രചന : ഷാജു കെ കടമേരി✍
നിങ്ങളെന്തിനാണെന്റെ
വരികളെ കൊടും മഴയത്ത് നിർത്തിയിരിക്കുന്നത്
നീതിക്ക് വേണ്ടി പിടയ്ക്കുന്ന
ദാഹങ്ങളെ തീക്കടലിൽ മുക്കി
ഞെരിക്കുമ്പോഴൊക്കെയും
ഓടിയെത്തി
കാവൽമാലാഖമാരാകുന്ന
വാക്കുകളെ
നിങ്ങളെന്തിനാണിത്ര
ഭയക്കുന്നത്
ചരിത്രപുരുഷന്മാർ
വിയർപ്പ് തുള്ളികൾ കൊണ്ട്
വരച്ച സുവർണ്ണ ചിത്രങ്ങളിൽ
കുടഞ്ഞ് വീണ ചോരതുള്ളികൾ
കഴുകി തുടച്ച്
പുതുമഴ വരയ്ക്കാൻ
നിനയ്ക്കുമ്പോഴൊക്കെ
ഇടയ്ക്ക് കയറി വന്ന്
ഒന്നിച്ച് പെയ്ത ആകാശത്തിന്റെ
ചിറകുകളരിയാൻ
നിങ്ങളെന്തിനാണ് വീണ്ടും
കൊലക്കത്തിയെടുക്കുന്നത്.
കണ്ണീർതൂവലുകൾ
പറന്ന് നടന്ന
ഭൂമിയുടെ മടക്കുകളിൽ
വിവേചനത്തിന്റെ തീച്ചുവടുകൾ
നമ്മളിലേക്കിറങ്ങി വരുമ്പോൾ
ചിന്തയുടെ ഭൂപടത്തിൽ വീണ്ടും
തീക്കനൽ ചിറകുകൾ
വാക്കുകളുടെ തീമഴതുമ്പ്
പിടിക്കുന്നു.
സത്യത്തിന്റെ
തെളിനീരൊഴുക്കിൽ
വിഷം കുടഞ്ഞിട്ട കപടതയുടെ
മസ്തകം വെട്ടിപ്പൊളിച്ച്
വർത്തമാനകാലത്തിന്റെ
ഉള്ളറകൾ പിളർന്ന്
പിറവിയെടുക്കാൻ
കാത്തിരിക്കുന്നുണ്ട്
പുതിയൊരു പ്രവാചക ജന്മം…..