രചന : രജീഷ് കൈവേലി ✍
അവഗണനകൊണ്ട്
മുറിവേറ്റവന്റെ
ഹൃദയം
യുദ്ധമുഖത്ത്
പതറി വീണ
പട്ടാളക്കാരന്റെത്
പോലെയാണ്…
കാഴ്ചയിൽ
ഒരാസ്വാഭാവികതയും
ഉണ്ടാവാനില്ല..
പക്ഷെ
തുളച്ചു കയറിയ
ഓരോ ബുള്ളറ്റും
ഉള്ളിൽ തീർത്ത
മുറിവുകളിൽ
ചോര കിനിയുന്നുണ്ടാവും..
നിർത്താതെ..
ഒന്ന് എഴുന്നേറ്റുനില്ക്കാൻ
ഒരെളിയശ്രമം പോലും
നടക്കാതെ പോകും
അവിടവിടെചില്ലുകൾ
വീണ്ടും വീണ്ടും
കുത്തികീറി വേദന തീർത്തുകൊണ്ടിരിക്കും..
ഹൃദയത്തിൽ
മുറിവേറ്റവന്
ഒരിക്കലും ഒന്ന്
കരയാൻ പോലും
കഴിയാതെപോകും
കാരണം
കണ്ണുനീർ വറ്റി
ചോര പൊടിയുന്നുണ്ടാവും
കണ്ണുകളിൽ പോലും..
അവഗണിക്കപ്പെട്ടവന്റെ
നാവുകൾ
ഭ്രാന്ത് പൂത്തനിലാവിൽ
ചങ്ങലയാൽ
ബന്ധനസ്ഥനായവന്റെ
വാക്കുകൾ പോലെയാവും.
എത്ര വിളിച്ചു കൂവിയാലും
ഒരാളും ചെവിതരില്ല.
അവന്റെ ഹൃദയത്തിനു
വേനലിന്റെ ചൂടാണ്
പുതു മഴയെക്കാളുചിതം.
കിനിയുന്ന രക്തം
നനഞ്ഞൊലിക്കാതെ നില്ക്കാനതാണെളുപ്പം..
അവഗണനയേറ്റുറങ്ങിയവൻ
വിചിത്രമായ സ്വപ്‌നങ്ങൾ
കണ്ട് ഞെട്ടിയുണരും.
അപ്പോഴും
ആരും തുടക്കാതെ
ചോര ഒഴുകി
തളം കെട്ടിയിട്ടുണ്ടാവും
ഹൃദയം നിറയെ…