രചന : സണ്ണി കല്ലൂർ ✍
ഇല പോലും അനങ്ങുന്നില്ല. കുറെശ്ശെ വിയർക്കുന്നുണ്ട്. ജോക്കി സൈക്കിൾ തള്ളിക്കൊണ്ട് പാർക്കിലൂടെ നടക്കുകയാണ്. എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല അത്രക്ക് ജനം..
മെയിൻ റോഡിൽ വണ്ടികൾ കൂട്ടമായി ഹോണടിക്കുന്ന ശബ്ദം. ഒരു ജാഥ വരുന്നുണ്ട്, കൊടികൾ. പോലീസ് വണ്ടി…. തിരിച്ചറിയാനാവാത്ത മുഖങ്ങളും ശബ്ദകോലാഹലവും എന്തിന് വേണ്ടിയാണെന്ന് അറിയില്ല. ഏറ്റവും തിരക്കുള്ള സമയം അഞ്ചുമണി..
ഈ ജനം ഒരുകാലത്തും നന്നാവില്ല. ജോക്കി സ്വയം പറഞ്ഞു. കായൽവക്കിലെ സിമൻറുകെട്ടിൽ ഇരുന്നു.
കമ്പ്യൂട്ടർ എൻജിനീയറാണ്, യുഎസ്സിൽ പോകണം പഠിക്കണം പിന്നെ ജോലി. വലിയ ആഗ്രഹം, ഡാഡിയോട് പണം ചോദിക്കാൻ മടി, വലിയതുക വേണം, ഇഷ്ടം പോലെ കൂട്ടുകാർ… മീനും ലതേം, അശുവും എല്ലാവരോടും സ്നേഹമാണ്. പക്ഷേ കൂടുതൽ അടുക്കാൻ കഴിയുന്നില്ല.
സാറെ കപ്പലണ്ടി.. ഒരു പയ്യൻ പൊതി നീട്ടി.
വേണ്ടെന്ന് ജോക്കി കൈകൊണ്ട് ആംഗ്യം കാട്ടി.
എടാ ജോക്കി നീ എന്താ ഇവിടെ… നിരാശയാണോ.. മീനുവുമായി ഉടക്കി എന്നു കേട്ടു.
മണി … എന്താണ് പരിപാടി..
ജേക്കബ് എന്നാണ് പേര് കൂട്ടുകാർ വിളിക്കുന്നതാണ് ജോക്കി. മണി അടുത്ത കൂട്ടുകാരൻ കൂടെ കണ്ടു പരിചയമില്ലാത്ത ഉയരമുള്ള മനുഷ്യൻ ആരും നോക്കി പോകുന്ന വസ്ത്രധാരണം കൂളിങ്ങ് ഗ്ലാസ്സ്.
മണി ജോക്കിയുടെ കൈയ്യിൽ പിടിച്ചു. ഇത് ഉസി… ഹുസൈൻ സിംഗപ്പുരിലാണ് ജോലി.
ഉസി ചിരിച്ചു കൊണ്ട് കൈനീട്ടി പരിചയപ്പെട്ടു.
നിനക്ക് നാട്ടിൽ നിൽക്കാൻ ഇഷ്ടമില്ല ആഫ്രിക്കയിൽ പോകണമെന്ന് വലിയ ആഗ്രഹമല്ലേ.. ദേ ഉസിയോട് പറഞ്ഞാൽ മതി എവിടെ വേണമെങ്കിലും പോകാം. മണി പറഞ്ഞു.
ജോക്കി, ഞാൻ കൂടുതൽ പരിചയപ്പെടുത്തി സമയം കളയുന്നില്ല ഞങ്ങളുടെ കമ്പനിക്ക് ഉദ്ദേശം ഒരാഴ്ച സമയത്തേക്ക് കമ്പ്യൂട്ടറിൽ പരിചയമുള്ള ഒരാളെ വാടകയ്ക്ക് വേണം.. മണി പറഞ്ഞു ജോക്കി എക്സ്പെർട്ടാണെന്ന് എന്തു പറയുന്നു…
അതിനെന്താ ഞാൻ കഴിയുന്ന സഹായം ചെയ്യാം.
