“എന്നെ ഒന്ന് കടലുകാണിക്കാമോ?”
ഈ ദിവസങ്ങളിൽ
ഒരുപാടുപേർ ചർച്ചചെയ്ത ചോദ്യമാണത്‌.
“കപ്പേള” എന്ന സിനിമയിലെ
ഡയലോഗ്‌.

ഞാനീ ചോദ്യം നേരിട്ടിട്ട്‌
15 വർഷമാകുന്നു.
പോസ്റ്റുകൾ കണ്ടപ്പോൾ
പിന്നെയും ഓർത്തു.

പ്ലസ്‌റ്റുവിനു പഠിച്ചത്‌
പൊന്നാനി എം.ഇ.എസ്‌
ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.
കോളേജ്‌ ഗ്രൗണ്ടിന്റെ
അരികിലൂടെ പോകുന്ന
ചെറിയ പോക്കറ്റ്‌ റോഡ്‌വഴി
പോയാലാണു സ്കൂൾ.

കടൽക്കരയിൽ നിന്ന്
100-150 മീറ്റർ ഒക്കെയേ സ്കൂളിലേക്കുണ്ടാകൂ.
ഉച്ചബ്രേക്കിനു ഇടക്കൊക്കെ സുഹൃത്തിക്കളുമായിപ്പോയി,
കടൽക്കരയിലെ
കരിങ്കല്ലുഭിത്തിയിൽ ഇരിക്കാറൊക്കെയുണ്ട്.

ഏതൊരാൺകുട്ടിക്കുമെന്നപോലെ,
സ്കൂൾ മീറ്റിംഗുകളിൽ
അമ്മയാണു
എന്റെ വീട്ടിൽ നിന്നും വന്നിരുന്നത്‌.

ആദ്യത്തെ ഒന്നുരണ്ട്‌ മീറ്റിംഗുകൾക്ക്‌
വന്നപ്പോളാണു അമ്മക്ക്‌,
അടുത്ത്‌ കടലുണ്ടെന്ന കാര്യം
മനസിലായതുതന്നെ.

എന്നാലും അന്നൊന്നും പറഞ്ഞില്ല.
വീട്ടിൽനിന്ന് സിനിമകാണൽ, കടലുകാണൽ, ടൂറുപോകൽ ഇത്യാദികളൊക്കെ അപൂർവ്വമായതിനാൽ
ആ വഴിക്കും രക്ഷയില്ല എന്നാലോചിച്ചിട്ടാവും,
അവസാനം എന്റെമുന്നിൽത്തന്നെ
കാര്യം അവതരിപ്പിച്ചത്‌.

കടലു കാണിക്കാമെന്ന് വാക്കുകൊടുത്തെങ്കിലും,
ചെറുതല്ലാത്ത ഒരു ഭയം മനസിലുണ്ടാർന്നു.

കടപ്പുറം ഭാഗത്തെ
ആളുകളെക്കുറിച്ച്‌
കേട്ടുപഴകിയ
കഥകളായിരുന്നു അവ.

“കടപ്പികൾ” എന്ന ഭീകരന്മാരെക്കുറിച്ച്‌, അവരുടെ ചെയ്തികളെക്കുറിച്ച്‌,
പലരും പലരീതിയിലും
നിറം പിടിപ്പിച്ച്‌
പറഞ്ഞുപരത്തിയ കഥകൾ.

ഒരു സ്ത്രീയും മകനും
അങ്ങനൊരു കടപ്പുറത്തേക്ക്‌
കടലുകാണാൻ പോകുന്നതെങ്ങനെ?

കരിങ്കല്ലുഭിത്തിയുള്ള ഇടമായിരുന്നതിനാൽ ബീച്ചിലേക്കെന്നും പറഞ്ഞ്‌
ആരെയും വിളിക്കാനും പറ്റില്ല.

ഏതായാലും
മീറ്റിംഗ്‌ കഴിഞ്ഞ്‌,
ഞാനുമമ്മയും രണ്ടും കൽപ്പിച്ച്‌
കടൽഭിത്തിയെ ലക്ഷ്യമാക്കി നടന്നു.

അവിടെ;
വലയുടെ ഒരറ്റം തെങ്ങിൽക്കെട്ടി,
മറ്റേയറ്റത്ത്‌ ചില തുന്നലുകളൊക്കെ നടത്തിക്കൊണ്ടിരുന്ന
മധ്യവയസ്കൻ തലയുയർത്ത്‌ നോക്കി.

“ഉം? ങണ്ടാ?”

ബീഡി ചുണ്ടിൽനിന്നെടുക്കാഞ്ഞിട്ടും
ശബ്ദം
കൃത്യമായി പുറത്തുവന്നു.

“ഈ കടലൊന്ന് കാണാനാ.
മോന്റെ സ്കൂളീ മീറ്റിങ്ങിനു വന്നതാണേ.
അപ്പോപ്പിന്നെ…”

അമ്മയാണു മറുപടി നൽകിയത്‌.

“ഇവ്ടെന്ത്‌ കടലു കാണാനാണു.
നെറച്ചും കല്ലല്ലേ.
തട്ടിത്തടഞ്ഞ്‌ വീണാ ഈ കളിയൊക്കെ പോകും.
ന്നാലും വന്നതല്ലേ
ദാ ആ തെങ്ങിന്റെ
സൈഡീക്കൂടി കേറിക്കോ. അവിടുത്തെ കല്ലൊന്നും ഇളകൂല.”

അയാൾ കൈ ചൂണ്ടി.

ഞങ്ങൾ
ആ ഭാഗത്തുകൂടെ നടന്നു
കടൽഭിത്തിക്ക്‌ മേലെ കയറി.

ബീച്ചല്ലാത്തതിനാൽ
എങ്ങനെ കാലുനനക്കും
എന്നോർത്ത്‌ അമ്മ സങ്കടപ്പെട്ടു.
കടലുകാണാൻ പോയാൽ,
അതിലിറങ്ങി കാലുനനച്ച്‌
ഒന്ന് തൊട്ടുതൊഴുന്നത്‌
അമ്മയുടെ ശീലമാണു.

അതറിയുന്നതുകൊണ്ടെന്നവണ്ണം,
ഒരു വലിയ തിര വന്ന്
ഞങ്ങളെ പാതിനനച്ചു.

വലിയ ശബ്ദത്തോടെ അമ്മ ചിരിച്ചു…
ഞാനും.

കടലുകണ്ടതിന്റെ ഓർമ്മക്കായി,
തിരകൾ തഴുകി,
ഏതാണ്ട്‌ ഉരുണ്ടരൂപത്തിലായ
ഒരു കുഞ്ഞുകല്ല്,
അമ്മയെടുത്ത്‌
എന്റെ ബാഗിലിട്ടു.

ഒരു പിക്നിക്‌ കഴിഞ്ഞപോലെ
ഞങ്ങൾ
ബസ്‌ സ്റ്റാന്റിലേക്ക്‌ നടന്നു…

By ivayana