രചന : മോഹൻദാസ് എവർഷൈൻ ✍
ആരോരും കാണാതെ
കൈവിട്ട സ്വപ്‌നങ്ങൾ,
എവിടെ തിരഞ്ഞൊന്ന് നോക്കിടേണം..
നെഞ്ചിലെരിയുന്ന
കനലിൽ തിരഞ്ഞൊന്ന്
നോക്കിടേണം.
കനകമായിന്നും തിളങ്ങുമാകനവുകൾ
കരളിന്റെയുള്ളിലെ ഇരുളകറ്റും.
താംബൂലം തിരയുന്ന
മുത്തശ്ശിയിപ്പോഴും
കോലായിലാരെയോ
കാത്തിരിപ്പൂ.
ചൊല്ലാൻ മറന്നൊരാ
പതിരില്ലാ പഴഞ്ചൊല്ല് കേൾക്കുവാനാർക്കുമെ നേരമില്ല.
കിളിമരം പട്ടൊരു മുറ്റത്ത്,
പടരുവാൻ കഴിയാതെ
മുല്ലയും പൂക്കാൻ മറന്നുപോയി.
നന്മതൻ നറുമലരുകൾ
വാടിക്കരിഞ്ഞിട്ടും
ഓർമ്മയിൽ സൗരഭ്യം മാഞ്ഞതില്ല.
വിശക്കുന്നതപരാധമായൊരു
തെരുവിന്റെ ഓരത്ത് ഒട്ടിയ
വയറുമായി അന്നം തിരയുകിൽ
ദാനധർമ്മം മറന്നവർ കല്ലെറിയും.
സത്യം പറയുവാൻ നാവുകളുയരില്ല
കപ്പം കൊടുത്താരോ
കുപ്പയിൽ തള്ളിയല്ലോ!.
മണ്ണിന്റെ മക്കളെ ,
കാടിന്റെമക്കളെ
നിങ്ങളിന്നാരോരുമില്ലാത്ത
മക്കളായോ?.
കാണിക്കയെണ്ണി മോക്ഷം
കൊടുക്കുകിൽ,
അഷ്ടിക്കന്നം
തിരയുന്നവനെന്തു കിട്ടും?
ഉത്തരം ചൊല്ലുവാനിത്തിരി
കഷ്ടമെന്നാകിലും,
കാലമെ ചൊല്ലാതെ
നീ പോയിടല്ലേ.
ചോരൻ മൃഷ്ടാന്നമുണ്ടിങ്ങ് മയങ്ങവെ
കോരന്റെ കുമ്പിളിൽ കഞ്ഞിയില്ല,
കണ്ണിലോ കനവിൻ തിളക്കമില്ല.
മദഗജംപോലെ ഗമിക്കുന്ന
മർത്ത്യനെ തളക്കുവാൻ
മതമൊരു ചങ്ങല
തീർത്തിടുമ്പോൾ,
അടിമയായ് തീരുക,
അവസാന നിമിഷം വരെയും
കാലിലെ ചങ്ങല മാറ്റരുതെ, നിങ്ങൾ
പകലിൻ വെളിച്ചവും കാണരുതെ.