രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍️
മുറിവുകൾ ഒരു സമസ്യയാണ്,
പൂരണങ്ങളുടെ
പൂർണ്ണവിരാമങ്ങളിൽത്തട്ടി,
പൊറുതിമുട്ടിപ്പോയ
നെടുവീർപ്പുകളിൽ,
പാതിമുറിഞ്ഞ
നിലവിളികളിൽ
അഴലളന്ന് ആഴമളന്ന്
തോറ്റുപോയ സമസ്യകൾ.
മുറിവ് ഒരു ചിതൽപുറ്റാണ്,
ചിതലരിച്ചുപോയ സ്വപ്നങ്ങളുടെ
പഞ്ജരങ്ങളെ
മൂടുപടങ്ങൾക്കുള്ളിൽ
പൊതിഞ്ഞെടുത്തിട്ടും
ആത്മസംഘർഷങ്ങളുടെ
പേമാരികളിൽ
തകർന്നുപോകാൻ
വിധിക്കപ്പെട്ട
ചിതല്പുറ്റുകൾ.
മുറിവുകൾ ശൂന്യതയുടെ
വംശവൃക്ഷങ്ങളാണ്
മഴയ്ക്കു മുന്നേ എത്തുന്ന
ഇടിമിന്നലുകളെ
ഭയപ്പെട്ട്
മിഴിയും മനസ്സും
ഞെട്ടലിന്നറകൾ
തുറക്കുമ്പോൾ
അടിച്ചമർത്തപ്പെട്ടൊരു
നിസ്സഹായതയെ
സ്വയം പരിഹസിച്ച്
അലിഞ്ഞുചേരുന്ന
വിലാപങ്ങളുടെ
വംശവൃക്ഷങ്ങളാണ്
മുറിവുകൾ
വക്കുടഞ്ഞുപോയ വാക്കുകളുടെ
വാൾമുനയിൽനിന്നായിരുന്നു
മുറിവുകളേറയും.
വെറുത്തിട്ടും പൊറുത്തിട്ടും
കുത്തിനോവിക്കുന്നുണ്ട്
അകമുണങ്ങാത്ത
ചില മുറിവുകൾ.