മാത്യുക്കുട്ടി ഈശോ✍
നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. എടുക്കുന്ന സ്ഥാനങ്ങൾക്കു മാന്യത കല്പിക്കണമെന്നും ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയുടെയും മാത്രമേ ഒരു ചുമതലയിൽ ഇരിക്കാവൂ എന്നും നിർബന്ധമുള്ള വ്യക്തിയാണ് ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നതിനായി സംഘടനാ നേതൃത്വത്തിനും കൂടുതൽ സമയം കണ്ടെത്തി മുമ്പിട്ടിറങ്ങിയ വ്യക്തികൂടിയാണ് അദ്ദേഹം . സ്‌കൂൾ കുട്ടി ആയിരുന്നപ്പോഴേ പ്രസംഗകലയിൽ മുൻപന്തിയിലായിരുന്ന ബബ്‌ളൂ പ്രസംഗ മത്സര വേദികളിലെ നിറസാന്നിധ്യവും സ്ഥിരം വിജയിയുമായിരുന്നു.
1996 മുതൽ 2007 വരെ മിഷിഗണിലെ ജീവിതത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കുമ്പോഴും മിഷിഗൺ മലയാളീ അസ്സോസ്സിയേഷനിലും മറ്റു ചില സാമൂഹിക സാംസ്കാരിക സംഘടനയിലും പല ഔദ്യോഗിക സ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചു. 2007-ൽ മെഡിക്കൽ സപ്പ്ളൈസ് ബിസ്സിനെസ്സ് സംബന്ധമായി ടെന്നസ്സി സ്റ്റേറ്റിലെ നാഷ്‌വിൽ സിറ്റിയിലേക്ക് ജീവിതം പറിച്ചുനട്ടപ്പോഴും പിന്നീട് റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സിൽ വിജയപ്രദമായി തുടരുമ്പോഴും സംഘടനാ പ്രവത്തനത്തിൽ വ്യാപൃതനാണ്. 2008-ൽ കേരളാ അസ്സോസ്സിയേഷൻ ഓഫ് നാഷ്‌വിൽ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ബബ്‌ളൂ പ്രസ്തുത സംഘടനയിലെ വിവിധ ഔദ്യോഗിക പദവികളും കൈകാര്യം ചെയ്തു. കെ.സി.സി.എൻ.എ. നാഷണൽ കൗൺസിൽ അംഗമായും ഫോമായുടെ അഡ്വൈസറി കൗൺസിൽ ജോയിൻറ് സെക്രട്ടറിയായും സെക്രട്ടറിയായും സ്തുത്യർഹമായ സേവനം കാഴ്‌ചവച്ചു.
ഇമ്മിഗ്രേഷൻ വോയ്‌സ് എന്ന സംഘടനയിലൂടെ എച്ച് 1 വിസയിൽ വന്നവരുടെ ആശ്രിതർക്ക് ജോലി ചെയ്യാനുള്ള അവകാശം നേടിയെടുക്കുവാൻ നിരന്തരമായി വർഷങ്ങളോളം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചയാളാണ് ബബ്‌ളൂ. അത് ധാരാളം പേരുടെ ജീവിതത്തെ മാറ്റി മറിക്കുവാൻ ഇടയാക്കി. സെന്റ് തെരേസ ഓഫ് കൽക്കട്ട സീറോ മലബാർ കാത്തലിക് ചർച്ച് നാഷ്‌വിൽ, കേരള അസ്സോസ്സിയേഷൻ ഓഫ് നാഷ്‌വിൽ എന്നീ സംഘടനയിലൂടെ ഏഴര ലക്ഷം ഡോളറിൻറെ ചാരിറ്റി സംഭാവനകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നൽകി. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ “ചിൽഡ്രൻസ് വാർഡ്” നിർമാണത്തിലും, കേരളാ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലും മുൻകൈ എടുത്തു അകമഴിഞ്ഞ് സഹായം നൽകിയ വ്യക്തിയാണ് ബബ്‌ളൂ. ഇത്തരം പ്രവർത്തന പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ജെയിംസ് ഇല്ലിക്കൽ നയിക്കുന്ന “ഫോമാ ഫാമിലി ടീം” അംഗമായി ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
“ഫോമായുടെ ജോയിൻറ് ട്രഷറർ എന്ന പദവിയിൽ ട്രഷററുമായി ഒരുമിച്ചു സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് മത്സര രംഗത്ത് നിൽക്കുന്നത്. ഫോമായിൽ സ്ഥിരമായ അക്കൗണ്ടിംഗ് സിസ്റ്റം നടപ്പിലാക്കാൻ പ്രാപ്തമായ സോഫ്റ്റ്‌വെയർ കൊണ്ടുവരണമെന്നും അതിലൂടെ വരവ് ചെലവ് കണക്കുകൾക്കു കൂടുതൽ സുതാര്യത വരുത്തണമെന്നുമാണ് ആഗ്രഹം. ഫോമായുടെ ഭരണ നേതൃത്വത്തിലേക്ക് വരുന്നവർ കുറച്ചുകൂടി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ യുവതലമുറ നേതൃ നിരയിലേക്ക് വരുവാൻ മടി കാണിക്കും. സംഘടനയ്ക്കുവേണ്ടി എന്ത് തീരുമാനം എടുത്താലും അത് ഭാവി തലമുറയ്ക്ക് പ്രയോജനകരമാകണമെന്നും അടുത്ത 25 വർഷത്തേക്കുള്ള ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. എന്റെ ആഗ്രഹം സഫലീകരിക്കാൻ നിങ്ങളുടെ സഹായം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. ഫാമിലി ടീം അംഗങ്ങളെ ആറ് പേരെയും ഭൂരിപക്ഷ വോട്ടോടെ വിജയിപ്പിക്കണമെന്ന് എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും സ്നേഹത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു. വെള്ളിയാഴ്ച കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ നേരിൽ കാണാമെന്നു പ്രതീക്ഷിക്കുന്നു.” ബബ്‌ളൂ ചാക്കോ എല്ലാവരോടുമായി പറഞ്ഞു.