രചന : അബ്രാമിന്റെ പെണ്ണ് ✍️
ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ പോകാൻ മാധവൻ എത്ര വിളിച്ചിട്ടും ഗ്യാസിന്റെതായിരിയ്ക്കുമെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറി. മകൾ സാച്ചി മുറിയുടെ മൂലയിലിരുന്ന് എന്തൊക്കെയോ പെറുക്കി കവറിലിട്ട് വെക്കുന്നുണ്ട്.. ഇരുപത്തിയഞ്ച് വയസുണ്ടെങ്കിലും രണ്ടര വയസ്സിന്റെ ബുദ്ധിവളർച്ച മാത്രമുള്ള സാച്ചി മാധവന്റെയും ഭാരതിയുടെയും തീരാവേദനയാണ്..
ഇടയ്ക്കിടെ അക്രമാസക്തയാവുന്ന സാച്ചിയുണ്ടാക്കി വെയ്ക്കുന്ന തലവേദനകൾ ചില്ലറയല്ല.. സാച്ചിയെക്കൂടാതെ രാജീവെന്നൊരു മകൻ കൂടിയുണ്ട് മാധവന്. രാജീവിന്റെ ഭാര്യ വിജിയ്ക്ക് സാച്ചിയെയും സാച്ചിയ്ക്ക് വിജിയെയും കാണുന്നതേ ചതുർത്ഥിയാണ്.. സാച്ചിയോട് കാണിയ്ക്കുന്ന അനിഷ്ടം അതേ അളവിൽ മാധവനോടും വിജി കാണിയ്ക്കുന്നുണ്ട്.. സാച്ചിയുടെ പേരിൽ മാധവനും വിജിയും തമ്മിൽ വഴക്കിടാത്ത ദിവസങ്ങളില്ല.. വിജിയുടെ ഏറ്റവും വലിയ ശത്രു മാധവനാണ്.. അയാളെ തറപറ്റിയ്ക്കാൻ പഠിച്ച പണി പതിനെട്ടും വിജി പയറ്റുന്നുണ്ട്.
രാജീവനും ഭാര്യയ്ക്കും സാച്ചിയോടുള്ള വെറുപ്പ് കാരണം വീടിനു പുറത്തേയ്ക്ക് ചെറിയൊരു മുറി കെട്ടി മാധവനും ഭാരതിയും സാച്ചിയും അതിനുള്ളിലാണ് താമസം..
തലേന്ന് ഭാരതിയുടെ കൂട്ടുകാരി ലളിത കൊണ്ടുക്കൊടുത്ത കൂന്തൽ കഴിച്ചപ്പോൾ മുതൽ തുടങ്ങിയ നെഞ്ചുവേദനയാണ് ഭാരതിയ്ക്ക്.. കൂടാത്തതിന് കൈക്ക് പെരുപ്പും.. എത്ര വലിയ വേദന വന്നാലും ഒരിടത്തും കിടക്കാത്ത ഭാരതിയിങ്ങനെ കിടക്കുന്നത് മാധവനെ വല്ലാതെ ഭയപ്പെടുത്തി..
“നീയൊന്ന് എഴുന്നേൽക്ക് ഭാരതി. ഇതിങ്ങനെ വെച്ചോണ്ടിരിയ്ക്കണ്ട.. നമുക്ക് ആ കുറിയൻതോട്ടത്തെ സുജാത ഡോക്ടറെ പോയൊന്നു കാണാം. ഇപ്പൊ നീ ഈ വെള്ളം കുടിയ്ക്ക്.. വേദനയ്ക്ക് ആശ്വാസമുണ്ടാകും.. നീയിങ്ങനെ കിടക്കുന്നത് കണ്ടിട്ടെനിക്ക് സഹിക്കുന്നില്ല.. മനസ്സിൽ വല്ലാത്തൊരു ഭയം.. നീയൊന്ന് എഴുന്നേറ്റിരിയ്ക്ക്..
പറഞ്ഞു തീർന്നതും മാധവന്റെ സ്വരമിടറിപ്പോയി..അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവി.. .
മാധവൻ ഭാരതിയെ താങ്ങിയെഴുന്നേൽപ്പിച്ചിരുത്തി.. അവരുടെ ചുണ്ടിലേയ്ക്ക് ചൂട് കാപ്പിയുടെ ഗ്ലാസ് ചേർത്ത് പിടിച്ചു..കാപ്പി അല്പം കുടിച്ച ശേഷം ഭാരതി മുഖം തിരിച്ചു..
” മതി.. വേണ്ട. ഞാനൊന്ന് കിടക്കട്ടെ.. ഇന്നലെ ലളിത കൂന്തൽ വറ്റിച്ചത് കൊണ്ട് തന്നത് കഴിച്ചോണ്ടാവും ഗ്യാസ് കേറിയത്.. ഇത്തിരി നേരം കൂടി കിടന്നാൽ അതങ്ങ് മാറും.. അതിന് ആശുപത്രിയിൽ പോയി വെറുതെ കാശ് കളയുകയൊന്നും വേണ്ട.. നിങ്ങളിങ്ങനെ ആധി പിടിയ്ക്കാതെ..ഞാൻ പെട്ടെന്നൊന്നും ചാവില്ല.. നിങ്ങളെയും എന്റെ കുഞ്ഞിനേയും കളഞ്ഞിട്ട് ഞാനങ്ങനെ പോവോ.. നിങ്ങള് കരയുന്നത് എനിക്ക് സങ്കടമാ കേട്ടോ.. വെറുതെ ഓരോന്നോർത്ത് വിഷമിയ്ക്കാതെ. സമാധാനിയ്ക്ക്.. കുറവില്ലെങ്കിൽ നമുക്ക് നാളെ… ആ.. ആശുപ ..
പറഞ്ഞത് മുഴുമിപ്പിക്കാനാവാതെ ഭാരതി നെഞ്ചിൽ അമർത്തിപ്പിടിച്ചു..
അതികഠിനമായ വേദനയിൽ അവരുടെ മുഖം വലിഞ്ഞു മുറുകി.. വല്ലാത്തൊരു ശബ്ദത്തോടെ കുടിച്ച വെള്ളം ഭാരതി ഛർദിച്ചു.. മാധവന്റെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ട് ഭാരതി എന്തോ പറയാനാഞ്ഞു.. അവരുടെ കണ്ണുകൾ സാച്ചിയിൽ ചെന്നുടക്കി നിന്നു.. മാധവനും സാച്ചിയും പകച്ചു നിൽക്കുകയാണ്. പിന്നോട്ട് മറിഞ്ഞു പോയ ഭാരതിയെ മാധവൻ താങ്ങിയെടുത്തു. ഭാരതി മാധവന്റെ കൈക്കുള്ളിൽ കിടന്നൊന്ന് വെട്ടിപ്പിടഞ്ഞു.. മാധവന്റെ ദേഹത്ത് പിടിച്ചിരുന്ന അവരുടെ കൈകൾ ഒന്ന് മുറുകിയയഞ്ഞു താഴേയ്ക്കൂർന്നു വീണു..
സാച്ചിയുടെ നേരെ നീണ്ട ഭാരതിയുടെ വേദന നിറഞ്ഞ കണ്ണുകൾ പതിയെ അടഞ്ഞു..
” ഭാരതീ…
മാധവന്റെ ഒച്ച വിറച്ചു… കാണുന്നത് വിശ്വസിയ്ക്കാനാവാതെ അയാളവരുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കി.. ഭാരതി ഇനിയില്ലെന്ന തിരിച്ചറിവിൽ അയാളുടെയുള്ളിൽ കോടാനുകോടി ഇടിമിന്നലുകൾ ആഞ്ഞു പതിച്ചു..
” അമ്മാ…
സാച്ചി ഭാരതിയുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു.. മറുപടി കിട്ടാത്തത് കൊണ്ട് അവൾ മാധവന്റെ മുഖത്തേയ്ക്ക് നോക്കി..
