മാത്യുക്കുട്ടി ഈശോ✍
ടാമ്പാ (ഫ്ലോറിഡ): നല്ല സുഹൃത് ബന്ധങ്ങൾ മനസ്സിന് സുഖമേകുന്നു. അത് ആഗോള വ്യാപകമായാണെങ്കിൽ അതിന്റെ വ്യാപ്തി കൂടുന്നു, നല്ല സുഹൃത് ബന്ധങ്ങൾ വളർത്തിയെടുക്കുവാനും അതിലൂടെ ഫോമായെ ഉന്നതികളിൽ എത്തിക്കുവാനും മാത്രം ലക്ഷ്യം വയ്ക്കുന്ന നല്ലൊരു മനുഷ്യ സ്നേഹിയാണ് പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ. സംഘടനയിലെ നല്ല ബന്ധങ്ങൾ നിലനിർത്തണമെങ്കിൽ അർപ്പണബോധവും സ്ഥിരോത്സാഹവും അനിവാര്യമാണ്. എല്ലാവരുമായും നിരന്തരം ആശയവിനിമയവും സംവാദവും ആവശ്യമാണ്. ഓരോരുത്തർക്കും വിവിധങ്ങളായ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുവാനുള്ളത്. പ്രത്യേകിച്ച് ഫോമാ പോലൊരു അംബ്രല്ല സംഘടനയിൽ അതിന്റെ അംഗസംഘടനകളുടെ പ്രശ്നങ്ങൾക്കൊപ്പം അമേരിക്കൻ മലയാളീ സമൂഹത്തിലെ പലരുടെ വ്യക്തിപരമായും സാമൂഹികമായുമുള്ള പ്രശ്നങ്ങളിലും ഇടപെടേണ്ടതായി വരും. അതോടോപ്പം തന്നെ നമ്മുടെ ജന്മനാട്ടിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾക്കും ചെവി കൊടുക്കേണ്ടതായും പരിഹാരം കണ്ടെത്തേണ്ടതായും വരും. ഇത്തരം സന്ദർഭങ്ങളിലൊക്കെ ഇവയെല്ലാം അഭിമുഖീകരിക്കുമ്പോൾ നല്ലൊരു ടീം ആയി പ്രവർത്തിച്ചാൽ എല്ലാം സുഗമമായി ചെയ്യാൻ സാധിക്കും.
അവിടെയാണ് അർപ്പണബോധവും കഠിനാദ്ധ്വാനവും ചെയ്യാൻ മനസ്സുള്ള ഒരു സഹായിയുടെ കൂടി പിന്തുണ ആവശ്യമായി വരുന്നത്. അത്തരം ഗുണഗണങ്ങൾ ഉള്ള ഒരു വ്യക്തിത്വത്തെയാണ് പ്രസിഡൻറ് സ്ഥാനാർഥിക്കു സഹായത്തിനായി ലഭിച്ചിരിക്കുന്ന വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടിയിൽ ദർശിക്കുവാൻ സാധിക്കുന്നത്.
“ഫോമായുടെ ഇലക്ഷൻ ക്യാമ്പയിൻ കാലയളവിൽ സിജിലുമായി കൂടുതൽ അടുത്തിടപഴകുവാൻ ഇടയായി. തികഞ്ഞ ആല്മാർഥതയും അർപ്പണബോധവുമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് യുവാവായ സിജിൽ. സുഹൃത് ബന്ധങ്ങൾ വളർത്തിയെടുക്കുവാൻ സിജിലിന് പ്രത്യേക പാടവമാണുള്ളത്. ഫോമായുടെ പ്രസിഡന്റും വൈസ് പ്രഡിഡന്റുമായി ഞങ്ങൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ സംഘടനയുടെ വളർച്ചക്കുതകുന്ന വിവിധ പദ്ധതികളാണ് ഞങ്ങൾ വിഭാവന ചെയ്യുന്നത്. മനസ്സിന് യോജിച്ച രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന വ്യക്തികളാണെങ്കിൽ സംഘടനയിൽ നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം. എന്റെ നേതൃത്വത്തിലുള്ള “ഫാമിലി ടീം” അംഗങ്ങൾ എല്ലാവരും ഒരു കുടുംബം പോലെ തന്നെ തമ്മിൽ ആലോചിച്ചും അഭിപ്രായങ്ങൾ പറഞ്ഞും പരസ്പരം ബഹുമാനിച്ചും ഫോമയെ മുൻപോട്ടു നയിക്കുവാൻ കഴിവുള്ളവരാണെന്നു എനിക്കു നല്ല വിശ്വാസമുണ്ട്. നിങ്ങളുടെ വോട്ടുകൾ ഞങ്ങളുടെ ഈ ടീമിലെ എല്ലവർക്കും ഒരുപോലെ തന്ന് ഒറ്റക്കെട്ടായി വിജയിപ്പിച്ച് ഫോമയെ ഉന്നതിയുടെ അടുത്ത പടവുകളിലേക്ക് പിടിച്ചുകയറ്റുവാൻ ഞങ്ങളെ പ്രാപ്തരാക്കണമെന്നു വോട്ടവകാശമുള്ള ഓരോ അംഗസംഘടനാ പ്രതിനിധികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഞങ്ങളിലും നൂറു ശതമാനം വിശ്വാസം അർപ്പിക്കാമെന്നു ഞങ്ങൾ ഉറപ്പു നൽകുന്നു. ഏവർക്കും നന്മകൾ മാത്രം ആശംസിക്കുന്നു.” പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ തികഞ്ഞ വിശ്വാസത്തോടെ എല്ലാവരോടുമായി അഭ്യർഥിച്ചു.
“ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ടീമുമായി പ്രവർത്തിച്ചപ്പോൾ നല്ലൊരു ആത്‌മവിശ്വാസവും വിജയപ്രതീക്ഷയും പോസിറ്റീവ് എനർജിയും ലഭ്യമായിരിക്കുകയാണ്. ഫോമാ പോലൊരു സംഘടനയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കഴിയുന്ന നൂതന ആശയങ്ങളുള്ള വ്യക്തികളാണ് ഫാമിലി ടീമിലുള്ള ആറുപേരും. എല്ലാവരും ഒന്നിനൊന്നു മെച്ചം. സംഘടനയുടെ ഉയർച്ച മാത്രം ലക്ഷ്യം വയ്ക്കുന്ന ആറു പേർ. ഞങ്ങൾ ടീമായി ആലോചിച്ച് ആദ്യമേ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തിച്ച തെരഞ്ഞെടുപ്പ് പത്രികയിലെ പത്ത് വാഗ്ദാനങ്ങെളെല്ലാം ഫോമയെ കൂടുതൽ പ്രശസ്തിയിലേക്കു നയിക്കുന്നവയാണ്. അതിൽ നിന്നും മറ്റു പലരും ആശയങ്ങൾ കോപ്പിയടിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് പരിഭവമില്ല. കാരണം ഞങ്ങൾ ആറു പേരും ഒരേ മനസ്സോടെ ആലോചിച്ച് പ്രായോഗികമായി ഫോമയിൽ നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങളാണ് അവ എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും പ്രാവർത്തികമാക്കി ഫോമയെ അടുത്ത ലെവലിൽ എത്തിക്കാൻ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. രണ്ടു ദിവസങ്ങൾക്കപ്പുറം എല്ലാവരെയും നേരിട്ട് വീണ്ടും കാണാം. എല്ലാവർക്കും ശുഭയാത്രാ മംഗളങ്ങൾ നേരുന്നു. വീണ്ടും കാണാം.” വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എല്ലാവർക്കും നന്മകൾ നേർന്നു.