രചന : ഹാരിസ് ഖാൻ ✍
രാവിലെ ഉണരുന്നു, പല്ല് തേക്കുന്നു,
ഓഞ്ഞ മുഖം കണ്ണാടിയിൽ കാണുന്നു, ബുൾഗാൻ താടി കറക്ട് ചെയ്യുന്നു, നരച്ച രണ്ട് രോമങ്ങൾ പിഴുത് കളയുന്നു, പുട്ടും കടലയും തിന്നുന്നു, പതിനൊന്നിന് ബീഫും പൊറാട്ടെയും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു, ഉച്ചക്ക് ചോറും സാമ്പാറും അയല പൊരിച്ചതും കഴിക്കുന്നു, വൈകുന്നേരം ചായയും ബോണ്ടയും കഴിക്കുന്നു, ബീവറേജിൽ ക്യൂ നിൽക്കുന്നു, സന്ധ്യയാവുന്നു ടിവി തുറക്കുന്നു, പെട്രോൾ വില കൂടുന്നു, പ്രധാനമന്ത്രി പാട്ടകൊട്ടാൻ പറയുന്നു, മുഖ്യൻ കിറ്റ് ഓഫർ ചെയ്യുന്നു, ചെക്കുട്ടിയും, ജയശങ്കരൻ വക്കീലും, ശ്രീജിത്ത് പണിക്കരും, പിണറായി രാജിവെക്കണം എന്ന് പറയുന്നു, വിനു വി ജോൺ അത് ശരിവെക്കുന്നു, സ്വപ്ന ഹോണറബ്ൾ ചീഫ് മിനിസ്റ്ററെ കുറിച്ച് ഗുരുതരാരോപണം ഉന്നയിക്കുന്നു, യൂത്തൻമാർ അടിവാങ്ങി കൂട്ടുന്നു, വേറൊരു പറ്റം യൂത്തൻസ് മനുഷ്യചങ്ങലയുടെ പോസ്റ്ററെഴുതുന്നു, സരിത ആരോ പീഢിപ്പിച്ചെന്ന് പറയുന്നു, പീ സി ജോർജ് ആരുടേയോ തന്തക്ക് വിളിക്കുന്നു, മാപ്രകൾ മൈക്കുമായി ഇവർക്ക് ചുറ്റും നെട്ടോട്ടമോടുന്നു, പാലക്കാട് പീഢനമേറ്റ് കുഞ്ഞിൻെറ മരണം, ഞാൻ ടി വി ഓഫ് ചെയ്യുന്നു, ചപ്പാത്തിയും ഗ്രീൻ പീസ്കറിയും കഴിക്കുന്നു, ഉറങ്ങുന്നു ..
രാവിലെയാവുന്നു, പല്ല് തേക്കുന്നു, അതേ ഓഞ്ഞ മുഖം കണ്ണാടിയിൽ കാണുന്നു, താടി വടിക്കുന്നു, അത് ചിന്തയിലോ പ്രവർത്തിയിലോ ഒരുമാറ്റവും കൊണ്ട് വരുന്നില്ല എന്ന് തിരിച്ചറിയുന്നു, പത്തിരിയും ചിക്കൻകറിയും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു, കപ്പയും മീൻകറിയും കഴിക്കുന്നു, ചോറും പടവലങ്ങാ കറിയും മത്തി പൊരിച്ചതും കഴിക്കുന്നു, ചായയും സവാളവടയും കഴിക്കുന്നു,