നെഞ്ചു പൊട്ടിക്കീറി വന്നൊരു കരച്ചിൽ മാധവന്റെ ചുണ്ടിലുടക്കി പുറത്തേയ്ക്ക് പോകാനാവാതെ ഹൃദയം തകർത്തു വീണ്ടും ഉള്ളിലേയ്ക്ക് പോയി… ഭാരതിയെ നെഞ്ചോട് ചേർത്ത് നെറ്റിയിൽ ചുംബിച്ച മാധവന്റെ ചങ്കു പൊട്ടി വന്നൊരു കണ്ണുനീർത്തുള്ളി അവരുടെ മുഖത്ത് വീണു ചിതറി..
മുറ്റത്ത് നിന്ന മാവിന്റെ കടയ്ക്കൽ ആദ്യത്തെ വെട്ട് വീണപ്പോൾ മരത്തിൽ നിന്നും ഉറക്കെ കരഞ്ഞുകൊണ്ടൊരു കിളി അടുത്ത മരത്തിലേയ്ക്ക് പറന്നിരുന്നു.. കിടപ്പാടം നഷ്ടപ്പെടാൻ പോകുന്ന സങ്കടത്തിൽ അത് ഉറക്കെ ചിലച്ചുകൊണ്ടേയിരുന്നു.. മാവിന്റെ കടയ്ക്കലെ അവസാന വെട്ടും വെട്ടി ദിവാകരൻ കിതപ്പോടെ ദൂരേയ്ക്ക് മാറി. ചെവി പൊട്ടുമാറ് ഉച്ചത്തിലുള്ള ശബ്ദത്തോടെ മാവ് മുറ്റത്തേയ്ക്ക് പതിച്ചു..
വീട്ടു മുറ്റത്തേയ്ക് ആൾക്കാർ വന്നും പോയുമിരുന്നു.. മുറിയുടെ മൂലയിലൊരു കസേരയിലിരിയ്ക്കുകയാണ് മാധവൻ. ഇരിപ്പുറയ്ക്കാതെ അയാൾ ജനലരികിൽ വന്ന് പുറത്തേയ്ക്ക് എത്തി നോക്കി.. മുറ്റത്തു പന്തലിൽ ഭാരതിയെ കിടത്തിയിരിയ്ക്കുന്നു.. ഇന്നലെ വരെ യാതൊരു കുഴപ്പവുമില്ലാതെ ഓടി നടന്നവളാണ്. സുഖദുഃഖങ്ങളിൽ താങ്ങായി നിന്നവളാണ്.. പരാതിയോ പരിഭവമോ പറയാത്തവളാണ്.. മാധവന്റെ നെഞ്ച് വിങ്ങി..ഭാരതിയുടെ അടുത്ത് ചെന്ന് അവരുടെ മുഖത്തേയ്ക്ക് മുഖം ചേർത്ത് വെച്ച് ഒന്നുറക്കെ കരയാൻ അയാൾക്കുള്ളിലെ നിസ്സഹായനായിപ്പോയ മനുഷ്യൻ കൊതിച്ചു..
സാച്ചി എന്തൊക്കെയോ ചവച്ചുകൊണ്ട് ആൾക്കൂട്ടത്തിനിടയിൽ കൂടി ഓടി നടക്കുന്നുണ്ട്.. അവളുടെ ഓർമ്മയിൽ വീട്ടിൽ ഇത്രയും ആളുകളെ ഒരുമിച്ച് കണ്ടിട്ടില്ല.. അതിന്റെ ആഹ്ലാദത്തിമിർപ്പിലാണ്..
” മാധവേട്ടാ.. ഇങ്ങൾക്ക് ഭാരതിയേച്ചിയെ കാണണ്ടേ.. വന്ന് യാത്രയയ്ക്ക്..
ലളിതയുടെ ശബ്ദം കേട്ട് മാധവൻ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു.. അയാൾ പതുക്കെ പുറത്തേയ്ക്കിറങ്ങി.. ഭാരതിയ്ക്ക് സമീപമെത്തിയ മാധവൻ അവരുടെ മുഖത്ത് പതുക്കെ തലോടി.. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തിൽ നിന്നുയരുന്ന കരച്ചിലിനെ നെഞ്ചിലൊതുക്കി ഭാരതിയ്ക്ക് യാത്രാമൊഴി നൽകി.. പറമ്പിൽ ചിതയെരിമ്പോൾ സാച്ചിയെ ചേർത്തു പിടിച്ച് ചങ്ക് തകർന്ന് അയാൾ വാവിട്ട് കരഞ്ഞു..
ഭാരതി മരിച്ചിട്ട് ആഴ്ചയൊന്ന് കഴിഞ്ഞു.. വിജിയുടെ അമ്മ ഇപ്പോൾ വിജിയ്‌ക്കൊപ്പമാണ് സ്ഥിരതാമസം..അവർ കൂടി വന്നതോടെ സാച്ചിയുടെ കാര്യം തീർത്തും ദുരിതത്തിലായി.. ഭാരതി മരിയ്ക്കുന്നതിനു മുൻപ് മാധവൻ ചെറിയ ജോലികൾക്കൊക്കെ പോയി വീട്ടുകാര്യങ്ങൾ നോക്കിയിരുന്നു..
പലപ്പോഴും മാനസികനില തെറ്റുന്ന സാച്ചിയ്‌ക്കൊപ്പം നിഴലുപോലെ ആരെങ്കിലും എപ്പോളും കൂടെ വേണ്ടതുകൊണ്ട് ഭാരതി ജോലിയ്‌ക്കൊന്നും പോകാതെ അവളുടെ കൂടെത്തന്നെയുണ്ടായിരുന്നു.. ഭാരതി പോയതിൽ പിന്നെ മാധവന് പുറത്തേയ്ക്കൊന്നിറങ്ങാൻ പോലും നിവൃത്തിയില്ലാതായി.. ജോലിയോ കയ്യിൽ പൈസയോ ഇല്ലാത്തത് കാരണം സാച്ചിയ്ക്ക് നല്ലരീതിയിൽ ആഹാരം പോലും കൊടുക്കാനില്ലാതെ മാധവൻ വലഞ്ഞു.. ആദ്യമൊക്കെ വിജി ഭക്ഷണം കൊടുക്കുമായിരുന്നെങ്കിലും പോകെപ്പോകെ അത് നിന്നു..
ലളിത വെച്ചുണ്ടാക്കുന്നതിലൊരു പങ്ക് അവർക്കായി എന്നും കൊണ്ട് വന്ന് കൊടുത്തു.. തന്റെ ഭക്ഷണം കൂടെ സാച്ചിയ്ക്ക് കൊടുത്തിട്ടും അവളുടെ വിശപ്പിന് അല്പം പോലും ശമനം വരുത്താൻ മാധവന് കഴിഞ്ഞില്ല.. ആഹാരം കിട്ടാതെ പലപ്പോഴും സാച്ചി പ്രകോപിതയായി..
” അച്ഛാ … ദോശേടെ നല്ല മണം.. എനിക്ക് വെശക്കുന്നു. ചേട്ടായിയോട് പറഞ്ഞ് എനിക്കൂടെ വാങ്ങിച്ചു താ.. വിശക്കുന്നച്ഛാ.. എനിക്ക് വെശക്കുവാ..
സാച്ചി മാധവനരികിലേയ്ക്ക് നീങ്ങിയിരുന്ന് വയറിലമർത്തിപ്പിടിച്ചു ചിണുങ്ങി.. ഞായറാഴ്ച രാവിലെ വിജി ദോശ ചുടുകയാണ്.. അതിന്റെ മണം പുറത്തേക്കൊഴുകി വരുന്നുണ്ട്..
