മാത്യുക്കുട്ടി ഈശോ✍
ന്യൂയോർക്ക് : ദീർഘനാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക കൺവെൻഷൻറെ തിരശ്ശീല ഉയരുന്നതിനു പത്തു ദിവസം മാത്രം ബാക്കിനിൽക്കെ 2022-24 വർഷത്തെ ചുമതലയേറ്റെടുക്കാൻ “ഫോമാ ഫാമിലി ടീം” മത്സരാർഥികളെല്ലാം വിജയ പ്രദീക്ഷയോടെ കാത്തിരിക്കുന്നു. നിരവധി അംഗ സംഘടനാ പ്രതിനിധികളിൽ നിന്നും തങ്ങൾക്കനുകൂലമായ പ്രതികരണം ലഭിച്ചിട്ടുള്ളതിനാൽ “ഫാമിലി ടീം” സ്ഥാനാർഥികളെല്ലാവരും വിജയ പ്രദീക്ഷയിൽ മുന്നേറുന്നു. തങ്ങൾ മുന്നോട്ടു വച്ച പ്രകടന പത്രികാ വാഗ്ദാനങ്ങളും പ്രൊജെക്ടുകളും ഫോമാ എന്ന സംഘടനയുടെ വളർച്ചക്ക് ഉതകുന്നതാണെന്ന് എല്ലാവർക്കും വിശ്വാസമുണ്ട്.
“അംഗസംഘടനാ പ്രതിനിധികൾക്ക് ഞങ്ങളിലുള്ള വിശ്വാസമാണ് ഒറ്റക്കെട്ടായി മത്സര രംഗത്ത് നിൽക്കാൻ ഞങ്ങളെ ശക്തീകരിക്കുന്നത്. “ഫാമിലി ടീം” ഒറ്റക്കെട്ടായി നിന്ന് തീരുമാനങ്ങൾ എടുക്കുന്നതും സംഘടനയുടെ നന്മക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നതും എല്ലാവരിലും പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിയിക്കുന്നു. ആ വിശ്വാസത്തിനു കൂടുതൽ ഉറപ്പേകാനും ഫോമായുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കാനും ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഞാനും, ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബബ്ലൂ ചാക്കോയും ഒരേപോലെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും പ്രവർത്തനങ്ങൾക്കു മേൽനോട്ടം നടത്താനും തയ്യാറാണെന്ന് നിങ്ങൾക്ക് വീണ്ടും ഉറപ്പു നൽകുന്നു. അങ്ങനെ ഒരുമിച്ചു സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏതെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ ട്രഷറർക്ക് ഏതാനും ദിവസത്തേക്ക് മാറി നിൽക്കേണ്ടി വന്നാലും ജോയിന്റ് ട്രഷറർക്ക് സുഗമമായി സംഘടനയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ ഒരു പ്രയാസവും ഉണ്ടാകുകയില്ല.” ട്രഷറർ മത്സരാർത്ഥി ജോഫ്‌റിൻ ജോസ് അറിയിച്ചു.
“സാധാരണ എല്ലാ സംഘടനകളിലും ജോയിന്റ് ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നി സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അധികമൊന്നും ചെയ്യാനുണ്ടാകില്ല. ട്രഷററും സെക്രട്ടറിയും അവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുമ്പോൾ, ജോയിന്റ് ട്രഷററും ജോയിന്റ് സെക്രട്ടറിയും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ല. എന്നാൽ ഞങ്ങളുടെ തീരുമാനം മറിച്ചാണ്. ഞങ്ങൾ ട്രഷറർ – ജോയിന്റ് ട്രഷറർ സ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ ഒരുമിച്ചു നിന്ന് ഒരേ ഉത്തരവാദിത്വത്തോടെ ഫോമായുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അത് ഫോമായുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത നൽകാൻ ഇടയാകും. പലപ്പോഴും ഫോമായിൽ അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ അതാത് കാലത്തെ പ്രസിഡന്റുമാരുടെ ആവശ്യപ്രകാരം സ്വന്തം കയ്യിൽ നിന്നും സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് ജോഫ്‌റിൻ. അങ്ങനെയൊരാൾ ട്രഷറർ സ്ഥാനത്തേക്ക് വന്നാൽ ഫോമയുടെ പ്രവർത്തനം ഭംഗിയായി മുന്നോട്ടു പോകുമെന്നതാണ് ഞങ്ങളുടെ ധൈര്യം. ഈ മത്സരത്തിൽ പങ്കെടുക്കുന്ന “ഫാമിലി ടീം” അംഗങ്ങളാരും ഒരുകാരണവശാലും, അടുത്ത സമീപ കാലത്ത് വീണ്ടും ഔദ്യോഗിക സ്ഥാനത്തേക്കുമുള്ള ഒരു മത്സരത്തിനും മുൻപോട്ടു വരുകയില്ല എന്നത് മറ്റൊരു കൂട്ടായ തീരുമാനമാണ്. പുതുമുഖങ്ങൾക്ക് ഭരണ നേതൃത്വത്തിലേക്ക് അവസരങ്ങൾ ലഭിക്കുന്നതിന് ഞങ്ങളുടെ ആ തീരുമാനം പ്രേയോജനകരം ആയിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.” ജോയിന്റ് ട്രഷറാർ സ്ഥാനാർഥി ബബ്ലൂ ചാക്കോ പ്രസ്താവിച്ചു.
