രചന : സെഹ്റാൻ✍️

പുകയുന്ന രാത്രി
സിഗററ്റു പോൽ…
ഏകാന്തതയുടെ കടുംചുവപ്പ്
കലർന്ന മദ്യം…
ആകാശത്ത് നിന്നും
നിരനിരയായിറങ്ങി വന്ന
കടൽക്കുതിരകൾ
ഡൈനിങ് ടേബിളിലെ
ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്
വിസിറ്റേഴ്സ് റൂമിൽ
അലസം വിശ്രമിക്കുന്നു.
കർട്ടൻ വലിച്ചിടാം.
കാഴ്ച്ചയിൽ നിന്നും
അവയെ മറയ്ക്കാം.
രഹസ്യാത്മകതയുടെ
കാർപ്പെറ്റിൽ
പൂച്ചക്കാലുകളമർത്തി
മെല്ലെമെല്ലെ അവൾ!
പ്രണയാർദ്ര മിഴികൾ.
ചിതറിയ നീളൻമുടി.
അധരച്ചുവപ്പ്.
മാറിടങ്ങൾ നീലനക്ഷത്രങ്ങൾ.
ആസക്തിയുടെ വെള്ളിമേഘങ്ങൾ
പെയ്ത്തിനൊരുങ്ങി ഇരുളുന്നു.
പഞ്ഞിമെത്ത മഴയിൽ
കുതിരുന്നു…
കടൽക്കുതിരകൾ
ആകാശത്തേക്ക് മടങ്ങുമ്പോൾ
പ്രണയത്തിന്റെ ചാരം
ടീപ്പോയിലെ ആഷ്ട്രേയിൽ
ശാന്തമായ് വിശ്രമിക്കുന്നു…
🔵🔵🔵

സെഹ്റാൻ

By ivayana