രചന : ശ്രീകുമാർ എം പി✍️

പലവട്ടം കൊന്നകൾ മാലചാർത്തി
പിന്നെയും ഋതുക്കൾ കടന്നുപോയി
എന്നിട്ടും ചാരത്തു വന്നതില്ല
തേടിയ പൂക്കാലമണഞ്ഞതില്ല
കാക്കുന്ന നൻമകൾ കണ്ടതില്ല
കാവ്യപുഷ്പങ്ങൾ വിടർന്നതില്ല
മഞ്ഞണിനാളുകൾ കഴിഞ്ഞുപോയി
മല്ലികപ്പൂക്കൾ കൊഴിഞ്ഞുപോയി
മാരിവിൽ പലവട്ടം വന്നുപോയി
മാമക വസന്തമണഞ്ഞതില്ല
ചന്ദനത്തോണി തുഴഞ്ഞുവീണ്ടും
ചന്ദ്രനും പലവട്ടം കണ്ടകന്നു !
ചാരുചെന്താമരപ്പൂക്കൾ പോലെ
ചന്ദനം തൊട്ടെത്ര പുലരി വന്നു !
മാനസവീണയുറക്കമായൊ !
മധുനാദം പെയ്യും കുയിൽ പറന്നൊ !
മന്ദാരപ്പൂക്കൾ കൊഴിഞ്ഞുപോയൊ !
മലർവർണ്ണചിത്തം മൗനമായൊ.

ശ്രീകുമാർ എം പി

By ivayana