രചന : സതി സുധാകരൻ പൊന്നുരുന്നി ✍
കുട്ടനാടൻ പെണ്ണേ എൻ്റെ കൊച്ചു
കൂട്ടുകാരി തൊട്ടാവാടിപ്പൂവു പോലെ
വാടി നില്പതെന്തേ …
ചെന്താമരത്തണ്ടാലൊരു മാല കോർത്തു നിന്നെ
പുന്നാരപ്പും തോണിയേറ്റി കൊണ്ടു പോകാം പെണ്ണേ…
കൊയ്ത്തരിവാളേന്തി നില്ക്കും
കൊച്ചുകൂട്ടുകാരി കൺമിഴിക്കോണു
കൊണ്ട് പാട്ടിലാക്കിയെന്നെ !
പൊട്ടിവരും കതിർക്കുലകൾ
കാറ്റിലാടിവന്ന് കാതിലൊരു കിന്നാരം
ചൊല്ലിപ്പോയ തെന്തേ?
നീലാഞ്ജനക്കണ്ണെഴുതി കരിമുകിലിൻ കൂട്ടം
നീലിമലക്കുന്നിലൂടെ ഒഴുകി നടപ്പതുണ്ടേ…
കൊതുമ്പുവള്ളം തുഴഞ്ഞു വന്ന
കുട്ടനാട്ടുകാരി പട്ടുചേലവാങ്ങിത്തന്ന്
കൊണ്ടുപോകാം നിന്നെ
കാട്ടരുവിച്ചോലയിലെ കാട്ടുമുളങ്കൂട്ടം
പുല്ലാങ്കുഴലൂതി നില്ക്കണ കാഴ്ചകളും കാണാം.
മഴമേഘം കണ്ടു നിന്ന് നീലമയിൽക്കൂട്ടം
പിലി വിരിച്ചാടുന്ന കാഴ്ചകളും കാണാം
വട്ടയിലപ്പന്തലിട്ടു നാട്ടുകൂട്ടം കൂടി ,
ആർപ്പും കുരവയുമായ് താലിചാർത്താം നിന്നെ…
കുട്ടനാടൻ പെണ്ണേ എൻ്റെ കൊച്ചു കൂട്ടുകാരി
പുന്നാരപ്പും തോണിയേറി വന്നിടാമോ കൂടെ!