രചന : ജയരാജ് മറവൂർ✍

പെയ്യുന്നതിനിടെ മഴ പറയുന്നതുപോലെ തോന്നി. എനിക്കു ഇഷ്ടമാകുവാൻ തോന്നുന്നു നിന്റെ കവിള്‍ത്തടങ്ങളിലൂടെ മാനസനദീമുഖത്തേക്ക് ഒഴുകുവാന്‍ തോന്നുന്നു.പൂര്‍വ്വപ്രണയത്തിന്റെ നൂലിഴകളായ് നിന്റെ മനസ്സിലേക്ക് പെയ്തിറങ്ങണം.പക്ഷേ ഒരുകാലത്ത് മഴ പ്രണയത്തിന്റെ അടയാളമായിരുന്നു.ഈ നരച്ച പ്രായത്തില്‍ പെയ്യുമ്പോള്‍ നീ അനാഥയായതു പോലെ.ഏതോ അനാഥമായ ഋതുകാലത്തിലാണ് നാം പരസ്പരം തണുപ്പിന്റെ ഇതളുകള്‍ ചേര്‍ത്തു പിടിച്ചിരുന്നത്.

കാഞ്ചന നിലാവിന്റെ കതിര്‍സ്പര്‍ശത്തില്‍ മഴ അന്നു സുന്ദരിയായിരുന്നു.ഓര്‍മ്മകളുടെ നഗ്നസൗന്ദര്യമായിരുന്നു അന്നു മഴയ്ക്ക്.കൊതിച്ചു പോകുമ്പോള്‍ പെയ്യാതിരിക്കുന്ന കുസൃതിയാണ് എനിക്കിന്നു മഴ .കൊഴിഞ്ഞു പോകുന്നദലങ്ങള്‍ക്ക് അവസാന ചുംബനമായിരുന്നു മഴയുടെ ചുണ്ടുകളുടെ സാന്ദ്രത.വഴി വിജനമാകുന്നപകലിന്റെ നെരിപ്പോട്.ഓര്‍മ്മകളുടെ തിരക്കു പിടിച്ച മൗനം.ഒഴിവില്ലാത്ത യാത്രയിലായിരുന്നു ഞാന്‍.പറയുവാന്‍ ഒരുപാട് കരുതിയിരുന്നാലും ഒന്നും ഓര്‍ക്കുവാനാകുന്നില്ല.എങ്കിലും നിറച്ചു വച്ച നിലാവിന്റെ കുടം നമ്മള്‍ കമഴ്ത്തിയ ചില നിമിഷങ്ങളുണ്ട്.വായിക്കുവാനാകാത്ത നിമിഷങ്ങള്‍.

ജോണ്‍ എന്ന ഞാൻ ജീവിതത്തിന്റെ കണ്ണീരിലാഴ്ന്ന പൂര്‍വ്വചരിതങ്ങളുടെ ദൃക്സാക്ഷിയാണ്.എത്രയോകാലം മറന്നിരുന്നാലും ഇഞ്ചിവിത്തു പോലെ നമ്മള്‍ ഉപേക്ഷിച്ച കാലത്തിന്റെ അടയാളം അടുത്ത മഴക്കാലത്ത് പൊട്ടിമുളയ്ക്കാതിരിക്കില്ല.ഏതോ വിളിയ്ക്കു വേണ്ടി കാത്തിരുന്ന ദിനാന്ത്യങ്ങള്‍.ദിക്കുകളുടെ മൗനത്തില്‍ ഭ്രാന്തു പിടിച്ച മാനസം.വൈദ്യുതസ്പന്ദനങ്ങളായ് പോലും നിന്റെ സാമീപ്യം എത്താതിരുന്ന കനത്ത സന്ധ്യയായിരുന്നു അത്.

