതയുടെ വസന്തകാലം
പടിയിറങ്ങിയിരിക്കുന്നു!
(മൂന്ന്)
കൊഴിഞ്ഞ പൂക്കളാണധികവും.
മണമില്ലാത്തവക്ക് എന്തു
ഗുണമാണുള്ളത്!
നരവീണ കാഴ്ച്ചകൾ കൊണ്ടെൻ്റെ
കവിത മൂത്തു നരച്ചിരിക്കുന്നു!
വടി കുത്തി കൂനു പിടിച്ച കവിത!
ഇന്നിങ്ങനെയാണ്!
ക്ഷതമേൽക്കാത്ത പ്രണയം
വെറുതെയാണ്.
അതു മുള്ളു കൊണ്ട് മുറിയണം.
വെയിലു കൊണ്ട് വാടണം.
തീയുകൊണ്ട് പൊള്ളണം.
(നാല്)
കണ്ണുകളിൽ ഉഷ്ണത്തിൻ്റെ പാട
കെട്ടുമ്പോൾ മുകളിൽ പറന്നു
പോകുന്ന യന്ത്രങ്ങളെ കാണുന്നില്ലാ.
മുരൾച്ചകൾ മാത്രമുള്ള ആകാശം.
ഇരമ്പി പായുന്ന വിമാനത്തിൽ
നിന്ന് നീയെന്നാണ് എൻ്റെ ശവതാള-
ത്തിലേക്കു വരിക?
അന്ന്…… ഇന്ന് ‘………….
ഇവക്കിടയിലുള്ള ദൂരങ്ങൾ
ഒന്നളന്നു നോക്കൂ?
അവിടെ ജീവിതങ്ങളുടെ
കണ്ണു നനഞ്ഞ ച്ഛായാചിതങ്ങളുണ്ട്!
ഒരുപാടൊരുപാട് !!!