രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍
എൻറെ “The Peaceful Pacific” എന്ന കവിതക്ക് ഒരു ഭാഷാന്തരശ്രമം:
അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തൂടെ
ആയിരത്തിലേറെ മൈൽ ഒരു റോഡുയാത്ര –
സിയാറ്റിലിൽനിന്നും സാൻ ഫ്രാൻസിസ്കോവരെ,
സെക്വിം, ഓഷൻഷോർ, സീസൈഡിലൂടെ തുടങ്ങി –
വലത്തുവശത്തുടനീളം ഇരമ്പും ശാന്തമഹാസമുദ്രം.
വഴിനീളേ സുനാമി ജാഗ്രതാനിർദ്ദേശങ്ങൾ,
ഒരൽപ്പവിലസാധനക്കടയ്ക്കുമുന്നിൽ
സുനാമിയൊഴിപ്പിക്കൽവഴിയുടെ സൂചന,
എന്നാൽ ഒരൈസ്ക്രീം പരസ്യത്തിൽ
സുനാമിപോലത്തെ ആസ്വാദനമഹാനന്ദവാഗ്ദാനം!
വിരോധാഭാസം!
ബീച്ചുകളിൽ ജനം തിക്കിത്തിരക്കി
ആഹ്ളാദത്തിൽ തിമർത്താടി.
ഒരു ഭീമൻ തിരമാലക്ക് അവരുടെ
ആനന്ദക്കണക്കുപുസ്തകത്തിലെന്തു സ്ഥാനം?
ഓഷൻഷോറിൽ, ഒരു യുവമിഥുനം ഗാഢാശ്ലേഷത്തിൽ,
തേങ്ങിത്തേങ്ങിക്കരയുന്നൂ യുവതി
പുരുഷൻറെ തോളിൽ മുഖമമർത്തി –
ഒരു വ്യക്തിഗതസുനാമിയുടെ വെള്ളപ്പൊക്കം
മുറിവേറ്റ രണ്ടു ഹൃദയങ്ങളെ തകർക്കുമ്പോൾ,.
നിസ്സംഗം അരികത്ത് നോക്കിനിൽക്കുന്നൂ മഹാസമുദ്രം.
ടാപ്പിനടിയിൽ കഴുകാൻവെച്ചിരിക്കുന്ന
കോപ്പയുടെ വക്കിലെ അവശിഷ്ടങ്ങൾ
തിരക്കിട്ടോടി ആർത്തിയിൽ നക്കുന്ന
ഉറുമ്പിൻകൂട്ടമോ മനുഷ്യവർഗ്ഗം?
ഇല്ലാത്തതിന്ന് പിന്നാലെയോടിത്തളരുന്നവർ!
എല്ലാം സകൌതുകം വീക്ഷിച്ച് മേലെ മിണ്ടാടാപ്പ്!
ആരാലും ശ്രദ്ധിക്കപ്പെടാതെയതാ
ദൂരെ രണ്ടു വൻശക്തികൾ പരസ്പരം കണ്ണുരുട്ടുന്നു,
വെറും അനാവശ്യങ്ങളെച്ചോല്ലി,
അണ്വായുധവിസ്ഫോടനകാലാഗ്നിയുടെ
ആശങ്കകളുയർത്തി.
ശാന്തമഹാസമുദ്രം പേരുപോലെത്രയോ ശാന്തം!
മാനവനോ സ്വയംകൃതദൈവശാപം,
വിശ്വവിനാശകൻ മഹാകാലൻ!