ആകാശങ്ങളില്‍ കന്യാമേഘങ്ങള്‍ ഘനീഭവിച്ചിരുന്നു.പെയ്ത്തു തുടങ്ങുന്നതിനുമുമ്പുളള മനോഹരമായ ഇടവേള.പെയ്തു തുടങ്ങുന്നതിനു മുന്‍പുള്ള ആകാശം കാണുവാന്‍ നല്ല ഭംഗിയാണ്.മനസ്സിന്റെ പ്രതീക്ഷകളുടെ അടയാളമാണ് കരിമേഘങ്ങളെ ഗര്‍ഭം ധരിച്ച ആകാശം.കാറിലേക്കു കയറുമ്പോള്‍ ഗ്ളാസ്സുകള്‍ താ ഴ്ത്തിയിട്ടു.തണുപ്പു കാറ്റുണ്ടാവണം.ജീവിതം ഒരു കടലാസു തോണിയാണ്.ഒരുപക്ഷേ ഒരു മഴയേയും അതിജീവിക്കാന്‍ അതിനു കഴിയില്ല.ദൈവത്തെ ഞാന്‍ കണ്ടിട്ടില്ല.അതാണ് ജോണ്‍ എന്ന ഞാന്‍.ഓര്‍മ്മകളുടെ പെയ്ത്താണ് തടുക്കുവാനാത്ത പ്രവാഹം.കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മഴ ശക്തമായി തുടങ്ങി.

പെട്ടെന്ന് ഇടിമിന്നലിന്റെ വെളിച്ചം.അതില്‍ അവളുടെ മുഖം ജോണ്‍ വ്യക്തമായി കണ്ടു.മെര്‍ലിന്‍….അര്‍ദ്ധ വൃത്തത്തിലെ പരാബൊള പോലെ മനോഹരമായ മുഖഭംഗി…..ലാബില്‍ സിങ്ക് എന്ന ലോഹത്തിലേക്ക് ഹൈഡ്രോക്ളോറിക്ക് ആസിഡ് ഒഴിച്ചപ്പോള്‍ പതഞ്ഞു പോന്തിയ ഹൈഡ്രജന്‍ തിരമാലകള്‍ നോക്കി അവള്‍ പറഞ്ഞു.
“ഹൈഡ്രജനാണ് പ്രണയത്തിന്റെ വാതകം….അത് നിറച്ച നീലബലൂണുകളില്‍ പിടിച്ച് നമുക്ക് പ്രണയത്തിന്റെ ആകാശഗംഗകളിലെക്ക് പറന്നു പോകാം “
കാഴ്ചകളുടെ ചടുലമായ രേഖീയ സഞ്ചാരം.അക്ഷാംശ രേഖാംശങ്ങളില്ലാത്ത പ്രണയം. മെര്‍ലിന്‍….ഓര്‍മ്മകള്‍ക്ക് ഇരുപത് വയസ്സ്.വേനല്‍മഴ ശക്തമായി തുടങ്ങി.മഴയില്‍ അവളുടെ മുഖം ഗ്ളാസ്സിലെ അടയാളങ്ങളായി മായുന്നു.മാഞ്ഞു പോയ അടയാളങ്ങള്‍ പുനര്‍ജനിക്കില്ല.ഒറ്റക്കാഴ്ചകൊണ്ട് അളക്കുവാനാകില്ല ഒരു വസന്തം.


അയാള്‍സ്വന്തം കയ്യിലേക്കു നോക്കി
നൈട്രിക്ക് ആസിഡില്‍ കോമ്പസ് മുക്കി അവള്‍ വരച്ച പ്രണയത്തിന്റെ അടയാളം.
ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷവും മായാത്ത ഓര്‍മ്മ.
കാറിലിരുന്ന് മഴയിലേക്ക് അയാള്‍ കൈകള്‍ നീട്ടി
കയ്യിലെ അടയാളം നനഞ്ഞു കൊണ്ടേയിരുന്നു.
എങ്കിലും എന്നായാലും നമ്മള്‍ കണ്ടുമുട്ടും….എനിക്ക് നിന്നെയും നിനക്ക് എന്നെയും അത്ര എളുപ്പം മറക്കുവാനാകില്ലല്ലൊ……..

ജയരാജ് മറവൂർ

By ivayana