ഓ കെ.. ജോക്കിക്ക് സമ്മതമാണെങ്കിൽ നാളെ ഈ സമയത്ത് ഇവിടെ വച്ച് കാണാം
ഞാൻ വരാം. എനിക്ക് ഇഷ്ടം പോലെ സമയം ഉണ്ട്.
നമുക്ക് ഒരു കാപ്പി കുടിച്ചാലോ…. കോഫീഹൗസിൽ പോകാം മണിയുടെ ക്ഷണനം.
ശരി.. അവർ റോഡിലേക്ക് നടന്നു.
അന്നു രാത്രി ജോക്കി ഉറങ്ങിയില്ല. നാളെ എന്തായിരിക്കും അയാൾ പറയുക. പെട്ടിയും തൂക്കി വിമാനത്തിനടുത്തേക്ക് നടന്നു പോകുന്നത് അയാൾ മനസ്സിൽ കണ്ടു. ഫോണെടുത്ത് കൂട്ടുകാരുടെ മെസേജുകൾ അയാൾ വായിച്ചു ഇതിനിടെ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേ ദിവസം രാവിലെ പ്രതീക്ഷിക്കാതെ ഡാഡിയോടൊപ്പം ഷോപ്പിംഗിന് പോയി തിരിച്ചെത്തിയപ്പോൾ ഉച്ചയായി, കൂട്ടുകാരനെ കാണണമെന്ന് പറഞ്ഞ് മൂന്നു മണിയായപ്പോൾ സ്ഥലം വിട്ടു.
പറഞ്ഞ സമയത്തിന് മുൻപ് പാർക്കിലെത്തി, ഇന്ന് ആൾ കുറവാണ്. അന്തരീക്ഷം മൂടി കെട്ടിനിൽക്കുന്നു. ബഞ്ചിലിരുന്ന് ഫോൺ കൈയ്യിലെടുത്തു.
ജോക്കി നേരത്തെ വന്നല്ലോ.. ഉസി..
വെളുത്ത വേഷം ഇന്നലെ കണ്ട ആളാണെന്ന് തോന്നില്ല.
വാ നമുക്ക് ആ മരത്തിൻറ തണലിലെ ബഞ്ചിലിരിക്കാം.. ഉസി പറഞ്ഞു.
ജോക്കി ഞാൻ അൽപം തിരക്കിലാണ് എട്ടുമണിക്ക് ഫ്ലൈറ്റ് ഉണ്ട്. ഇത് രണ്ട് ടാബലറ്റ് ആണ്. വീട്ടിലെത്തിയാൽ ചാർജ് ചെയ്യണം, ഒരെണ്ണം എപ്പോഴും തയ്യാറായിരിക്കണം പ്രോഗ്രാം ബ്രേക്ക് ആകാൻ പാടില്ല.
ഞങ്ങളുടെ കമ്പനിക്ക് രണ്ടു ദിവസത്തേക്ക് ഒരു പരസ്യം കൊടുക്കണം, അത് ഒരേ സമയത്ത് പല ഭാഷകളിൽ ലോകം മുഴുവൻ കാണാൻ കഴിയും.
ജോക്കി എന്തു ചെയ്യണമെന്ന് മാസ്റ്റർ ടാബലറ്റ് വഴി പറയും, ഇതു കൊണ്ട് പുറത്തു പോകരുത്, സൂക്ഷിക്കണം. ആറു ദിവസത്തേക്ക് മറ്റു പരിപാടികൾ ഒന്നും വേണ്ട. മനസ്സിലായോ.
മനസ്സിലായി ജോക്കി തലകുലുക്കി.
കാര്യം നിസ്സാരമാണ് മാസ്റ്റർ പറയുന്നത് അനുസരിക്കുക.
ഉസി ജോക്കിയെ ടാബ്ലറ്റ് അടങ്ങിയ പാക്കറ്റ് ഏൽപ്പിച്ചു.