” അച്ഛൻ കടയിൽ പോയി മക്കൾക്ക് ദോശ വാങ്ങിത്തരാം കേട്ടോ.. കുരുത്തക്കേടൊന്നും കാണിക്കാതെ ഇവിടിരിയ്ക്കണം..
മാധവൻ സാച്ചിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“വേണ്ട.. എനിക്കിവിടുത്തെ ദോശ മതി.. മതി.. മതി.. അച്ഛൻ വാങ്ങിച്ചു താ.. അല്ലേൽ ഞാൻ പോയി ചോയ്ച്ചോളാം..
സാച്ചിയുടെ മുഖഭാവം മാറി.. അവൾ പുറത്തേക്കു പോകാൻ വേണ്ടി ചാടിയെണീറ്റു..
” മക്കള് ഇവിടിരി.. അച്ഛൻ പറയുന്നത് കേൾക്ക്..
മാധവൻ ചാടിയെണീറ്റ് സാച്ചിയെ പിടിച്ച് നിർത്തി..
” വിടെടാ.. എനിക്കിപ്പോ ദോശ വേണം.. വാങ്ങിച്ചു താ.. എനിയ്ക്ക് വിശക്കുന്നേ…
മാധവന്റെ നെറ്റിയിലേക്ക് തന്റെ തല ആഞ്ഞിടിച്ചുകൊണ്ട് സാച്ചി അലറിക്കരഞ്ഞു.. അസാമാന്യ ശക്തിയോടെ അവൾ മാധവനെ കുതറിച്ചോടി.. അടുക്കള വഴി ഉള്ളിൽ കടന്ന സാച്ചിയെ മാധവൻ പൂണ്ടടക്കം പിടിച്ചു.. മാധവന്റെ കൈ സാച്ചി കടിച്ചു പറിച്ചു.. അവളെ വല്ല വിധേനയും വലിച്ചുകൊണ്ട് അയാൾ വെളിയിലിറങ്ങി..
” വിടെടാ പട്ടീ.. എനിക്ക് വെശക്കുന്നേ…
സാച്ചി വയറിൽ പൊത്തിപ്പിടിച്ച് ഉറക്കെ നിലവിളിച്ചു.. അവൾ മാധവന്റെ നെഞ്ചിൽ ഊക്കോടെ ഇടിച്ചു.. സഹനത്തിന്റെ അങ്ങേയറ്റം ചെന്ന മാധവൻ സാച്ചിയുടെ കവിളിൽ ആഞ്ഞടിച്ചു.. സ്തംഭിച്ചു പോയി സാച്ചി..കരച്ചിലോടെ അവളെന്തോ പറയാനായ് വായ് തുറന്നു..
” മിണ്ടരുത്.. കൊന്നു കളയും ഞാൻ..
മാധവൻ പല്ല് കടിച്ചു പിടിച്ചു ചീറി.. ഭയന്ന് പോയ സാച്ചി വായ് പൊത്തി..നിലത്തേയ്ക്ക് ഊർന്നിരുന്ന അവളുടെ നിഷ്കളങ്കത നിറഞ്ഞ മുഖം വിങ്ങി വിതുമ്പി..മാധവൻ കസേരയിൽ ചെന്നിരുന്നു.. ഇടയ്ക്ക് മാധവൻ അവൾക്ക് നേരെ നോക്കി..
” അച്ഛാ വെശക്കുന്നച്ഛാ”..
മാധവന് നേരെ നോക്കിയവൾ വിങ്ങിക്കരഞ്ഞു.അവളുടെ തേങ്ങിക്കരച്ചിലിൽ ഉള്ളു വെന്തു പോയ മാധവൻ അവളെ വാരിയണച്ചു നെഞ്ചു പൊട്ടി കരഞ്ഞു..
” മക്കള് കരയാതെ.. അച്ഛൻ പോയി ദോശ എടുത്തോണ്ട് വരാം..
സാച്ചിയെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി മാധവൻ വീട്ടിനുള്ളിലേയ്ക്ക് കയറി.. ഊണ് മുറിയുടെ വാതിൽക്കൽ ചെന്ന് അയാൾ അകത്തേക്ക് എത്തി നോക്കി.. എല്ലാവരും കഴിച്ചു കൊണ്ടിരിക്കുകയാണ്.. മാധവൻ വന്നു നിൽക്കുന്നത് കണ്ടിട്ടും ആരും അയാളെ ശ്രദ്ധിച്ചതേയില്ല..
” മോളെ…
പതറിയ ഒച്ചയിൽ അയാൾ വിളിച്ചു..
” മ്മ്.. എന്ത് വേണം..
വിജിയുടെ മുഖം ഇരുണ്ടു..
“മോളെ.. അത്.. പിന്നെ.. സാച്ചി മോൾക്ക് വിശക്കുന്നു.
ഒരു ദോശ തന്നാൽ….
മാധവന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി മുറിഞ്ഞു..
വിജി അർത്ഥഗർഭമായി രാജീവിനെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു.. എന്നിട്ട് ആരോ കഴിച്ചിട്ട് പോയൊരു പാത്രത്തിൽ അധികം കിടന്ന ഒരു ദോശ എച്ചിലോടെ മാധവന് നേരെ നീട്ടി… അതും വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോൾ മാധവന്റെ കവിളുകളെ നനച്ചു കൊണ്ടൊരു തുള്ളി കണ്ണുനീർ പാത്രത്തിലേക്ക് വീണു…
സാച്ചി മുറ്റത്തിരുന്ന് മണ്ണിൽ വെള്ളമൊഴിച്ചു കുഴച്ചു കളിയ്ക്കുകയാണ്.. മാധവൻ വേലിയ്ക്കരികിൽ നിൽക്കുന്ന തെങ്ങിന്റെ ചുവട് വൃത്തിയാക്കുന്നു.. അപ്പുറം മാറി വിജിയുടെ അമ്മ വാസന്തി തുണി നനച്ചു കൊണ്ട് നിൽക്കുകയാണ്.. പക്ഷേ അവരുടെ ഉദ്ദേശ്യം സാച്ചിയും മാധവനും എന്ത് ചെയ്യുന്നു എന്നുള്ളത് നോക്കുകയാണ്.. അപ്പോളാണ് ലളിതയുടെ വരവ്..
” സാച്ചിയേ… ലല്ലാമ്മയുടെ പൊന്നുമക്കളെന്തിയേടീ…
ട്രെയിൻ പാളത്തിനപ്പുറമെത്തിയപ്പോഴേ ലളിത ഉറക്കെ വിളിച്ചു ചോദിച്ചു..
ലളിതയുടെ ശബ്ദം കേട്ടപ്പോൾ സാച്ചി ചാടിയെണീറ്റു..
” യ്യോ.. എന്റെ ലല്ലാമ്മ.. വരുന്നേ.. എനിക്ക് ചോറും കൊണ്ട് വരുന്നേ.. ഇപ്പൊ ഞാൻ ചോറ് തിന്നുവല്ലോ… വല്യ മീനും കൂട്ടി ചോറ് തിന്നുവല്ലോ.. വാസന്തിയമ്മയ്ക്ക് തരത്തില്ല നോക്കിക്കോ.
സാച്ചി സന്തോഷം സഹിക്കാൻ വയ്യാതെ കൈകൊട്ടി ഉറക്കെ ചിരിച്ചു.. അവൾ ഓടി മുറ്റത്തിറങ്ങി..ലളിത സാച്ചിയ്ക്ക് കൊടുക്കാൻ വേണ്ടി ചോറും കൊണ്ട് വന്നതാണ്.. പാളം മുറിച്ച് കടന്ന് ലളിത വേലിയ്ക്കരുകിലെത്തിയപ്പോളേ സാച്ചി ഓടിച്ചെന്ന് അവരുടെ കയ്യിലിരുന്ന തൂക്കുപാത്രം കൈക്കലാക്കി.. അവളത് തുറക്കാൻ തുടങ്ങി..