ബീവറേജിൽ ക്യൂ നിൽക്കുന്നു, ടിവി തുറക്കുന്നു, പാചകവാതക വില 50 രൂപ വർദ്ധിക്കുന്നു, പ്രധാനമന്ത്രി രാജ്യസ്നേഹത്തെ കുറിച്ചും അതിർത്തിയിലെ പട്ടാളക്കാരെ കുറിച്ച് സംസാരിക്കുന്നു, ആനവൈദ്യത്തെ കുറിച്ച് ചെക്കുട്ടിയേയും ശങ്കരൻ വക്കീലും പണിക്കരും ചർച്ചിക്കുന്നു മുഖ്യൻ രാജിവെച്ചേ ഒക്കൂന്ന് മൂന്നാളും പറയുന്നു, അവതാരകൻ അത് ശെരിവെക്കുന്നു, മുഖ്യൻ കിറ്റിലെ സാധനങ്ങളുടെ എണ്ണത്തെ കുറിച്ച് പറയുന്നു, ഓൺറബ്ൾ ചീഫ് മിനിസ്റ്ററെ കുറിച്ച് സ്വപ്ന ഗുരുതരാരോപണമുന്നയിക്കുന്നു, യൂത്തൻമാർ ജലപീരങ്കിയിൽ കുളിക്കുന്നു, മറ്റേയൂത്തൻമാർ മനുഷ്യമതിലിൻെറ പോസ്റ്ററെഴുതുന്നു, സരിത പീഢനം ഉന്നയിക്കുന്നു, പി സി ജോർജ്ജ് ആരുടേയോ തന്തക്ക് വിളിക്കുന്നു, മാപ്രകൾ ഉപഗ്രഹം പോലെ മൈക്കുമായി ഇവർക്ക് ചുറ്റും പ്രഥക്ഷിണം വെക്കുന്നു, മധു കൊലക്കേസ് സാക്ഷികൾ കൂട്ടമായി കൂറുമാറുന്നു, ടിവി ഓഫ് ചെയ്യുന്നു, ഉറക്കം വരുന്നു, ഓട്സും ഓംലെറ്റും കഴിക്കുന്നു, ഉറങ്ങുന്നു…
രാവിലെയാവുന്നു, ബ്രഷ് ചെയ്യുന്നു , മീശ വടിക്കുന്നു , അതു കൊണ്ട് പ്രത്യേക മാറ്റമൊന്നും അനുഭവപ്പെടുന്നില്ലെന്നറിയുന്നു, വെള്ളേപ്പവും ചെറുപയറ് കറിയും അടിക്കുന്നു, പതിനൊന്ന് മണിക്ക് വീറ്റ് പൊറാട്ടെയും അയലക്കറിയും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു, ബിരിയാണിയും ലൈം ടീയും കഴിക്കുന്നു, ബീവറേജിൽ ക്യൂ നിൽക്കുന്നു, ചായയും മുട്ടബജിയും കഴിക്കുന്നു, ടിവിതുറക്കുന്നു പെട്രോൾ വില വീണ്ടും കൂടുന്നു, പ്രധാൻ മന്തി രാജ്യദ്രോഹികളെ വേഷം കണ്ടാൽ തിരിച്ചറിയാമെന്ന് പറയുന്നു, ചെക്കുട്ടിയും ശങ്കരൻ വക്കീലും പണിക്കരും ഉക്രൈൻ യുദ്ധത്തെ കുറിച്ച് ചർച്ചിക്കുന്നു ഉളുപ്പുണ്ടേൽ മുഖ്യൻ രാജി കൊടുക്കണമെന്ന് പറയുന്നു, അവതാരകൻ ശരിവെക്കുന്നു, മുഖ്യൻ കിറ്റ് ഓഫർ ചെയ്യുന്നു, സ്വപ്ന ഓണറബിൾ ചീഫ്മിനിസ്റ്ററെ കുറിച്ച് ഗുരുതരാരോപണം ഉന്നയിക്കുന്നു, യൂത്തൻമാർ ജലപീരങ്കിയിൽ പാറിപ്പോയ മുണ്ടന്വേഷിച്ച് നടക്കുന്നു, നാളെ അണ്ടർവയർ ഇട്ട് വരണമെന്നുറപ്പിക്കുന്നു, മറ്റേ യൂത്തർ മുഖ്യൻെറ ഫ്ലക്സുയർത്തുന്നു, സരിത പുതിയ പീഢനം ഉന്നയിക്കുന്നു, പീസി ആരുടേയോ തന്തക്ക് വിളിക്കുന്നു, മാപ്രകൾ മൈക്കുമായി നെട്ടോട്ടമോടുന്നു, ആലപ്പുഴയിൽ രാഷ്ട്രീയ കൊല, ടിവി ഓഫ് ചെയ്യുന്നു, ഞാൻ കഞ്ഞിയും അച്ചാറും നക്കുന്നു, ഉറങ്ങുന്നു…