പാസ്സിൻറ കോപ്പി ഈ അഡ്രസ്സിൽ അയക്കുക, മറ്റു വിവരങ്ങൾ പിന്നീട്, പതിനഞ്ചുദിവസത്തിനകം സിംഗപ്പൂരേക്ക് ടിക്കറ്റ് ലഭിക്കും അവിടെ ഒരുമാസത്തെ താമസം ഹോട്ടലിൽ അതിനിടക്ക് യുഎസ്സിൽ പഠിക്കുവാനുള്ള അനുമതി കിട്ടും തുടർന്ന് ആറുമാസത്തെ സപ്പോർട്ട് ഉണ്ടാകും പിന്നെയെല്ലാം ജോക്കിയുടെ ഇഷ്ടം പോലെ. ഓകെ
ഉസി കൈനീട്ടി, ശേഷം ജോക്കിയെ കെട്ടിപിടിച്ചു,
പിന്നെ ഉസി ആൾകൂട്ടത്തിൽ അലിഞ്ഞു പോയി.
ജോക്കി വളരെ വേഗം വീട്ടിലെത്തി, രണ്ടു ഗ്ലാസ്സ് തണുത്ത വെള്ളം കുടിച്ചു. ഒന്നും അറിയാത്ത പോലെ എല്ലാവരുമായും കുറച്ച് വർത്തമാനം പറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു.
പ്രത്യേകം കീബോർഡുള്ള രണ്ട് സുന്ദരൻ ടാബലറ്റ് അതിൽ ഇതുവരെ കാണാത്ത് ഒരു നീല ബട്ടൺ. ഒരെണ്ണം ഓണാക്കി, സാധാരണ ടാബലറ്റുകൾ പോലെ പ്രത്യേകത ഒന്നു തോന്നിയില്ല. ഫയലുകൾ ഒരോന്നായി തുറന്നു. ബൈബിൾ, ഗീത, മുഹമ്മദ്റാഫിയുടെ മനോഹരമായ പാട്ടുകൾ… ഇതെന്തു തമാശ ആളെ പറ്റിക്കുകയാണോ. ജോക്കി പതുക്കെ പറഞ്ഞു.
പൊടുന്നനെ ഇൻബോക്സിൽ ഒരു ഹലോ.. പിന്നെ ജോക്കി വെൽക്കം.. ഞാൻ മാസ്റ്റർ ആണ്, നമ്മൾ താമസിയാതെ പണി തുടങ്ങുകയാണ്.
നീല ബട്ടൺ അമർത്തുക,
നമ്മൾ ഒരു പരസ്യം കൊടുക്കുകയാണ് ഒപ്പം 48 മണിക്കൂർ സമയം ഒരു കൗണ്ടിങ്ങ് തുടങ്ങും..
ചിത്തിരകൊയിൻ വിൽപന തുടങ്ങുന്നു, ആദ്യത്തെ 9999 പേർക്കു മാത്രം വില 90 രൂപ മാത്രം നീ കണ്ടോ മാസ്റ്റർ ചോദിച്ചു
കാണുന്നുണ്ട് ഇപ്പോൾ 47 മണിക്കൂർ 58 മിനിറ്റ് 10 സെക്കൻറ്.
കറക്റ്റ്, കൗണ്ടിങ്ങ് കഴിയുന്നതു വരെ നിനക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. പിന്നെ കാണാം…
മാസ്റ്റർ ആരായിരിക്കും…. ഇനി ഹുസൈൻ തന്നെയായിരിക്കുമോ. ജേക്കബ് ആലോചിച്ചു. ആരായാലെന്താ.. എന്തൊക്കെയോ രഹസ്യം ഉണ്ട്. തെറ്റായത് ഒന്നും താൻ ചെയ്യില്ല. തീർച്ച. ചിലപ്പോൾ പുതിയത് എന്തെങ്കിലും പഠിക്കുവാൻ കഴിയും.
പിറ്റേ ദിവസം വീണ്ടും മെസ്സേജ്.. ജോക്കി ഇനി എത്ര സമയം ഉണ്ട്.
23 മണിക്കൂർ 15 മിനിറ്റ്.
ഗുഡ്.. അപ്പോൾ നീ കാണുന്നുണ്ട്.
ഭയപ്പെടേണ്ട ഇത് ഒരു കംപ്യൂട്ടർ ഗെയിം ആണെന്ന് വിചാരിച്ചാൽ മതി.
