കളത്തിൽ ബാലകൃഷ്ണൻ ✍
എറണാകുളത്ത്, കലൂരിൽനിന്ന് തെക്കോട്ടു നോക്കിയാൽ, കത്തൃക്കടവിനും ഇപ്പോഴത്തെ ഗാന്ധിനഗറിനും പനമ്പിള്ളി നഗറിനും തെക്ക് കൊച്ചുകടവന്ത്രവരെയുള്ള ഇടങ്ങൾ നഗ്നനേത്രങ്ങളാൽ
കാണാൻ കഴിയുമായിരുന്നു.
അവിടം മുഴുവൻ പാടങ്ങളും തോടുകളും വെള്ളച്ചാലുകളും കുഴികളും കുളങ്ങളും മാത്രമായിരുന്നു. പുലയോരങ്ങളിൽ ഓലമേഞ്ഞ ചെറ്റക്കുടിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
മഴക്കാലങ്ങളിൽ ഇടതടവില്ലാതെ പെയ്യുന്ന മുഴുവൻ വെള്ളവും ശേഖരിച്ചു നിർത്താൻ ഈ എറണാകുളങ്ങൾ
സദാ സന്നദ്ധമായിരുന്നു. എന്നാലിന്നോ?
ഇന്ന്, ഈ പാടങ്ങളത്രയും മണ്ണിട്ടു നികത്തി, വീടുകളും ബഹുനിലക്കെട്ടിടങ്ങളും മതിൽക്കെട്ടുകളും റോഡുകളും, റെയ്ൽവേപ്പാതകളും കാൽപ്പന്ത്- ക്രിക്കറ്റ് മൈതാനങ്ങളുമൊക്കെയാക്കി മാറ്റി.
കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ കൊണ്ടുവരുന്ന കനത്ത അളവിലുള്ള വെള്ളത്തിന് കെട്ടിനിൽക്കാൻ തീരെ ഇടമില്ല. ഒഴുകിപ്പോകാനാണെങ്കിലോ അത് ഒട്ടും അനുവദിക്കാതെ മതിൽക്കെട്ടുകളും കെട്ടിടങ്ങളും തടയണകളെപ്പോലെ നിലകൊള്ളുന്നു.
കടൽനിരപ്പിൽനിന്നും ഒന്നോരണ്ടോ അടി മാത്രം ഉയരമുള്ള എറണാകുളത്തിന്റെ കരപ്രദേശത്തുനിന്ന് വേലിയേറ്റ സമയങ്ങളിൽ വെള്ളം വാർന്നുപോവുക എളുപ്പമല്ല.
വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള പ്രായോഗികനടപടികൾ യാതൊന്നും സമയോചിതമായി സ്വീകരിക്കാത്ത കൊച്ചി കോർപറേഷൻ അധികാരികളുടെ മേൽ കുറ്റം ചുമത്തുന്നവർ മേൽപ്പറഞ്ഞ കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതാണ്.🌾🌹🌾