” അയ്യേ.. മേത്തപ്പടി മണ്ണാണല്ലോ.. വാ.. കൈകഴുക്.. എന്നിട്ട് കഴിയ്ക്കാം കേട്ടോ..
ലളിത സാച്ചിയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി താഴെ വെച്ചിട്ട് അവളെയും പിടിച്ചു കിണറിനരികിലേയ്ക്ക് നടന്നു..
” തരത്തില്ല.. വാസന്തിയമ്മയ്ക്ക് തരത്തില്ല… ചോറ് മൊത്തോം എന്റെയാ..
സാച്ചി വാസന്തിയെ നോക്കി കൊഞ്ഞനം കുത്തി..
” ഓ.. ആർക്ക് വേണം നിന്റെ കീറ്.. നീ തന്നെയങ്ങ് തിന്നോ.. ഞാൻ നിന്നെപ്പോലെ കണ്ടവന്റെ എച്ചില് തിന്നാൻ നടക്കുവല്ലേ.. ആർത്തി മൂത്ത ശവം… ത്ഫൂ…
വാസന്തി സാച്ചിയുടെ നേരെ കാറിത്തുപ്പി..
” ഛെ.. ചേച്ചിയ്ക്ക് ഈ കൊച്ചിന്റത്ര പോലും വെളിവില്ലേ. അത് വയ്യാത്ത കൊച്ചല്ലേ.. അതെന്തേലും പറഞ്ഞെന്ന് വച്ച് ഇങ്ങനൊക്കെ പറയുന്നത് മോശമാ ചേച്ചീ..
ലളിത സഹതാപത്തോടെ വാസന്തിയെ നോക്കി..
” അല്ല.. നീ വെച്ചുകെട്ടി എന്നുമിങ്ങനെ കൊണ്ടു വരണതിലും നല്ലത് ഇവിടങ്ങു താമസിക്കുന്നതല്ലേ ലളിതേ .. നിന്റെ കെട്ടിയവനും ചത്തു..നിന്റെ കൂന്തൽ കഴിച്ചു ഇങ്ങേർക്ക് പെമ്പ്രന്നോത്തിയുമില്ലാതായി..അതിലെന്താ നീ ചേർത്തു കൊടുത്തതെന്ന് ആര് കണ്ടു.. ഇനിയിങ്ങനെ ഒളിച്ചു കളിക്കുന്നതെന്തിനാ.. നീയിവിടങ്ങു പൊറുത്തോ..
വാസന്തിയുടെ നാവിൽ നിന്ന് വിഷം പുറത്തേക്കു വന്നു..
ലളിത പകച്ചു പോയി .
“വാസന്തീ.. നീ എന്റെ മരുമോളുടെ അമ്മയായതുകൊണ്ട് മാത്രാ പലതും കണ്ടിട്ടും കേട്ടിട്ടും ഞാൻ മിണ്ടാത്തത്.. എപ്പോളും നീയാ സൗജന്യം പ്രതീക്ഷിയ്ക്കല്ലേ.. എരപ്പാളിത്തരം പറഞ്ഞാൽ അടിച്ചു നിന്റെ പല്ല് ഞാൻ തെറിപ്പിക്കും.. പറഞ്ഞില്ലെന്നു വേണ്ട..മാധവന്റെ തനിക്കൊണം നീ പുറത്തെടുപ്പിക്കരുത്.. എന്റെ വീട്ടിൽ കേറി വന്നിട്ട് പോക്കണംകേട് പറഞ്ഞാൽ ഞാൻ കേട്ടോണ്ട് നിക്കത്തില്ല.
മാധവൻ വാസന്തിയ്ക്ക് നേരെ തിരിഞ്ഞു..
ലളിതയുടെ മുന്നിൽ വെച്ചുള്ള മാധവന്റെ പ്രതികരണത്തിൽ വാസന്തി ചൂളിപ്പോയി.. അവർ ബക്കറ്റ് നിലത്തേക്കെറിഞ്ഞ് വീട്ടിനുള്ളിലേക്ക് ചാടിത്തുള്ളിപ്പോയി..
ലളിത സാച്ചിയെയും വിളിച്ചുകൊണ്ട് അവൾക്ക് ചോറ് കൊടുക്കാനായി അകത്തേക്ക് കയറി..
മാധവൻ തന്റെ ജോലി തുടർന്നു.. അപ്പോളാണ് വിജി അകത്തു നിന്നും പാഞ്ഞു വന്നത്..
” നിങ്ങളെന്റെ അമ്മയെ അടിയ്ക്കുവോ.. അടിയ്ക്കുവോന്ന്…
അവൾ മാധവന്റെ മുന്നിൽ നിന്ന് കലിയോടെ അലറി..
” വേണ്ടാതീനം പറയരുതെന്ന് പറഞ്ഞു.. നാവിന് എല്ലില്ലെന്നു വെച്ച് എന്തും പറയാമെന്നൊന്നുമില്ലല്ലോ.. അതേ പറഞ്ഞോളു.. അതിന് നീയിങ്ങനെ ചൂടാവണ്ട കാര്യമൊന്നുമില്ല..
മാധവൻ സൗമ്യത വിടാതെ പറഞ്ഞു..
“ഹോ.. ഒരു മാന്യൻ.. എന്റെ അമ്മ പറഞ്ഞതിലെന്താ തെറ്റ്.. കുറെ നാളായി ഈ കട്ട് തീറ്റ ഞങ്ങൾ കാണുന്നുണ്ട്.. ആർക്കും ഒന്നും മനസിലാകുന്നില്ലെന്നാ വിചാരം.. മനുഷ്യനായാൽ നാണം വേണം.. പ്രായത്തിന്റെ മര്യാദ കാണിക്കണം.. എന്നിട്ട് നിന്ന് പ്രസംഗിയ്ക്കാൻ നിങ്ങൾക്ക് നാണമില്ലേ..
വിജിയുടെ മുഖം ജ്വലിച്ചു..
” ദേ.. വിജീ.. പറയുന്നത് തിരിച്ചെടുക്കാനൊക്കില്ലെന്നോർത്തോ.. മര്യാദകേട് പറയുന്നതിന് ഒരു പരിധിയുണ്ട് . ഞാൻ ഇന്നും ഇന്നലെയുമല്ല ഈ വീട്ടിൽ വരാൻ തുടങ്ങിയത്. മനുഷ്യനെ തിരിച്ചറിയാനുള്ള ബോധമെനിയ്ക്കുണ്ട്..
ലളിതയുടെ ഒച്ചയുയർന്നു.
ഉച്ചയുറക്കത്തിലായിരുന്ന രാജീവ് പുറത്തെ ഒച്ചയും ബഹളവും കേട്ട് ഞെട്ടിയെഴുന്നേറ്റു ..അവൻ പുറത്തേയ്ക്കിറങ്ങി.
” എന്താ വിജി.. എന്തുവാ ഇവിടെ ബഹളം..
അവൻ ഉറക്കച്ചടവോടെ വിജിയോട് ചോദിച്ചു..
“നിങ്ങളുടെ അച്ഛന് എന്റെ അമ്മയുടെ കരണം അടിച്ചു പൊട്ടിയ്ക്കാൻ മുട്ടി നിൽക്കുവാണെന്ന്.. ഒരു കുഴപ്പവുമില്ലാതെ ഓടിച്ചാടി നടന്ന ആ തള്ളയ്ക്ക് എന്തോ കൊടുത്തു കൊന്നു.. എന്നിട്ടിപ്പോ എന്നും പൊതിയും കെട്ടി ഇങ്ങ് വന്നോളും.. വട്ടുപിടിച്ച ഈ പെണ്ണിന് എന്തെങ്കിലും തിന്നാൻ കൊടുത്തിട്ട് രണ്ടും കൂടി അകത്തു കേറി എന്തെടുക്കുവാണെന്ന് ആരു കണ്ടു.. അത് എന്റമ്മ ചോദിച്ചതിനാ ഇങ്ങേരിങ്ങനെ അലറിയത്.
