രചന : അശോകൻ പുത്തൂർ ✍

നിനക്ക് പണയംവെച്ച്
അടവുകൾ തെറ്റിയ
എന്റെ പ്രണയത്തിന്റെ
ജപ്തിയായിരുന്നു ഇന്നലെ.
എനിക്കും ജീവിതത്തിനും
ഇടയിലിപ്പോൾ
ഒരു കുരുക്കിന്റെ മറ മാത്രം
അന്വേഷണം
ഇനി ആവശ്യമേ ഇല്ലെന്ന്
ഓർമ്മിപ്പിക്കാനെത്തും
നിന്റെ ആർത്തിയുടെ
അഞ്ചലോട്ടക്കാരന്
വീടിരിക്കുന്ന സ്ഥലത്ത്
നാളെയൊരു ചിത കാണാം
എന്റെ
ഹൃദയത്തിന്റെ സൂപ്പർ മാർക്കറ്റിൽ
ഷോപ്പിംങ്ങിനിറങ്ങും
നിന്റെ ഓർമ്മകളോട് പറഞ്ഞേക്കൂ
രണ്ട് അറകളിൽ
ഒന്നിൽ നാളെ ശവപ്പെട്ടിക്കടയും
മറ്റൊന്നിൽ
റീത്ത് വിൽപ്പനയുമായിരിക്കുമെന്ന്
സ്നേഹമേ……….
സാഗരങ്ങൾക്കും
അപ്സരസുകൾക്കുമിടയിൽ
നമ്മൾ പാതിവരച്ച
കിളികളുടെ വീട്
ഇനി ആരാണ് പൂരിപ്പിക്കുക…………

അശോകൻ പുത്തൂർ

By ivayana