രചന : ജോബിഷ് കുമാർ ✍
നഷ്ടങ്ങളുടേയും
ഒറ്റപ്പെടലുകളുടേയും
നീറ്റലുകൾ
വാരി നിറച്ച ഖജനാവുകൾ
ഉള്ളിലൊളിപ്പിച്ചു
വച്ചവൻ്റെ വീടിനുള്ളിലേക്ക്
കടന്നു ചെല്ലണം നിങ്ങൾ
ഭൂമിയിലിന്നോളം
കണ്ടിട്ടില്ലാത്തയത്ര
തെളിവാർന്ന പുഞ്ചിരി നൽകി
നിങ്ങളെയവൻ സ്വികരിച്ച്
അകത്തേയ്ക്കാനയിക്കും
അവന് പിന്നാലെ
നടക്കുമ്പോൾ
അവൻ്റെ ഹൃദയത്തിൻ്റെ ചുവരുകളിലേയ്ക്ക്
നിങ്ങൾ തുറിച്ച്
നോക്കരുത്
അവിടെയെല്ലാം
അവനൊരുപാട് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
ചെയ്തിട്ടും തെറ്റിപ്പോയ
ജീവിതത്തിൻ്റെ കണക്കുകൾ
നിങ്ങളെ വിഷമിപ്പിച്ചേക്കാം
അവിടെ കാണുന്ന എറ്റവും മനോഹരമായ
കസേരകളിലൊന്നിൽ
നിങ്ങളിരിക്കുക
നിങ്ങൾ വരുമെന്ന്
ഉറപ്പുള്ളതുകൊണ്ട് മാത്രം
അവൻ നിങ്ങൾക്കിരിക്കുവാൻ മാറ്റിയിട്ടതാണത്
ഒരു പക്ഷേ
നിങ്ങൾക്കവൻ
നിങ്ങളെ ലഹരിയുടെയേറ്റവും
ഉന്മാദത്തിലെത്തിക്കുവാൻ
കഴിയുന്ന മദ്യം നൽകി
സൽക്കരിച്ചേക്കും
നിങ്ങളത് ആസ്വദിച്ച് കഴിക്കുക
നിങ്ങളത് നുകരുന്നതും
നോക്കി അവനിരുന്നാലും
നിങ്ങളവനെ ശ്രദ്ധിക്കരുത്
നോക്കിയാൽ
അവൻ്റെ കണ്ണുകൾ അടഞ്ഞു പോകുന്നത് കാണുമ്പോൾ
നിങ്ങളൊരു പക്ഷേ
അത് തിരിച്ചറിഞ്ഞു പോകും
അവൻ്റെയവസാന തുള്ളി
രക്തവും ഊറ്റിയെടുത്താണവൻ
ആ മദ്യം വാറ്റിയതെന്ന്
നിങ്ങളതൊരിക്കലും
തിരിച്ചറിയുന്നത് അവനിഷ്ടമല്ല
തിരിച്ചിറങ്ങി പോരുമ്പോൾ
ചിലപ്പോഴെങ്കിലും…..
സാധിക്കുമെങ്കിൽ….
നിങ്ങളൊന്ന്
ഓർക്കുക അവൻ്റെ
കണക്കുകൾ
എവിടെയാണ് പിഴച്ചതെന്ന്
എന്നിട്ടൊരു വട്ടമൊന്ന്
തിരിഞ്ഞു നോക്കണം
അവൻ്റെ ഹൃദയത്തിലേയ്ക്ക്
നിങ്ങളിനിയും
അവനെ തേടി
വരുമെന്നൊരു പ്രതീക്ഷയുടെ
തിളക്കം കാണാം
നിങ്ങൾക്കവിടെ
അവൻ്റെയാ തളർച്ചയിലും.