എഡിറ്റോറിയൽ ✍

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്.

 അങ്ങനെ റഷ്യയുടെയും ലോകരാഷ്ട്രീയത്തിന്‍റെയും ഗതിവിഗതികളെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു മിഖായേല്‍ ഗേര്‍ബച്ചേവ് എന്ന സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ്. ഒടുവില്‍ 91- മത്തെ വയസില്‍ അനാരോഗ്യത്തെ തുടര്‍ന്ന് അന്തരിക്കുമ്പോള്‍ സ്വന്തം രാജ്യത്ത് അദ്ദേഹം കൊണ്ടുവരാന്‍ ശ്രമിച്ച ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് റഷ്യ പിന്നോക്കം നടക്കാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. റഷ്യന്‍ വംശീയതയ്ക്ക് രാജ്യത്ത് ശക്തമായ വേരോട്ടം ലഭിച്ചു കഴിഞ്ഞു. പഴയ കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിര്‍ പുടിന് കീഴിയില്‍ റഷ്യ സാമ്രാജ്യത്വ മോഹങ്ങള്‍ പൊടിതട്ടിയെടുത്തു തുടങ്ങി. ചരിത്രം മറ്റൊരു ദിശയിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. 

അമേരിക്കയുടെ ക്യാപിറ്റലിസ്റ്റ് തന്ത്രങ്ങള്‍ക്ക് ഒരു ബദല്‍ എന്ന നിലയിലായിരുന്നു 90 കളുടെ തുടക്കം വരെ ലോകം റഷ്യയെ കണ്ടിരുന്നത്. എന്നാല്‍, മിഖായേല്‍ ഗോര്‍ബച്ചേവ് ഒറ്റ രാത്രി കൊണ്ട് ലോകത്തിന്‍റെ ഗതിവിഗതികളെ മാറ്റി മറിച്ചു. സോവിയേറ്റ് യൂണിയന്‍ എന്ന യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ച് കിടന്നിരുന്ന രാജ്യം ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ പതിനഞ്ചോളം രാജ്യങ്ങളായി ചിതറി തെറിച്ചു. ഒരേ സമയം അദ്ദേഹം ലോകത്തിന് മറ്റൊരു ആശയധാരയെ പരിചയപ്പെടുത്തിയെങ്കിലും ചരിത്രത്തിന്‍റെ കുഴമറിച്ചിലില്‍ മിഖായേല്‍ ഗോര്‍ബച്ചേവിനെ ഒരേ സമയം നായകനും വില്ലനുമാക്കി മാറ്റി. ഒരേ സമയം വിരുദ്ധ ധ്രുവങ്ങളെ പേറേണ്ടിവന്ന അത്യപൂര്‍വ്വം ലോക നേതാക്കളില്‍ ഒരാളായി തീര്‍ന്നു അദ്ദേഹം.

നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്കോ സ്റേററ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്ററ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1971ല്‍ സോവിയറ്റ് കമ്യൂണിസ്ററ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി. 1985 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും പിന്നീട് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റുമായി.

ശീതയുദ്ധം സമാധാനപരമായി അവസാനിപ്പിച്ച ഗാര്‍ബച്ചേവ് 1985~ല്‍ അധികാരമേറ്റ ശേഷം സോവിയറ്റ് യൂണിയനെ ലോകത്തിന് മുന്നില്‍ തുറന്നിട്ട് നല്‍കുകയും വലിയ പരിഷ്കാരങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, സാവധാനത്തിലുള്ള സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പ്രസിഡന്റ് സ്ഥാനം ഇല്ലാതായി. 1990ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

By ivayana