രചന : വിദ്യാ രാജീവ്✍️

ആദിയുമന്ത്യവും അജ്ഞാതമായ സഞ്ചാര-
പഥങ്ങളിലൂടെ കാലവിളംബമില്ലാത്ത
യാത്ര തുടങ്ങിയിട്ട് കാലമേറെയായി.
നടന്നു നീങ്ങുമോരോ കാൽപാടുകളും
പൂഴിയിലൂറി വീണ വിയർപ്പുകണങ്ങളും
അടയാളപ്പെടുത്തിയത് അടർന്നു
വീണ ജീവകണങ്ങൾ.
വിശ്രമമേകിയ വഴിയമ്പലങ്ങൾ,വിശപ്പാറ്റിയ
പാഥേയങ്ങൾ,ദാഹമുക്തിയേകിയ വഴികിണറുകൾ,കാട്ടരുവികളും,
നിദ്രപൂകിയ മരച്ചുവടുകളുമെല്ലാം.
എന്നുമെന്റെ വഴിത്താരയിലെ
ജീവിതത്തെ ആകർഷിച്ച
കാന്തികവലയങ്ങളായിരുന്നു.
തപം ചെയ്തിരുന്ന നാളുകളകലെയാക്കി
ആത്മബന്ധങ്ങളിൽ നിന്ന് വിട്ടകന്ന്
ദേശങ്ങൾ തോറും ഭാണ്ഡവുംപേറിയയീ
യാത്ര കാലാന്തരത്തിൽഅവസാനിയ്ക്കവേ,
അറിയുന്നു ഞാനുമാ സത്യം.
ഒരു വിളിപ്പാടകലെ ഒരു ദിനം
എൻ ശരീരത്തെ കാർന്നു തിന്നുന്ന
അർബുദം മറനീക്കി വരുമെന്ന സത്യം.
മൃത്യുവിൻ വാതായനങ്ങൾ തുറക്കപ്പെടുന്ന
ആ ദിനത്തിൽ ദേഹത്യാഗം ചെയ്തു
നിർവ്വാണം പൂർത്തിയാക്കി പോകേണം.
അതുവരെതുടരുമീയാത്ര,
ഒരു ദേശാടനപക്ഷിയെപോലെ.

By ivayana