രചന : ദത്താത്രേയ ദത്തു✍

ഇന്നലെ ഉച്ചയ്ക്കും
ഞാൻ നടന്ന മുറ്റത്ത്
ആരാണീ
പന്തലു കെട്ടിയത്….?
എന്റെ ഭ്രാന്തിന്റെ
തെച്ചിക്കും പാരിജാതത്തിനും
ആരാണീ
കറുപ്പ് ചാർത്തിയത്….?
ഞാൻ ഓടി ഒതുക്കി
വഴിയൊരുക്കിയ വീട്ടിലേക്ക്
ആരുടെയൊക്കെ
പാദങ്ങളാണ്
അടയാളമിടുന്നത്….?
ഉമ്മറത്തെ പടിയിൽ
ഞാൻ വച്ചിട്ടുപോയ
ചായക്കോപ്പയിൽ
ഉറുമ്പ്
വീടൊരുക്കിയിരിക്കുന്നു…
ഞാൻ ശബ്ദം കൊണ്ട് നിറച്ച
എന്റെ വീട്ടിന്
ഇത്രയ്ക്കു മൗനം
നൽകിയതാര്….
എന്റെ ഗന്ധം നിറഞ്ഞ വീടിന്
ആരാണീ
ചന്ദനത്തിരി കുത്തിവച്ചത്…..
ഒരിക്കൽ പോലും
എന്റെയടുത്ത്
തിരക്കൊഴിഞ്ഞ്
ഇരിക്കാത്ത മനുഷ്യനാണല്ലോ
എല്ലുന്തിനിൽക്കുന്നെന്നു
പറഞ്ഞ
എന്റെ ഫോട്ടോക്കു മുന്നിൽ
നിസ്സഹായനായി
നോക്കിയിരിക്കുന്നത്….
ഇസ്തിരി ഇടാത്ത കുപ്പായം
എന്റെ മുഖത്തേക്കെറിഞ്ഞ
മകൻ
ചടഞ്ഞുകൂടിയ കുപ്പായത്തിൽ
വിയർത്തിരിക്കുന്നല്ലോ..
തോർത്താൻ ഒരു
തുണിപോലും
കാണുന്നില്ലല്ലോ….
തലവേദനിച്ചു ഒരു കട്ടൻ
കൊതിച്ചപ്പോൾ
ഇടാൻ അറിയാത്ത
എന്റെ മകളാണല്ലോ
ഇവർക്കൊക്കെയും
കട്ടൻ വിളമ്പുന്നത്…
മോളുടെ കൈ
പൊള്ളിയിട്ടുണ്ടാകുമോ..
കാപ്പിക്ക്
ഇഡ്ഡലിക്കൊപ്പം
സാമ്പാർ
കഴിക്കാത്ത
കുഞ്ഞുമകൻ
വിശന്നിട്ടാകാം
അത് കഴിക്കുന്നുണ്ട്….
ഞാൻ എന്നും
വന്നിരിക്കാറുള്ള
മാവിൻചോട്ടിൽ തന്നെ
അവരെനിക്ക് കൂടൊരുക്കുന്നു….
ഇനി ഇത്തിരി കിടന്നാൽ
ആർക്കും
പഴി പറയാനാകില്ല .
ഞാൻ ഇല്ലാത്തിടങ്ങൾ…
മാറ്റമുണ്ട്,
എന്റെ മനുഷ്യർക്കും,
വീട്ടിനും……..

വാക്കനൽ

By ivayana