രാവിലെയാവുന്നു, ബ്രഷ് ചെയ്യുന്നു,
ബുൾഗാൻ വീണ്ടും സെറ്റ് ചെയ്യുന്നു,
നൂൽപ്പുട്ടും തേങ്ങാപ്പാലും കഴിക്കുന്നു, പൊറാട്ടയും മട്ടനും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു, കുഴിമന്തിയും പെപ്പ്സിയും കഴിക്കുന്നു, ബീവറേജിൽ ക്യൂ നിൽക്കുന്നു ചായയും ഉണ്ടംപൊരിയും കഴിക്കുന്നു, ടിവിയിൽ അരിക്കും ഗോതമ്പിനും ജി എസ് ടി പ്രഖ്യാപിക്കുന്നു, പ്രധാനമന്ത്രി വീടുകളിൽ ദേശീയ പതാക ഉയർത്താൻ ആവശ്യപ്പെടുന്നു, ചെക്കുട്ടിയും വക്കീലും പണിക്കരും റോക്കറ്റ് സയൻസിനെ കുറിച്ച് സംസാരിക്കുന്നു, പിണറായി നിർബന്ധമായും രാജിവച്ചെ ഒക്കുവെന്ന് ഊന്നി ഊന്നി പറയുന്നു, അവതാരകൻ ശരിവെക്കുന്നു, മുഖ്യൻ കിറ്റ് വാഗ്ദാനം ചെയ്യുന്നു, ഓണറബ്ൾ ചീഫ് മിനിസ്റ്റർ ഷാർജ ഷേക്കിന് കൈക്കൂലി കൊടുത്തതായി സ്വപ്നാ സുരേഷ് ഗുതരാരോപണം ഉന്നയിക്കുന്നു, യൂത്തൻമാർ തലയിൽ കൈവെക്കുന്നു, ചന്തി തടവുന്നു, മറ്റേ യൂത്തർ കേരളമുണ്ടാക്കിയ കാരണഭൂതൻെറ കട്ടൗട്ട് ഉയർത്തുന്നു, സരിത പുതിയ പീഢനം പ്രഖ്യാപിക്കുന്നു, പീ സി ജോർജ്ജിൻെറ ഭാര്യ ആരുടേയോ തന്തക്ക് വിളിക്കുന്നു, മാപ്രകൾ മൈക്കുമായി ഓടിത്തളരുന്നു, അട്ടപ്പാടിയിൽ പട്ടിണി മരണം, ടിവി ഓഫ് ചെയ്യുന്നു, കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു, ഉറക്കം വരുന്നില്ല, നെറ്റ്ഫ്ലിക്സ് തുറക്കുന്നു, കടുവ കാണുന്നു, സൂപ്പർസ്റ്റാർ മീശ പിരിക്കുന്നു കാല് കാണിക്കുന്നു, ജുബ്ബക്ക് മുകളിൽ മുണ്ട് മാടി കുത്തുന്നു, പോലീസിനെ അടിക്കുന്നു, ജയിലിനകത്ത് ഗുണ്ടകളെ നെരിപ്പട്ടം അടിക്കുന്നു, മീശ പിരിക്കുന്നു, വീണ്ടും അടിക്കുന്നു, ജുബ്ബക്ക് മുകളിൽ മുണ്ട് മാടി കുത്തുന്നു, മീശ പിരിക്കുന്നു, അടിക്കുന്നു…
ഹോ എന്തൊരു ബോറൻ ജീവിതം..
എന്തൊരു ആവർത്തനം, രാവിലെയാവുന്നു രാത്രിയാവുന്നു. തിന്നുന്നു ഉറങ്ങുന്നു. മടുക്കുന്നു, ചാവാൻ തോന്നുന്നു, ധൈര്യം വരുന്നില്ല…
ദൈവമേ, നിനക്കെങ്കിലും വെറൈറ്റിക്ക് ഈ ഭൂമിയൊന്ന് പിടിച്ച് കുലുക്കികൂടേ…?
നിങ്ങളില്ലാതെ ഒറ്റക്ക് പോവാൻ നല്ല ദണ്ണമുണ്ടന്നേയ്….