രചന : എസ്.എൻ.പുരം സുനിൽ ✍
കൗമാര കൗതുകമേറി രമിച്ചൊരെൻ
കമനീയകാലത്തു പാഠശാലേ
കൂടെ പഠിച്ചവളെയ്യുന്ന കണ്മുന
കരളിലെ പീലിയായി ചേർത്തുവയ്ക്കേ,
മാരിവിൽച്ചാരുതയേറും മനസ്സിലെ
മാധുര്യമെല്ലാമുറവ പൊട്ടി
അരുവിയാ, യുറവക്രമങ്ങൾ ത്രസിക്കയാൽ
വിരജിത പ്രണയത്തിൻ പാൽക്കടലായി.
നവനീത ചേതനാ നനവാർന്ന പുലരിയിൽ
പവനൻ തലോടുന്ന നേരമിങ്കൽ
അറിയാതെ കണ്ണടഞ്ഞകതാരിൽ തൂവിയോ
പ്രിയതോഴി തൻ പ്രേമശ്വാസഗന്ധം..?
കൺതുറന്നേതൊന്നു കാണുന്നുവെങ്കിലും
കണ്ണിന്നു പീയൂഷധാരയാകും
കല്പിതസ്വപ്ന വസന്താവൃതങ്ങളിൽ
കമനീയ കാവ്യം വിരുന്നു വന്നൂ.
പ്രിയതോഴിക്കേകുവാനായവയൊക്കെയും
പ്രിയതൂലികത്തുമ്പിൽ ചാഞ്ഞുലഞ്ഞൂ.
പ്രിയതമാമാഖ്യാനപ്പവിഴങ്ങളൊക്കെയും
പ്രണയക്കവിതയായി പൂത്തുലഞ്ഞൂ.
കുറിമാനപ്പുസ്തകത്താളിലിടം പറ്റി
കമനീയ കവിത മയങ്ങിടുമ്പോൾ
കണ്ടെടുത്തത്ഭുതസ്തബ്ധയായെന്നമ്മ
കൗമാര നൈപുണ്യം തൊട്ടറിഞ്ഞൂ.
” അറിയുന്നു ഞാനെൻ മകനേ നിനക്കുള്ളി –
ലുറയുന്ന സർഗ്ഗാത്മചേതനയെ.
അറിവാർന്നു വിളയുന്ന നിറമാർന്ന കാവ്യങ്ങൾ
നിറയണം പുസ്തകത്താളുകളിൽ”.
കാവ്യചമത്ക്കാര വേദിയിലാദ്യത്തെ
സ്നേഹപുരസ്ക്കാരമോടിയെത്തി.
ആശ്ലേഷപൂരിതമെൻ കവിൾപ്പൂവതി –
ലേകിയ മുത്തങ്ങളെത്ര ധന്യം…?!
പാതിരാപ്പുള്ളു ചിലക്കുന്ന നേരത്തും
മേശവിളക്കിനു കീഴിലായി
കാവ്യം പുണരുന്ന പൊൻമകനായെത്ര
ആവി പറക്കുന്ന കാപ്പിയെത്തി..?
പിന്നെ വരികളെ വായിച്ചും പാടിയും
എന്നോമൽ സ്വപ്നത്തിനൊപ്പമെത്തി
പൊന്നൊളി വീശിയെൻ തൂലികത്തുമ്പതിൽ
മിന്നാമിനുങ്ങായി പാറ്റി വീഴ്ത്തി.
സർഗ്ഗസ്വർഗ്ഗത്തിലെ വായനാച്ചന്തമായി
സർഗൈകചിത്തം തുളുമ്പിനിന്നെൻ
പൊന്നെഴുത്താണിക്കു പുന്നാരമോതിയ
പൊന്നമ്മയെത്രയോ ഭാവദീപ്തം..?!.
ഒക്കെയുമോർമ്മയായി മാറ്റിപ്പിരിഞ്ഞ നിൻ
ഒക്കത്തൊരിക്കൽ ഞാൻ വീണ്ടുമെത്തും.
അത്രനാൾ മാത്രം മിനുങ്ങായിട്ടെത്തണം
ഇത്രയും പൊള്ളുമെൻ ചാരെയെന്നും..!