രചന : അശോകൻ പുത്തൂർ ✍️

നെഞ്ചിൽ
സങ്കടകാലത്ത്
നട്ടതാണ് നിന്നെ
പടിയിറങ്ങുമ്പോൾ പറിച്ചെടുത്തേയ്ക്കണം
എന്റെ കരൾക്കൂമ്പിൽ വിരിഞ്ഞ
ആ ചുവന്ന പൂവ്
വാക്കുകൊണ്ടും
നോക്കുകൊണ്ടും കൊന്ന്
നിന്റെ വെറുപ്പിന്റെ തെമ്മാടിക്കുഴിയിൽ
എന്നെ അടക്കുമ്പോൾ
ശവക്കൂനയ്ക്കു മുകളിൽ
ഒരു കുടന്ന തുളസിക്കതിരുകൾ
വിതറി ഇടുക……….
മരണത്തിന്റെ ഓർമ്മപ്പെരുനാളിന്
നിന്റെ സുഹൃത്തിനോടൊത്ത്
ഈ വഴി പോവുകിൽ
ദൂരെനിന്നേ കാണാം
ഒരു നീലത്തുളസിത്താഴ് വര.
താഴ് വരയിലൂടെ കടന്നുപോകുമ്പോൾ ചിരിയമർത്തി കൂട്ടുകാരനോട്
കാതോരം പറയണം
ഈ തുളസിക്കാടുകളിൽ എവിടെയോ
നിന്റെ പരിചയക്കാരന്റെ
ഒരു ശവമാടം ഉണ്ടെന്ന്.
അദ്ദേഹം വല്ലതും ചോദിക്കുകിൽ
അടക്കിപ്പിടിച്ച ഒരു ചിരിയിൽ
അത്രമേൽ ലളിതമായി
അയ്യപ്പപ്പണിക്കരുടെ
പകലുകൾ രാത്രികളിലെ
അവസാന വരികൾ ചൊല്ലുക.
തെല്ല് നിശബ്ദതക്കുശേഷം
പിന്നെയൊന്ന് കാറിത്തുപ്പുക…………..

അശോകൻ പുത്തൂർ

By ivayana