അവൾ രാജീവിനെ എരികേറ്റി..
” ഛീ. നിർത്തെടി .. വിവരമില്ലെന്നു കരുതി എന്ത് വൃത്തികേടും പറയരുത്.. ലളിത എന്റെ കൂടപ്പിറപ്പാ.. നിനക്കത് മനസിലാകണമെന്നില്ല..ഇതൊക്കെ കേട്ട് നീ മിണ്ടാതെ നിൽക്കുവാണോ രാജീവേ..ലളിത എത്രയോ കൊല്ലങ്ങളായി ഇവിടെ വരുന്നതാ.. നിനക്കറിയില്ലേ അവളെ..
മാധവൻ രോഷത്തിൽ കിതച്ചു..
” അവൾ പറഞ്ഞതിൽ എന്താ തെറ്റ്.. അമ്മ എങ്ങനെയാ മരിച്ചത്.. അതിനെക്കുറിച്ചൊക്കെ അന്വേഷിക്കാൻ നിന്നാൽ പലരും അകത്തു പോകും.. അമ്മ മരിച്ചതിൽ പിന്നെ ഇവരെന്തിനാ ഇപ്പോളുമിങ്ങനെ കേറി വരുന്നത്.. അച്ഛന് പ്രായമായില്ലേ… വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ.. ഛെ..
രാജീവിന്റെ മറുപടി കേട്ട് മാധവൻ പകച്ചു പോയി..
“മോനേ.. ഞാൻ…
” വേണ്ട… ഇനി മേലിൽ നിങ്ങളീ വീട്ടിൽ കയറരുത്.. എനിക്കതിഷ്ടമല്ല..
എന്തോ പറയാനായി തുനിഞ്ഞ ലളിതയെ രാജീവ് വിലക്കി..
” ഇല്ല… ഇനി ഞാനിവിടെ വരില്ല.. എന്റെ പേരും പറഞ്ഞു നിങ്ങൾ വഴക്കിടണ്ട..ഈ കുഞ്ഞിനെയോർത്താ ഞാനിവിടെ വരുന്നത്.. വിജി ഇന്നലെ കേറി വന്നവളാ.. പക്ഷേ നിനക്കെന്നെ അറിയാം… സങ്കടമുണ്ട് മോനേ.. ഇനിയൊരു ബുദ്ധിമുട്ടിക്കലിന് ഞാനിവിടെ വരില്ല..
ലളിതയുടെ കവിളിൽ കൂടി കണ്ണുനീർ ചാലിട്ടൊഴുകി.. അവർ തോർത്ത് കൊണ്ട് മുഖം അമർത്തി തുടച്ചു… പോകാനായി എഴുന്നേറ്റു..
” ആ കൊണ്ട് വന്ന എച്ചിലും കൂടെ കൊണ്ട് പോ തള്ളേ..
പുറത്തേക്കിറങ്ങിയ ലളിതയെ വിജി തടഞ്ഞു നിർത്തി..
” അത് സാച്ചിമോള് കഴിക്കുവല്ലേ.. പാത്രം ഇവിടിരുന്നോട്ടെ.. ഞാനെടുക്കുന്നില്ല..
ലളിത പറഞ്ഞു..
” നിങ്ങളോട് കൊണ്ട് പോകാനാ പറഞ്ഞേ.. അല്ലേൽ ഞാനിതെടുത്തു റയിൽവേ പാളത്തിൽ കളയും.. പറഞ്ഞേക്കാം..
അവൾ സാച്ചിയുടെ നേരെ നടന്നു ചെന്നു..
” ആ ചോറങ്ങു കൊടുക്കെടീ..
വിജി പല്ലുകടിച്ചു പറഞ്ഞു..
” ദൈവദോഷം ചെയ്യല്ലേ മോളെ.. ആ കുഞ്ഞത് കഴിച്ചോട്ടെ..
ലളിത വിജിയുടെ നേരെ തൊഴുതു..
” ഞാൻ തരത്തില്ല.. എന്റെ ചോറാ.. എന്റെയാ..
സാച്ചി ഭീതിയോടെ പ്ലേറ്റിൽ മുറുകെപ്പിടിച്ചു..
വിജി സാച്ചിയുടെ കയ്യിലിരുന്ന പ്ലേറ്റ് വാങ്ങി മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞു.. ചോറ് പൂക്കുല പോലെ ചിതറി തെറിച്ചു..
” അയ്യോ.. എന്റെ ചോറ്.. എന്റെ ചോറ് എന്തിനാടീ കളഞ്ഞേ..
ഭ്രാന്തെടുത്ത സാച്ചി വിജിയുടെ മുഖത്ത് ആഞ്ഞടിച്ചു.. പെട്ടെന്നുള്ള ആക്രമണത്തിൽ വിജി വീണു പോയി..
“എന്റെ കൊച്ചിനെ നീ കൊന്നോടീ..
വാസന്തി ഓടി വിജിയ്ക്കരുകിലെത്തി..
രാജീവ് വിജിയെ താങ്ങിയെഴുന്നേല്പിച്ചു..വിജിയെ വീണ്ടും അടിയ്ക്കാനായി പാഞ്ഞു വന്ന സാച്ചിയെ അവൻ താഴേയ്ക്ക് തള്ളിയിട്ടു ..
” വേദനയെടുക്കുന്നേ…
സാച്ചി അലറിക്കരഞ്ഞു..
” അയ്യോ ന്റെ കുഞ്ഞിനെ കൊല്ലല്ലേടാ…
ലളിത വാവിട്ട് കരഞ്ഞു കൊണ്ട് രാജീവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.. രാജീവ് അവരെ ആഞ്ഞു തള്ളി.. ലളിത സാച്ചിയുടെ മേലേയ്ക്ക് വീണു.
മാധവൻ രാജീവിനെ തള്ളിമാറ്റി.. അയാൾ സാച്ചിയെ വലിച്ചെഴുന്നേല്പിച്ചു..
” ഇപ്പൊ.. ഈ നിമിഷം നിങ്ങളിവിടുന്നിറങ്ങിക്കോണം..
ലളിതയ്ക്ക് നേരെ വിരൽ ചൂണ്ടി അവനലറി..
” ഡാ… നീയിത്ര കണ്ണീച്ചോരയില്ലാത്തവനായിപ്പോയല്ലോ.. എട്ടുംപൊട്ടും തിരിയാത്ത ഈ കൊച്ചിനോടിങ്ങനെ ചെയ്യാൻ എങ്ങനെ തോന്നിയെടാ..
മാധവന്റെ ഒച്ചയിടറി..
” മിണ്ടിപ്പോകരുത്. ഇനി ബന്ധവും സ്വന്തവും പറഞ്ഞു നിങ്ങളാ വീടിന്റെ ഉള്ളിൽ കേറരുത്.. ഇന്ന് തീർന്നു എല്ലാം.. ഒരു അച്ഛനും മോളും.. നിങ്ങൾക്ക് നിങ്ങളുടെ വഴി.. എനിക്ക് എന്റെയും… കേറി വാടീ ഇങ്ങോട്ട്..
വിജിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് രാജീവ് അകത്തേയ്ക്ക് കയറി.. സാച്ചിയുടെ നേരെ കൊലനോട്ടം നോക്കി കൂടെ വാസന്തിയും..
സാച്ചി വിങ്ങിക്കരയുകയാണ്.. അവളുടെ നോട്ടം മുറ്റത്തു ചിതറിക്കിടക്കിക്കുന്ന ചോറിലായിരുന്നു..
” ലളിതേ..
