രചന : ദേവി പ്രിയ ✍
ഒഴിഞ്ഞ കാപ്പിക്കപ്പുകളിലെ ശേഷിപ്പിന്റെ
വിങ്ങൽ പോലെ
ഉപേക്ഷിക്കപ്പെട്ട(വരുടെ) വാക്കുകളുടെ
കടലൊഴുകുന്നുണ്ടുള്ളിൽ .
പലപ്പോഴും
നെഞ്ചിനുള്ളിൽ നിന്ന്
കൊട്ടി വിളിക്കും
ചില വാക്കുകൾ ,വരികൾ .
നോക്കാതാകുമ്പോൾ
മത്സ്യങ്ങളെപ്പോലെ നീന്തിത്തളർന്ന്
വീണ്ടും മുങ്ങിത്താണ്
വീണ്ടും ഓളമിട്ടു പൊങ്ങും ;
ആരും കാണാതെ ,
ആരെയും കാണാതെ
വീണ്ടും അടിത്തട്ടിലൊളിക്കും .
ഇടയ്ക്കൊരു പൊങ്ങിച്ചാട്ടമുണ്ട് ,
കഴുത്തോളം .
അന്നേരം
ചുറ്റുപാടുകളുടെ പൂച്ചനോട്ടങ്ങളിൽ പകച്ച്
നെഞ്ചിന്റെ ചുഴികളിലേക്ക്
വീണു പോകും .
പലയിനമുണ്ട്;
കൊത്തി നോവിക്കുന്നവ ,
മുത്തമിടുന്നവ ,
കള്ളനോട്ടമെറിയുന്നവ ,
വിഴുങ്ങാൻ നിൽക്കുന്നവ ,
തലോടുന്നവ ,
അങ്ങിനെ
അങ്ങിനെ
അങ്ങിനെ …
തഞ്ചത്തിൽ നിൽക്കണം ,
വഴുതിപ്പോകും ചിലത്.
ഒരെത്തിനോട്ടത്തിൽ കൺകോർത്തില്ലെങ്കിൽ
ചുഴികളിൽ മറയും .
ഓർമകളുടെ ഭൂപടത്തില്‍
രേഖപ്പെടുത്താത്ത
ആർക്കുമവകാശമില്ലാത്ത
രാജ്യങ്ങളിലെവിടെങ്കിലും
ഒളിച്ചു പാർക്കുമവർ .
കരയടിഞ്ഞ ചില്ലക്ഷരങ്ങളിൽ
മൃതിയടഞ്ഞവയും
മുറിവേറ്റവയും
ഒരുപോലെ സ്മാരകങ്ങൾ
മാത്രമായി മാറും .
ഡോൾഫിനുകളെപ്പോലെ
ഇണക്കമുള്ളവയുണ്ട് .
ഒരു കൺചിമ്മലിന്റെ ഞൊടിയിൽ
വാക്കുകളായി ,വരികളായി
ചുംബിച്ചു നിൽക്കും .
ചില ചുംബനങ്ങൾ കൺനിറയ്ക്കും .
നെഞ്ചിനുള്ളിലെ കടൽ
കണ്ണിലൂടെ ഇരച്ചു പെയ്യും .
കണ്ടു നില്‍ക്കുന്ന ചിലരില്‍ ഉണ്ടായേക്കാവുന്ന
വേലിയേറ്റസാദ്ധ്യതകളെ തള്ളിക്കളയാനാവില്ല .
നെറ്റിയിൽ തൊട്ട ചന്ദനമെന്നോണം
സാന്ത്വനമാകും ചിലത് .
നനുത്ത തൂവല്‍സ്പര്‍ശം പോലെ തഴുകി
മുറിവുകളില്‍ തേന്‍ പുരട്ടും.
ചുണ്ടത്തെ പൊള്ളലാണ് ചില ചുംബനങ്ങൾ .
അടിമുടി പൊള്ളിപ്പടരുന്ന
മിന്നൽപ്പിണറുകൾ.
മദിരയാണോ മധുവാണോ
എന്നറിയാന്‍ പറ്റാത്തത്.
ഏതിലും അടരുന്നത്
മധുരവും ചവർപ്പും കലർന്ന
ഹൃദയത്തിന്റെ ഒരല്ലിയാണ്.
പൊളിക്കുമ്പോൾ സൂക്ഷിക്കുക ;
ഒരു വാക്കിന്റെ തുണ്ട്
അതിൽ നിന്നടർന്നു വീഴാൻ സാധ്യതയുണ്ട് .