നീ ഇപ്പോൾ ബ്ലാക്ക്നെറ്റിൽ ആണ്. പിന്നീട് ഗ്രേഹോളിലേക്ക് പോകും ഈ ഡാറ്റകളൊന്നും നിനക്കോ എനിക്കോ മറ്റ് ആർക്കെങ്കിലുമോ കാണാൻ കഴിയില്ല. അതെല്ലാം വളരെ പിന്നിലേക്ക് പൊയ്ക്കഴിഞ്ഞു. ആയിരമോ പതിനായിരമോ വർഷങ്ങൾ, ഒരോ ദിവസവും നിൻറ സ്ഥാനം ഇപ്പോൾ ചന്ദ്രൻറ പിന്നാമ്പുറത്തെ ഏതോ തടാക കരയിലാണ്. വേണമെങ്കിൽ നിൻറ ടാബലറ്റ് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനതാവളത്തിലെ സമയം 2 മണിക്കൂർ പിന്നോട്ടാക്കാൻ കഴിയും
കഥ പറയുകയാണോ ജോക്കി ഇടക്ക് ചോദിച്ചു.
അല്ല. വാസ്തവമാണ്.. ബൈ ബൈ.. മാസ്റ്റർ പോയി.
അടുത്ത ദിവസം. സമയം തീരാൻ അരമണിക്കൂർ കൂടി ബാക്കിയുണ്ട്. ചിത്തിരകൊയിൻറ വിൽപന തുടങ്ങും.. ജോക്കിക്ക് ആകാംക്ഷ. ബാത്തുറൂമിൽ പോയി മുഖം നന്നായി കഴുകി, അടുക്കളയിൽ ചെന്ന് രണ്ട് പഴം എടുത്തു തിന്നു.
സാറ് ഭയങ്കര തിരക്കിലാണല്ലോ,, പരീക്ഷ വല്ലതും ഉണ്ടോ.. മമ്മി.
ഞാൻ ഒരു പുതിയ ഗെയിമിലാണ് ഒരു പിടിയും കിട്ടുന്നില്ല, ജോക്കി രക്ഷപ്പെട്ടു.
നാല്… മൂന്ന്..രണ്ട് ഒന്ന്. സമയം കഴിഞ്ഞു.
ടാബലറ്റിൽ കടും നിലനിറത്തിൽ 0 മുതൽ 9999 വരെ മിന്നി മറയുന്നു. നീലനിറത്തിൻറ കടുപ്പം കുറഞ്ഞു വരുന്നു. ഒരു വശത്ത് കൊയിനിൻറ വില 500 ന് മുകളിലായി..
ജോക്കി ശ്വാസം പിടിച്ച് നിൽക്കുക്കുകയാണ്. വലിയ തുകകൾ ഡോളർ യൂറോ പൗണ്ട് യെൻ പിന്നെ ബാങ്കുകളുടെ പേരുകൾ വായിക്കാൻ കഴിയുന്നില്ല കൊയിനിൻറ വില 2000 കഴിഞ്ഞു. ചിലപ്പോൾ താൻ യെസ് അമർത്തേണ്ടി വരുന്നു. നോ അനങ്ങുന്നില്ല.
ഒരു മൂലയിൽ സമയം കുറഞ്ഞു വരുന്നു.. ഇനി 2 മണിക്കൂർ ഏതാനും മിനിറ്റ് കൂടിയുണ്ട്, 0 മുതൽ 9999 വരെ ആവർത്തിക്കുന്നു ഇപ്പോൾ പച്ചനിറം..
വാതിലിൽ മുട്ടുന്ന ശബ്ദം
ഡാഡിയാണ് നീ കമ്പ്യൂട്ടറിലാണോ..
ഡാഡീ അൽപം കുഴഞ്ഞ പ്രശ്നമാണ്..
എൻറ സഹായം വേണോ..
വേണ്ട.. വേണ്ട..
അദ്ദേഹം വാതിലടച്ചു പോയി..
ഒരു പിടിയും കിട്ടുന്നില്ല, മാസ്റ്റർ പിന്നെ വന്നിട്ടില്ല.
