രചന : സന്ധ്യാ സന്നിധി✍
പ്രണയമാണെന്നോ…
പ്രാണനാണെന്നോ
ഒരിക്കൽപോലും അയാളെന്നോട് പറഞ്ഞിരുന്നില്ല.
ഞങ്ങളിടത്തായിരിക്കുമ്പോൾ
തമ്മിലവകാശികളാകുമെന്നല്ലാതെ,
അന്യോന്യം അവകാശങ്ങളൊന്നും തമ്മിലടിച്ചേൽപ്പിക്കുകയോ
പരസ്പരം മറച്ചുപിടിക്കുകയോ ചെയ്തിരുന്നില്ല.
ഒരടയാളങ്ങളും അയാളെനിക്ക് ചാർത്തിതന്നിരുന്നില്ലെങ്കിലും
അയാളെന്ന അടയാളങ്ങളില്ലാത്തിടങ്ങൾ എന്നിലൊരിടത്തുമില്ലായിരുന്നു..
അന്ന്,
പോകുന്നതിന്റെ പിറ്റേന്നാണ് തുളുമ്പിവന്ന കണ്ണുകൾ
എന്നിൽ നിന്ന് മറയ്ക്കാനെന്നോണം
അയാളെന്നെ നിർബന്ധപൂർവ്വം
ആ പള്ളിവാതിൽക്കലിറക്കിവിട്ടത്..
ദൃഷ്ടികൾ എവിടേക്കൊക്കെയോ
പായിക്കാൻ ശ്രമിച്ച്
മറ്റെവിടേക്കോ നോക്കിക്കൊണ്ടയാൾ പോകട്ടേ..എന്ന് മന്ത്രിച്ചു.
വിദൂരതകളിലൊക്കെ
പരതി പരാജയപ്പെട്ട
അയാളുടെ കണ്ണുകളൊടുവിൽ എന്നിൽതന്നെ എത്തിനിന്നതും തുളുമ്പിനിന്നുവിറച്ചതും പാതിമങ്ങലോടെ ഞാനും കണ്ടുനിന്നു.
ഓർക്കാപ്പുറത്ത് തീപ്പൊള്ളലേറ്റ പിടച്ചിലോടെയാണ് ഞങ്ങളിരുവരും യാത്രപറഞ്ഞകന്നത്.
അയാൾ അകന്നകന്നുപോകെ,
എന്റെ ശ്വാസക്കുഴലുകൾ
ആരോ മൂടിയടച്ചുപോലെയും
ഏതോ ഒരു കൊടിയനോവിനെ നെഞ്ചേറ്റിയപോലെയും
ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടേയിരുന്നു.
കരയിലകപ്പെട്ടുപോയ കടൽമത്സ്യത്തിന്റെ
ശ്വാസത്തിനു വേണ്ടിയുള്ള പിടച്ചിലോടെ,
ദൂരേക്ക് ദൂരേക്കകന്നുപോകുന്ന
അയാളുടെ വെളുത്തവാഹനം
നോക്കി നിൽക്കെ അതുവരെയില്ലാത്ത അപൂർവ്വമായൊരാനന്ദം
എന്റെ ഉള്ളിലാകെ അനുഭവപ്പെട്ടു.
എന്തിനായിരിക്കും അയാളുടെ കണ്ണുകൾ നിറഞ്ഞത്..?
നിറഞ്ഞുവന്ന കണ്ണുകൾ അയാളെന്തിനാകും എന്നിൽനിന്ന് മറയ്ക്കാൻ ശ്രമിച്ചത്..?
വിട്ടുപോകാമായിരുന്നിട്ടും
കളഞ്ഞുപോയതെന്തോ
തിരഞ്ഞുനിൽക്കുന്നപോലെ
വീണ്ടും വീണ്ടും എന്തിനാകും അയാളെന്നോട് എന്തൊക്കെയോ മിണ്ടിപ്പറഞ്ഞുകൊണ്ടേയിരുന്നത്.?അയാൾ മൂർദ്ധാവിലുമ്മ വെച്ചുമാറിയപ്പോൾ എങ്ങനെയാണെന്റെ നെറുകയിലെ മുടികളത്രമാത്രം നനഞ്ഞിരുന്നത്..?
ഓർക്കുന്തോറും നിറഞ്ഞുനിന്ന
ആ കണ്ണുനീരിന്റെയും കരസ്പർശത്തിലെ വിരൽബന്ധനങ്ങളുടെയും അർത്ഥങ്ങളും ഒരുപാടുത്തരങ്ങളും
എനിക്ക് തിരിച്ചറിയാനാകുന്നു.
ജീവിതത്തിലാദ്യമായ്
മറ്റൊരാളുടെ നിറഞ്ഞകണ്ണുകളെന്നെ ഒരേസമയം ആനന്ദഭരിതയും ഏറ്റവും വലിയ ഭാഗ്യവതിയുമായി തോന്നിപ്പിച്ചു.
അയാളോടൊത്തായിരിക്കുമ്പോളൊക്കെ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ തന്നെയായിരുന്നു എന്ന ഓർമ്മതന്നെ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ആ അപൂർവ്വനിമിഷങ്ങളിലെ അടരാത്ത ഓർമ്മകളുടെ അടക്കംപിടിക്കലുകളിൽ
ഇതാ……,
ഞാൻ അടുത്ത വസന്തകാലത്തേക്കുമെന്നെ
ഒരുക്കി വെച്ച്
ആ പള്ളിവാതിൽക്കൽ കാത്തുനിൽക്കുന്നു.