രചന : സുബി വാസു ✍
ഓർമ്മകൾകൊണ്ടൊരു
വസന്തം തീർത്തു
മെല്ലെയാതണലിൽ ചാഞ്ഞിടുമ്പോൾ
മഴവില്ലായ് മാഞ്ഞുപോയൊരാ
മാമ്പഴക്കാലത്തിൻ മധുരിമയിൽ
ഓടിക്കളിച്ച പകലുകളിൽ
പെറുക്കിയെടുത്തെത്ര മഞ്ചാടിമണികൾ
നനുത്തൊരു മഞ്ഞുതുള്ളിയായി
പെയ്തൊരാ കൗമാര
കൊഞ്ചലും കുറുകലും
പുല്കണങ്ങളിൽവെയിലേറ്റ്
മഴവില്ലായ് തെളിഞ്ഞു നിന്നു
പിന്നെയലിഞ്ഞുപോയി
ഒരു കുഞ്ഞു മഴയായി
കുണുങ്ങി കുണുങ്ങി
പെയ്തൊഴിഞ്ഞു പോയൊരാ
യൗവന തുടുപ്പിൽ
വാകമരങ്ങൾ പൊഴിക്കുമാ
അരുണവർണ്ണത്തിൽ
വിടർന്നോരാ പ്രണയാഗ്നികളിൽ
വിരഹത്തിൻ നോവുകളെഴുതിയ
ഗ്രീഷ്മങ്ങളും
അകലെയലകടലിൽ
സന്ധ്യയിലൊരു സിന്ദൂരമായി
ചേർന്നൊരാ സൂര്യനും
ഇരുട്ടിന്റ കമ്പളം പുതചൊരുമിച്ചു റങ്ങിയാ രാവുകളിൽ
ത്തൂമഞ്ഞിൻ കണം പോലെയെന്നിൽ പെയ്തിറങ്ങിയ നീയും
ഓർമകളായിഎന്നിൽ വർഷിക്കുന്നു.