രചന : ചെറുകൂർ ഗോപി✍
പിരിയേണ്ട രാവടുക്കുന്നു
ശാരികേ ,
പിരിയുവാനായ് നാം
അടുത്തുവെന്നോ……..!
പ്രിയമാണു നീയെനിക്കെന്നും;
എങ്കിലും, പിരിയുന്നു നാം
ആർക്കു വേണ്ടിയെന്നോ….?
വിധിയോടുരുമ്മി നടന്നു നാം
വഴികളിൽ, വിലപിച്ചതെല്ലാം
മൂകമായി…….!
വിരിവെയ്ച്ചുറങ്ങുന്ന വഴി, യമ്പലങ്ങളിൽ മൗനം
ഭജിക്കുന്ന രണ്ടുപേർ നാം …..!
അന്ധമായല്ലതെൻ സ്നേഹത്തിനുൾത്തടം;
അന്തരം പേറുന്നു
ഹൃദയത്തിനുൾത്തടം…..!
വേരറ്റുപോയ, തായ്വഴിയിലൂടെത്രയോ
വേറിട്ടൊരോർമ്മയും
വേദന മാത്രമായ്…….!
ഉദയം തുടുത്തപോൽ
മുഖമെത്ര കണ്ടു നാം;
ഉദകുമൊ രാശ്വാസമില്ലാതെ,
ജീവിതം……!
ബന്ധിതരല്ല നാം,
എങ്കിലും കൂടി
ബന്ധിച്ചിടും മനം
ചങ്ങലപ്പൂട്ടുമായ്……!
പിരിയേണ്ട രാവടുക്കുന്നു
ശാരികേ,
പിരിയുവാനായ് നാം
അടുത്തുവെന്നോ…..!!