ഫോമായുടെ അക്കൗണ്ടിംഗ് സിസ്റ്റം പുതിയൊരു അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിലൂടെ 2022 മുതലുള്ള എല്ലാ സാമ്പത്തിക കണക്കുകളും ഉൾപ്പെടുത്തി സുതാര്യമാക്കാനാണ് ബിസ്സിനെസ്സ് പരിചയം ഉള്ള ജോഫ്‌റിനും ബബ്ലുവും പദ്ധതിയിടുന്നത്. ആനന്ദൻ നിരവേൽ ഫോമാ പ്രസിഡന്റ് ആയിരുന്ന 2014 -16 കാലഘട്ടത്തിൽ ജോഫ്‌റിൻ ഫോമായുടെ ജോയിന്റ് ട്രഷറർ ആയി പ്രവർത്തിപരിചയം ഉള്ള വ്യക്തിയാണ്. മറ്റു പല സംഘടനകളിലെ ഔദ്യോഗിക സ്ഥാനങ്ങളിലും, ബിസ്സിനസ്സിലും പ്രാവീണ്യം തെളിയിച്ച വയക്തികളാണ് ജോഫ്‌റിനും ബബ്ലുവും.
2008-ൽ ടെന്നസിയിലെ നാഷ്‌വിൽ (Nashville) സിറ്റിയിൽ രൂപം കൊടുത്ത കേരള അസ്സോസ്സിയേഷൻ ഓഫ് നാഷ്‌വിൽ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ബബ്ലൂ. പ്രസ്തുത സംഘടനയിൽ പ്രവർത്തികമാക്കിയ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഇന്നും വിജയപ്രദമായി നടക്കുന്നു. അതിലെ പ്രവർത്തി പരിചയത്തിലാണ് ബബ്ലൂ അത്തരമൊരു ആശയവുമായി ഫോമായിലേക്കു വരുന്നത്. നിലവിൽ ഫോമായിൽ അത്തരമൊരു അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ സിസ്റ്റം സ്ഥാപിച്ചിട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
“നാഷ്‌വിൽ കേരള അസ്സോസ്സിയേഷനിൽ അക്കൗണ്ടിംഗ് സിസ്റ്റം വളരെ വിജയപ്രദമായി നടക്കുന്നു. 2008 -ലെ കണക്കും ബഡ്‌ജറ്റും ഇപ്പോഴുള്ള ട്രഷറർക്ക് നോക്കണമെങ്കിൽ അത് സിസ്റ്റത്തിൽ ലഭ്യമാണ്. കഴിഞ്ഞ വർഷങ്ങളിലെ ബഡ്‌ജറ്റ് നോക്കി അടുത്ത വർഷത്തെ പ്രവത്തനം പ്ലാൻ ചെയ്യാൻ ട്രഷറർമാർക്ക് വളരെ പ്രയോജനകരമാണ്. അതേ രീതിയിൽ ഫോമായിലും അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ സ്ഥാപിച്ചാൽ വരും വർഷങ്ങളിലുള്ള ട്രഷറർമാർക്ക് മുൻ കാലങ്ങളിലെ ബഡ്ജറ്റിംഗും അക്കൗണ്ടിങ്ങും മനസ്സിലാക്കി പ്രവർത്തിക്കാനുള്ള സൗകര്യം ലഭിക്കുന്നതാണ്. അപ്പോൾ ട്രഷററിനും ജോയിന്റ് ട്രഷററിനും വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഇരുന്ന് ഒരേപോലെ പ്രവർത്തിക്കാൻ സൗകര്യമായിരിക്കും. അങ്ങനെ സംഘടനയിലെ സാമ്പത്തിക ഇടപാടുകൾക്കു കൂടുതൽ സുതാര്യത ലഭിക്കും. സോഫ്റ്റ്‌വെയർ പ്രാവർത്തികമാക്കി കഴിഞ്ഞാൽ അടുത്ത വർഷങ്ങളിൽ ചുമതലയേൽക്കുന്നവർക്കു എത്ര വർഷത്തെ കണക്കുകളും സിസ്റ്റത്തിൽ ലഭ്യമായിരിക്കും.” ബബ്ലു ചാക്കോ വെളിപ്പെടുത്തി.
സെപ്റ്റംബർ 3 -നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന “ഫാമിലി ടീം” സ്ഥാനാർഥികളായ – പ്രഡിഡൻറ് ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി വിനോദ് കൊണ്ടൂർ, ട്രഷറർ ജോഫ്‌റിൻ ജോസ്, വൈസ് പ്രസിഡൻറ് സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി ബിജു ചാക്കോ, ജോയിന്റ് ട്രഷറർ ബബ്ലൂ ചാക്കോ എന്നിവരെയെല്ലാം വിജയിപ്പിക്കണമെന്ന് സ്ഥാനാർഥികളായ ജോഫ്‌റിൻ ജോസും ബബ്ലൂ ചാക്കോയും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.