രചന : പുഷ്പ ബേബി തോമസ്✍️
ആരുമറിയാതെ
ആരെയുമറിയിയ്ക്കാതെ
എന്റെയും നിന്റെയും ഉൾത്താരിൽ
നിഗൂഢമായി സൂക്ഷിക്കുമ്പോഴാണ്
പ്രണയം പ്രണയമാവുന്നത്.
ഏറ്റം പ്രിയമുള്ളവർ
ചുറ്റുമുള്ളപ്പോഴും
നിനക്കായി മാത്രമെൻ
മനം തുടിക്കുമ്പോഴാണ്
പ്രണയം പ്രണയമാവുന്നത്.
നിന്മുഖം മാത്രമെൻ
അകക്കണ്ണിൽ നിറയുമ്പോഴാണ്
പ്രണയം പ്രണയമാവുന്നത്.
നീ തരാത്ത ചുംബനങ്ങളെന്നെ
പൊള്ളിയ്ക്കുമ്പോഴാണ്
പ്രണയം പ്രണയമാവുന്നത്.
പ്രണയിക്കാതിരിക്കാൻ
നമുക്കാവില്ലെന്ന സത്യം
തിരിച്ചറിയുമ്പോഴാണ്
പ്രണയം പ്രണയമാവുന്നത്.
ഞാനെന്നെ പ്രണയിക്കുന്നതിലേറെ
ഞാൻ നിന്നെ പ്രണയിക്കുമ്പോഴാണ്
പ്രണയം പ്രണയമാവുന്നത്.
🥀
ഫോട്ടോ ലേഖ സൂസ്സൻ ജേക്കബ്