മാധവൻ എന്തോ പറയാൻ തുടങ്ങി…
” സാരമില്ല മാധവേട്ടാ… എനിക്ക് മനസിലാകും.. ഞാനിനി ഇങ്ങോട്ട് വരില്ല.. ഇവളെയോർത്താ എന്റെ സങ്കടം.. ഭാരത്യേച്ചിയുടെ ആത്മാവിനു പോലും സമാധാനമുണ്ടാകില്ല.. നിങ്ങൾക്ക് എപ്പോ വേണേലും എന്റെ വീട്ടിലേയ്ക്കു വരാം.. ഉള്ളതിലൊരു പങ്ക് ഞാനവിടെ കരുതി വെയ്ക്കും.. പോട്ടെ..
” ലല്ലാമ്മേ… വെശക്കുന്നു ലല്ലാമ്മേ..
നടന്നു തുടങ്ങിയ ലളിതയുടെ കയ്യിൽ പിടിച്ചു സാച്ചി തേങ്ങലോടെ വിളിച്ചു.. ഇനിയൊരു ചുവട് മുന്നോട്ട് വെയ്ക്കാനാകാതെ ലളിത തറഞ്ഞു നിന്നു പോയി.. സാച്ചിയെ നെഞ്ചോട് ചേർത്ത് കരയുമ്പോൾ ലളിതയുടെ ഹൃദയം പൊട്ടുകയായിരുന്നു..
പിന്നീടങ്ങോട്ട് വിജിയുടെ യുദ്ധമുറകളായിരുന്നു.. ഒളിഞ്ഞും തെളിഞ്ഞും അവളും വാസന്തിയും സാച്ചിയെ ആക്രമിച്ചു.. മാധവനോ സാച്ചിയ്‌ക്കോ ഒരുതുള്ളി വെള്ളം പോലും കൊടുക്കാൻ അവർ തയ്യാറായില്ല.. വിശപ്പിന്റെ ആധിക്യത്തിൽ സാച്ചിയ്ക്ക് ഭ്രാന്തിളകി.. അവൾ ഭാരതിയെ വിളിച്ചു നെഞ്ചിൽ തല്ലി കരഞ്ഞു.. ഭാരതിയുടെ കുഴിമാടത്തിനരികെ പോയി വിജിയെ പറ്റി പരാതി പറഞ്ഞു.. തന്നെ കൂട്ടാതെ ഒറ്റയ്ക്ക് പോയ ഭാരതിയോട് പലരാത്രികളിലും അവൾ പരിഭവം പറഞ്ഞു ..
ഇടയ്ക്ക് രണ്ട് തവണ ലളിത സാച്ചിയെക്കാണാൻ വന്നെങ്കിലും വിജി അവരെ കയ്യോടെ പിടികൂടി.. സാച്ചി നാൾക്ക് നാൾ ക്ഷീണിച്ചു വന്നു.. വയർ പൊത്തിപ്പിടിച്ചു നിലത്തു ചുരുണ്ടുകൂടിക്കിടന്നു കരയുന്ന സാച്ചിയെക്കണ്ടു ചങ്കുപൊട്ടിത്തകർന്നൊരു രാത്രി മാധവൻ വിജിയുടെ അടുക്കളയിൽ കയറി.. വാസന്തി അത് കണ്ടുപിടിച്ചു.. മാധവൻ തന്നെ കയറിപ്പിടിയ്ക്കാൻ ശ്രമിച്ചെന്ന് അവർ രാജീവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.. ഇനിയൊരിക്കലും മാധവന്റെ മുഖത്ത് നോക്കാത്തവണ്ണം രാജീവിൽ വെറുപ്പ് നിറച്ചു വെക്കുന്നതിൽ വിജിയും വാസന്തിയും വിജയിച്ചു..
സാച്ചിയെ അയൽവക്കത്ത് ആരുടെയെങ്കിലും അടുത്ത് ഏൽപ്പിച്ചിട്ട് എന്തെങ്കിലും ജോലിയ്ക്ക് പോകാൻ മാധവൻ തീരുമാനിച്ചു.. പക്ഷേ സാച്ചിയുടെ സ്വഭാവം അറിയുന്ന ആരും അവളെ തങ്ങളുടെ വീട്ടിലിരുത്താൻ തയ്യാറായില്ല..ലളിത മകൾക്കൊപ്പം അവളുടെ വീട്ടിലേയ്ക്ക് പോയത് കൊണ്ട് ആ വഴിയും അടഞ്ഞു.. മാധവൻ തീർത്തും ദുരിതത്തിലായി.. ഒടുവിൽ സാച്ചിയെ വീട്ടിൽ പൂട്ടിയിട്ടിട്ട് ജോലിയ്ക്ക് പോകാൻ അയാൾ തീരുമാനിച്ചു..
” മക്കളെ.. അച്ഛൻ ജോലിയ്ക്ക് പോകുവാ.. കുരുത്തക്കേട് കാണിയ്ക്കാതെ ഇവിടിരുന്നു കളിക്കണം..അകത്തേക്ക് കേറിച്ചെന്ന് അവരോട് വഴക്കുണ്ടാക്കരുത് കേട്ടോ..
രാവിലെ സാച്ചിയ്ക്കുള്ള ചോറ് വിളമ്പി പാത്രത്തിൽ അടച്ചു വെയ്ക്കുമ്പോൾ മാധവൻ അവളോട് പറഞ്ഞു..
” ഇല്ല.. കുരുത്തക്കേട് കാണിക്കത്തില്ല.. അച്ഛൻ പൊക്കോ.. വയ്യിട്ട് വരുമ്പോൾ പൊറോട്ട വാങ്ങിച്ചോണ്ട് ബരണം..
സാച്ചി സമ്മതിച്ചു..
ചങ്കിലെരിയുന്ന ആധിയുടെ തീയുമായി മാധവൻ ജോലിക്ക് പോയി.. മാധവൻ പോകുന്നത് വിജി കണ്ടിരുന്നു.. അവൾ ചെന്ന് നോക്കുമ്പോൾ കതക് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.. പിന്നീട് അവളങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല..
വൈകുന്നേരം വരെ എങ്ങനെയൊക്കെയോ മാധവൻ പിടിച്ചു നിന്നു.. സാച്ചി എന്ത് ചെയ്യുകയായിരിക്കും എന്നുള്ള ചിന്ത അയാളെ ആധി പിടിപ്പിച്ചു.. തിരിച്ചു വരുന്ന വഴി സാച്ചിയ്ക്കുള്ള പൊറോട്ടയും വാങ്ങി അയാൾ ധൃതിയിൽ വീട്ടിലെത്തി..
കതക് തുറന്ന മാധവൻ ഞെട്ടിപ്പോയി.. സാച്ചി നിലത്ത് പഴയ പായയിൽ ചുരുണ്ട് കിടക്കുന്നു.. മുറിയിലാകാമാനം ചോര പുരണ്ട തുണികളും പേപ്പറുകളും ചിതറി കിടപ്പുണ്ട്..സാച്ചിയുടെ പാവാട മുഴുവൻ ചോര ഉണങ്ങിപ്പിടിച്ചിരിക്കുന്നു.. മാധവന്റെ കണ്ണിൽ ഇരുട്ട് കയറി..
” മക്കളെ..
അയാൾ സാച്ചിയെ കുലുക്കി വിളിച്ചു..
” അച്ഛാ… ചോര വരുന്നച്ഛാ..
ഞെട്ടിയുണർന്ന സാച്ചി അടിവയർ പൊത്തിപ്പിടിച്ചു കരഞ്ഞു..
സാച്ചിയ്ക്ക് പീരിയഡായിരിക്കുന്നു എന്ന് മാധവന് മനസിലായി..