അക്കങ്ങൾ മഞ്ഞനിറത്തിലേക്ക് മാറുന്നു. മാസ്റ്റർ പറഞ്ഞത് കോയിൻ 9999 പേർക്ക് മാത്രമാണെന്നാണ്, അങ്ങനെയല്ലല്ലോ, ഒരോ നിറത്തിനും അതിൻറ് വക ഭേദത്തിനും 9999 വീതം ഉണ്ടാകണം അങ്ങനെയെങ്കിൽ എത്രയോ ശതകോടികൾ വിറ്റു കാണും, അൽഭുതം.
ചേട്ടാ ചേട്ടാ അനിയത്തി വാതിൽ തള്ളി തുറന്നു. ചേട്ടനെന്താ മുറിയിൽ അടച്ചിരിക്കുന്നേ.. വാ പുറത്തു പോകാം..
നിവൃത്തിയില്ലതെ ജോക്കി എഴുന്നേറ്റു വീട്ടിൽ ആരൊക്കെയോ വിരുന്നുകാർ വന്നിട്ടുണ്ട്. അവരോട് കുശലം പറഞ്ഞു കാപ്പി കുടിച്ചു വരാന്തയിലേക്കിറങ്ങി.
വീണ്ടും മുറിയിൽ കയറി വാതിലടച്ചു. ടാബലറ്റ് തുറന്നു ഏതാനും വെളുത്ത പൂജ്യം മാത്രം.. സമയം കഴിഞ്ഞു പോയി.
രണ്ടാമത്തെ ടാബ്ലറ്റ് ഓണാക്കി.
സിന്ദഗി ഏക് സഫർ ഹെ സൂഹാന.. യഹാം കൽ ക്യാഹോ… പഴയ കിഷോർകുമാറിൻറ ഗാനം..
ജോക്കിക്ക് ചിരി വന്നു. ഉസ്സിയും മണിയും തന്നെ പറ്റിച്ചതായിരിക്കുമോ… കള്ളൻമാർ
താൻ എന്തു മണ്ടനാണ്.. രണ്ടു മൂന്നു ദിവസം വെറുതേ കളഞ്ഞു. പനി പിടിച്ച പോലെ…
നല്ലവണ്ണം ഒന്ന് കുളിച്ച് സിനിമാക്ക് പോകണം.. കഷ്ടമായിപ്പോയി. ജോക്കി ബാത്തുറൂമിലേക്ക് നടന്നു.
ഫസ്റ്റ്ഷോ കഴിഞ്ഞു ആകെ മടുത്തു തിരിച്ചു വീട്ടിലെത്തി. മേശപ്പുറത്ത് ടാബലറ്റുകൾ ഒരെണ്ണം കൈയ്യിലെടുത്തു. തുറക്കാൻ കഴിയുന്നില്ല, കീബോർഡും മോണിട്ടറും ഒട്ടിയിരിക്കുന്നു പശപോലെ ഒന്നു വിരലിൽ പറ്റി, ഉടനെ അടുത്തത് നോക്കി, അനങ്ങുന്നില്ല. പാറപോലെ ആരോ ബലമായി ഒട്ടിച്ചതുപോലെ.. തലവേദനയായല്ലോ..
ജോക്കി ഫോൺ കൈയ്യിലെടുത്തു. ആരൊക്കെയൊ വിളിച്ചിട്ടുണ്ട് മെസേജുകളും.. ഇനി നാളെ….
പിറ്റേ ദിവസം രാവിലെ കുരിയർ വഴി ജോക്കിക്ക് ഒരു മഞ്ഞ കവർ കിട്ടി.
അയാൾ കൗതുകത്തോടെ കവർ തുറന്നു. എയർ ടിക്കറ്റ്.
പറ്റിക്കാനായിരിക്കും മണിയും ഹുസൈനും…
തൻറ കമ്പ്യൂട്ടർ ഓണാക്കി എയർലൈനിൻറ പേജിൽ കയറി ടിക്കറ്റ് നമ്പർ കൊടുത്തു. ഓപ്പൺ ആണ്.
ചുമ്മാ തമാശക്ക് ഒരു തീയതി കൊടുത്തു.
രണ്ടു നിമിഷം പച്ചനിറമായി അതേ ടിക്കറ്റ് കൺഫേം തനിക്ക് പറക്കാം
അയാൾക്ക് ഇപ്പോഴും വിശ്വാസം ആയില്ല.