രചന : താഹാ ജമാൽ✍️
നാളുകൾക്ക് ശേഷം എഴുതിയ കവിത
‘ ഏകാന്തത മാത്രം കൂട്ടുവരുന്ന ചില രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടപ്പോൾ,
ചിന്തകൾ പൊരുത്തക്കേടുകളായി എന്നെ വരിയുന്നു. ഇടയിൽ മനസ്സ് തുടലിൽ തളച്ചിടപ്പെടുന്നു. കിനാവിൽ നിന്നും കിളികൾ അന്യദേശത്തേക്ക് , അക്ഷരം കൊത്തിപ്പറക്കുന്നു. മറവിയിൽ ഇടറപ്പെട്ട് വസന്തങ്ങൾ ജീവിതത്തിൽ നിന്നും തെന്നി മാറുന്നു. ഒരു പാലപ്പൂവിൻ്റെ ഗന്ധം മാത്രം ചുറ്റും നിറയുന്നു’.
ഉളളാൽ
ഊട്ടുന്ന ഊട്ടുപുരയിൽ
വിരുന്നൊരുക്കി മടുത്തതിനാലാണ്
കടത്തിണ്ണയിലിരുന്ന്
ഇന്നയാൾ
ഒരു പൊതിച്ചോർ ഊട്ടുന്നത്
അഭിമാനികളും
നന്ദിയുള്ളവരും.
നാടുനീങ്ങിയതിനാൽ
ആ കാഴ്ചയിലേക്ക് നോക്കാത്ത
കണ്ണുകളായിരുന്നു അധികവും.
ഉപേക്ഷിക്കപ്പെട്ട പൊതികളെല്ലാം
തുറന്നു നോക്കി ഓരോന്നും
പകലറുതിയുടെ കടത്തിണ്ണയിൽ
അയാൾ വെന്തൊലിക്കുന്നു
ആകാശത്ത് ജനിയ്ക്കുന്ന
താരകങ്ങൾ അയാളെ മാത്രം
നോട്ടം വെച്ചിരിക്കുന്നു
തലയ്ക്കുനേരെ വരുന്ന ഓരോ
പ്രകാശവും അയാൾ വിരലുകൾ കൊണ്ട്
മറച്ചു പിടിയ്ക്കുന്നു
ഭൂമിയും, ആകാശവും, കടലും,
മറച്ചു പിടിയ്ക്കാൻ ശീലിച്ചതിനാൽ
അയാൾ സ്വയം സംസാരിക്കുന്നത്
എന്നും ഉച്ചത്തിലായിരുന്നു
തൊട്ടടുത്ത ടാക്കീസിലെ നൂൺഷോയ്ക്ക്
പണ്ട് തള്ളു പിടിച്ചവർക്കറിയാം
ഞരക്കങ്ങൾക്കിടയിലെ ഒച്ചപ്പാട്
അയാളുടേതാണെന്ന്
കൈകൾ പേടികൂടാതെ
സൂര്യനെ മറയ്ക്കുന്ന
അയാൾക്കുണ്ടോ
വെയിലും മഴയും
കണ്ണുകളിൽ തിളങ്ങുന്ന
സൂര്യപ്രകാശത്തിനുണ്ടോ
കണ്ണുനീരിൽ മുങ്ങിച്ചാകാൻ കൊതി