സ്വന്തമായി പല്ലുതേയ്ക്കാനോ കുളിയ്ക്കാനോ പോലും അറിയാത്ത സാച്ചിയ്ക്ക് ഭാരതിയായിരുന്നു എല്ലാം ചെയ്തു കൊടുത്തുകൊണ്ടിരുന്നത്.. എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരു രൂപവും കിട്ടിയില്ല..
” മക്കളെഴുന്നേൽക്ക്..
സാച്ചിയെ മാധവൻ പിടിച്ചെഴുന്നേൽപ്പിച്ചു.. മുഷിഞ്ഞ രക്തത്തിന്റെ ദുർഗന്ധം മുറിയിൽ പരന്നു..
” വെശക്കുന്നച്ഛാ.. പൊറോട്ട വാങ്ങിച്ചോ..
അവൾ ആർത്തിയോടെ അയാളുടെ കയ്യിലേക്ക് നോക്കി.
” മോള് പോയി ദേഹം കഴുകി ഈ തുണി മാറിയിട്ട് വാ.. എന്നിട്ട് കഴിക്കാം.
അയാൾ സാച്ചിയ്ക്ക് മാറാനുള്ള പാവാടയും ഉടുപ്പും പഴയൊരു തുണിക്കഷണവും ചേർത്ത് സാച്ചിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു..
” എനിക്കറിഞ്ഞൂടാ അച്ഛാ.. അമ്മയോട് വന്ന് ഉടുത്തു തരാൻ പറ..
സാച്ചി തുണി തിരികെ മാധവന്റെ കയ്യിൽ കൊടുത്തു.. മാധവൻ സ്തംഭിച്ചു പോയി.. അയാൾ എന്തൊക്കെ പറഞ്ഞിട്ടും അവളാ തുണി മാറിയുടുക്കാൻ തയ്യാറായില്ല..
മാധവൻ നിസ്സഹായനായി സാച്ചിയെ നോക്കി..അഭിമാനം അടിയറവു വെച്ച് വിജിയുടെ കാലുപിടിയ്ക്കാൻ അയാൾ തീരുമാനിച്ചു.
വിജി മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു.. മാധവൻ അവൾക്കടുത്തേക്ക് ചെന്നു.. വിജിയുടെ മുഖമിരുണ്ടു..
” മോളെ..
മാധവൻ പ്രയാസപ്പെട്ടു വിളിച്ചു..
” എന്താ…
വിജി അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി..
” മോളെ… അത്.. പിന്നെ… സാച്ചിയ്ക്ക് പീരീയഡായി.. ആ തുണിയൊന്നു മാറാൻ…. അവൾക്കറിയില്ല.. മോളൊന്നു വന്നാൽ…
മാധവൻ എങ്ങനെയൊക്കെയോ പറഞ്ഞൊ പ്പിച്ചു..
” പിന്നേ.. അവളെ പട്ടുചേല ചുറ്റിക്കുന്നതല്ലേ എന്റെ പണി. നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ എന്നോടിത് പറയാൻ.. നിങ്ങളങ്ങുടുത്തു കൊടുത്താൽ മതി….
വിജി അറപ്പോടെയും അതിലേറെ പുച്ഛത്തോടെയും പറഞ്ഞു..
മാധവന്റെ നാവിറങ്ങി പോയി..
അയാൾ തിരിച്ചു മുറിയിലേയ്ക്ക് പോയി..
അയാൾ പോകുന്നത് നോക്കി നിന്ന വിജി അയാളെ പിന്തുടർന്ന് മുറിയുടെ പിറകിലെ ജനലരികിലെത്തി..
മാധവൻ അകത്തു ചെല്ലുമ്പോൾ സാച്ചി കണ്ണാടിയുടെ മുന്നിൽ നിന്ന് ചന്തം നോക്കുകയാണ്. അവളുടെ കാലിൽ കൂടി രക്തം താഴേയ്ക്ക് വീഴുന്നുണ്ട്.. അവളതൊന്നും ശ്രദ്ധിയ്ക്കുന്നില്ല.. മാധവൻ അവൾക്കടുത്തേയ്ക്ക് ചെന്നു..
” മക്കളിങ്ങു വന്നേ..
അയാൾ സാച്ചിയുടെ കയ്യിൽ പിടിച്ചു ..
” അച്ഛൻ ഈ തുണി വെച്ചു തരാം..മക്കള് അച്ഛൻ പറയുന്നത് കേൾക്കണം കേട്ടോ.. എന്നാലേ പൊറോട്ട തരു..
” കേക്കാം..വെശക്കുവാ അച്ഛാ പൊറോട്ട തരണേ..
അയാൾ സാച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.. മാധവന് സാച്ചിയപ്പോൾ രണ്ടു വയസ്സുള്ളൊരു പിഞ്ചു കുഞ്ഞായിരുന്നു.. അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് പാവാട പൊക്കി അയാൾ അവളുടെ കാലുകൾ നനഞ്ഞ തുണി വെച്ചു വൃത്തിയാക്കി. രക്തം പുരണ്ട് ഒട്ടിയ അടിവസ്ത്രം ഊരുമ്പോൾ മാധവന്റെ കാഴ്ചയെ മറച്ച് കണ്ണുനീർ കുത്തിയൊഴുകി..
” അച്ഛനെന്തിനാ കരയുന്നെ..
സാച്ചി അന്ധാളിച്ചു..
അടക്കാൻ പറ്റാത്തൊരു ഏങ്ങൽ മാധവന്റെ ചങ്കുലച്ചു പുറത്ത് ചാടി..
പുറത്ത് നിന്ന വിജിയുടെ കണ്ണുകൾ വന്യമായി തിളങ്ങി.. അവൾ അകത്തേക്ക് പാഞ്ഞു..
” നിങ്ങളൊന്നു വന്നേ.. നിങ്ങളുടെ അച്ഛന്റെ തനിക്കൊണം കാണിച്ചു തരാം..
വിജി ആവേശഭരിതയായി രാജീവിനെ വിളിച്ച ശേഷം പുറത്തേക്കോടി.. ..
” എന്താടീ..
അയാൾ ചാടിയെഴുന്നേറ്റു..കാര്യം മനസിലാകാതെ അവൾക്ക് പുറകെ ഇറങ്ങി..
മാധവൻ സാച്ചിയുടെ തുടയിടുക്ക് വൃത്തിയാക്കി.. അടിവസ്ത്രം ഇട്ടു കൊടുക്കാൻ തുടങ്ങുമ്പോളാണ് വിജി കതക് തള്ളി തുറന്നത്.. പാവാട പൊക്കി നിൽക്കുന്ന സാച്ചിയെയും മുന്നിൽ മുട്ട് കുത്തിയിരിയ്ക്കുന്ന മാധവനെയും കണ്ട് രാജീവ് ഞെട്ടിപ്പോയി.. അവന്റെ തലച്ചോറ് ചുട്ടു പഴുത്തു..
” ഇപ്പൊ നിങ്ങൾക്ക് വിശ്വാസമായോ… ഈ വട്ട് പിടിച്ച പെണ്ണിനെപ്പോലും ഇങ്ങേര് വെറുതെ വിടില്ല.. ഇങ്ങേരുടെ സ്ഥിരം പരിപാടി ഇതാണ്..
” വിജീ… നീയെന്തൊക്കെയാ പറയുന്നത്..
കേട്ടത് വിശ്വസിയ്ക്കാനാവാതെ മാധവൻ അവളെ നോക്കി..
” ഡാ.. നീയിനി ജീവിക്കണ്ട.. നിന്നെ ഞാനിന്ന് കൊല്ലും..
മാധവനെ വലിച്ചുയർത്തി അയാളുടെ കവിളിൽ അവൻ ആഞ്ഞടിച്ചു…
” ഞാനൊന്ന് പറയട്ടെ മോനേ…
മാധവൻ രാജീവിന്റെ മുന്നിൽ നിന്ന് തൊഴുതു..
” നീയൊന്നും പറയണ്ട… സ്വന്തം മോളോട് ഇങ്ങനെ ചെയ്ത നീയിനി ജീവിയ്ക്കണ്ട..
രാജീവ് അയാളുടെ നെഞ്ചിൽ ആഞ്ഞിടിച്ചു.. നെഞ്ചു പൊത്തി നിലവിളിച്ച മാധവനെ അവൻ തള്ളി താഴെയിട്ടു.. അയാളുടെ മുഖത്ത് കാലമർത്തി ഞെരിച്ചുടച്ചു… തടയാൻ ശ്രമിച്ച സാച്ചിയെ മുടിയിൽ പിടിച്ചു കറക്കി ദൂരേയ്ക്ക് തള്ളി.. മാധവന്റെ മുതുകിലും നെഞ്ചിലും അവൻ ആഞ്ഞു ചവിട്ടി.. ദുർബലനായിപ്പോയ മാധവൻ അവന്റെ കരുത്തിനു മുന്നിൽ ചുരുണ്ടുകൂടിപ്പോയി.
” അച്ഛനെ കൊല്ലല്ലേ മോനേ…
രാജീവിന്റെ കാലിൽ പിടിച്ചു തൊഴുതു കൊണ്ട് മാധവൻ ഉറക്കെ നിലവിളിച്ചു.. അയാൾ നെഞ്ചു പൊത്തി ശ്വാസം ആഞ്ഞു വലിച്ചു.. സംഗതി കൈവിട്ടുപോയെന്ന് മനസിലായ വിജിയും വാസന്തിയും ചേർന്ന് രാജീവിനെ പിടിച്ചു മാറ്റി..
“:നാളെ നേരം വെളുക്കട്ടെ രാജീവേട്ടാ.. നിങ്ങളിങ്ങേരെ കൊല്ലുന്നതെന്തിനാ.. ഇവിടെ കോടതിയും നിയമവുമൊക്കെയില്ലേ.. ഇവനെപ്പോലുള്ളവരെ നിയമത്തിനു വിട്ട് കൊടുക്കണം.. അതാ വേണ്ടെ..വാ ഇങ്ങോട്ട്..
മാധവന്റെ നേരെ കുതിയ്ക്കാനാഞ്ഞ രാജീവിനെ പിടിച്ചു നിർത്തി.. ..
” പോയി ചാവെടാ…
പല്ലു കടിച്ചു മാധവനോട് പറഞ്ഞിട്ട് രാജീവ് പുറത്തേയ്ക്ക് പോയി..
” അച്ഛാ… എണീക്കച്ഛാ..
സാച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് മാധവനെ പിടിച്ചെഴുന്നേൽപ്പിച്ചു.. മാധവൻ എഴുന്നേറ്റിരുന്നു..കണ്മുന്നിൽ നടന്നതൊന്നും അയാൾക്ക് വിശ്വസിയ്ക്കാൻ പറ്റിയില്ല.. കുഞ്ഞിലേ മുതൽ രാജീവിനെ നെഞ്ചിൽ ചേർത്ത് കൊണ്ട് നടന്നതോർത്തപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞൊഴുകി.. നാളെയെക്കുറിച്ചോർത്തപ്പോൾ അയാളുടെ ഉള്ളം കിടുങ്ങി വിറച്ചു .. സമൂഹത്തിനു മുന്നിൽ ബുദ്ധിസ്ഥിരതയില്ലാത്ത മകളോട് അപമര്യാദയായി പെരുമാറിയ അച്ഛനെന്ന പരിവേഷത്തിൽ നിൽക്കുമ്പോഴുള്ള അവസ്ഥയോർത്ത് അയാളുടെ ചങ്ക് പൊട്ടിയടർന്നു.. .
തനിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ സാച്ചിയുടെ ജീവിതം എന്തായിരിയ്ക്കുമെന്നോർത്ത് അയാൾ നടുങ്ങിപ്പിടഞ്ഞു.അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.. മണിക്കൂറുകളോളം മാധവൻ ചിന്തകളുടെ കുരുക്കിൽ പെട്ട് ശ്വാസംമുട്ടിപ്പിടഞ്ഞു..
” വെശക്കുന്നച്ഛാ..
സാച്ചിയുടെ കരച്ചിലാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്. മുറിയിൽ നടന്ന അടിപിടിയിൽ പൊറോട്ട നിലത്തു വീണിരുന്നു.. വിജി അത് ചവിട്ടിത്തേച്ചു വൃത്തികേടാക്കിയിരുന്നു..
മാധവൻ സമയം നോക്കി.. പന്ത്രണ്ട് മണി കഴിഞ്ഞിരിയ്ക്കുന്നു.. അയാളുടെ ചെവിയിലേക്ക് തിളച്ച വെള്ളം വീണപോലെ രാജീവിന്റെ ശബ്ദം ഓടിയെത്തി..
” പോയി ചാവെടാ..
അയാളുടെ മുഖം ചുവന്നു.. കണ്ണുകളിൽ നിന്നും രണ്ടുതുള്ളി നീർ തിളച്ചു താഴെ വീണു.. സാച്ചിയെ അയാൾ ചേർത്തു പിടിച്ചു..
” മക്കൾക്ക് അമ്മേടടുത്തു പോണോ.. അമ്മ മോൾക്ക് പൊറോട്ട തരും..
അയാൾ പതിയെ ചോദിച്ചു..
” പോണം..അമ്മേ കാണണം.. പോവാച്ഛാ.. മ്മക്ക് പോവാം..
സാച്ചിയുടെ മുഖം സന്തോഷത്തിൽ വിടർന്നു..
സാച്ചിയുടെ ചേർത്തു പിടിച്ച് റയിൽവേ പാളത്തിലൂടെ നടക്കുമ്പോൾ അന്നുവരെയുണ്ടായിരുന്ന ഭാരം നെഞ്ചിൽ നിന്ന് ഊർന്നിറങ്ങിപ്പോകുന്നത് മാധവനറിഞ്ഞു..
” അച്ഛാ… വെശക്കുന്നച്ഛാ.. അമ്മയെ കാണുന്നില്ലല്ലോ.. അമ്മ എന്തിയെ.. എനിക്ക് പേടിയാവുന്നു.
നടന്നു ക്ഷീണിച്ച സാച്ചി മാധവന്റെ മുഖത്തേയ്ക്ക് നോക്കി. ദൂരെ നിന്നും തീവണ്ടിയുടെ ഒച്ച കേട്ടു തുടങ്ങി..
” ഇപ്പൊ കാണാം കേട്ടോ.. മക്കള് പേടിയ്ക്കല്ലേ.. അമ്മ ഇപ്പൊ വരും.. അച്ഛനെ കെട്ടിപ്പിടിച്ച് നിന്നോ.. പേടിയ്ക്കണ്ട കേട്ടോ.. മക്കള് അച്ഛനോട് പൊറുക്കണം.. ഇതല്ലാതെ വേറൊരു വഴിയും അച്ഛനില്ല മക്കളേ.
മാധവൻ അവളെ നെഞ്ചോട് ചേർത്തു.. സാച്ചി അയാളുടെ നെഞ്ചോട് ചേർന്നു നിന്നു.. തീവണ്ടി അടുത്തേക്ക് വരികയായിരുന്നു..
” വെശക്കുന്നച്ഛാ..
അവളുടെ നേർത്ത സ്വരത്തെ റെയിൽവേ പാളത്തോട് ചേർത്ത് വെച്ച് തീവണ്ടി പാഞ്ഞു പോയി..
വിശപ്പില്ലാത്ത ലോകത്തിലേയ്ക്ക് മാധവന്റെ കൈപിടിച്ച് അമ്മയെ കാണാൻ അവൾ ചെല്ലുമ്പോൾ ഭാരതി അവർക്കു വേണ്ടി അങ്ങ് ദൂരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.