മാത്യുക്കുട്ടി ഈശോ✍
കാൻകൂൺ (മെക്സിക്കോ): ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷൻസ് ഡയറക്ടർ ആയി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ സാധിച്ചതിൻറെ സംതൃപ്തിയിലാണ് ബിജു. ECHO കൂടാതെ ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസ്സിയേഷൻ, ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (NYMA), കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, ഫോമാ ഹെല്പിങ് ഹാൻഡ്‌സ് തുടങ്ങി വിവിധ സംഘടനകളുമായി ചേർന്ന് സാമൂഹിക പ്രവർത്തനങ്ങളിലും ചാരിറ്റിയിലൂടെ സഹായങ്ങൾ നൽകുന്നതിനും സാധിക്കുന്നത് സഹായിക്കുവാനുള്ള മനസ്സ് ഉള്ളത് കൊണ്ടാണ്.
“ഫോമയുടെ ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതല്ല. എന്നാൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് സെക്രട്ടറിയായും മെട്രോ റീജിയൺ സെക്രട്ടറിയായും പ്രവർത്തിച്ചപ്പോൾ ഒരു ഔദ്യോഗിക സ്ഥാനം വഹിച്ചാൽ സംഘടനയുടെ വളർച്ചക്കായി പല നല്ല തീരുമാനങ്ങളും കൈക്കൊള്ളാനും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുവാനും സാധിക്കുമെന്ന് മനസ്സിലായി. എന്നാൽ നിലവിൽ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർഥികൾ മത്സര രംഗത്ത് വന്നപ്പോൾ മത്സരിക്കാൻ നിർബന്ധിതനായി. അതോടൊപ്പം എന്നെ എൻഡോഴ്‌സ് ചെയ്ത ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസ്സിയേഷൻ ചുമതലക്കാർ തന്ന പ്രോത്സാഹനവും മത്സരരംഗത്തേക്ക് വരുവാൻ ഇടയാക്കി. ഒരു ഔദ്യോഗിക സ്ഥാനത്തിരുന്നാൽ സാധാരണ ഒരു അംഗം ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ ഒരു ഔദ്യോഗിക സ്ഥാനത്തിരുന്നാലേ സംഘടനയുടെ വളർച്ചക്കുതകുന്ന നയപരമായ നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയുള്ളല്ലോ. ഫോമായുടെ വളർച്ചക്കായി എന്നാലാകുന്ന വിധം നല്ല കുറെ കാര്യങ്ങൾ ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹമുണ്ട്. അതിനു മാനസികമായി ഒത്തൊരുമിച്ചും യോജിച്ചും തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉതകുന്ന ഒരു ടീമാണ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള “ഫാമിലി ടീം” അംഗങ്ങൾ എന്ന് മനസ്സിലാക്കിയാണ് ഫാമിലി ടീമുമായി ഒരുമിച്ചു മൽസര രംഗത്ത് പ്രവർത്തിക്കുന്നത്.” ഫോമയുടെ കൺവെൻഷൻ ലൊക്കേഷൻ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ എത്തിയ ബിജു ചാക്കോ പറഞ്ഞു.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ “ഫോമാ ഫാമിലി ടീം” അംഗങ്ങളുമായി ചേർന്ന് ഫോമാ കൺവൻഷനെത്തിയ നൂറു കണക്കിന് ഡെലിഗേറ്റ്സുമായി സൗഹൃദം പങ്കിടുന്ന തിരക്കിനിടയിലും താൻ നിറവേറ്റേണ്ട ഉത്തരവാദിത്വ ബോധത്തോടെ ബിജു കൺവൻഷൻ ക്രമീകരണങ്ങളെക്കുറിച്ചു പല ഭാരവാഹികളോടും തിരക്കുന്നുമുണ്ട്. സ്വതസിദ്ധമായ ചെറു പുഞ്ചിരിയോടെ എല്ലാവരുമായി കുശലം പറയുന്ന ബിജു വോട്ടഭ്യർഥിക്കുന്ന തിരക്കിനിടയിലും ഫോമയുടെ ഭാവിയെക്കുറിച്ചു അൽപ്പം ചിന്തകൾ പങ്കുവച്ചു.
“പ്രക്ര്യതി മനോഹരമായ മൂൺ പാലസ് റിസോർട്ടിൽ ഫോമയുടെ ഈ വർഷത്തെ കൺവെൻഷൻ നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. അതിനായി ഫോമയുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലും എനിക്ക് അഭിമാനം തോന്നുന്നു. ഫോമാ ഹെല്പിങ് ഹാൻഡ്‌സ് സെക്രട്ടറി ആയും ന്യൂയോർക്ക് മെട്രോ റീജിയൺ സെക്രട്ടറി ആയി പ്രവർത്തിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. ആ ചുമതലകളിൽ ആല്മാർഥമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ സാധിച്ചു. ഇനിയും കൂടുതലായി എന്റെ ചുമതലകൾ നിറവേറ്റാൻ നിങ്ങളുടെ എല്ലാവരുടെയും സഹായങ്ങൾ ആവശ്യമാണ്. കാൻകൂൺ കൺവെൻഷന് ഇത്രയധികം ഫോമാ അംഗങ്ങളും പ്രതിനിധകളും പങ്കെടുക്കുന്നത് കാണുമ്പോൾ, ഈ സംഘടനയോട് എത്രമാത്രം താൽപ്പര്യം ഓരോരുത്തർക്കും ഉണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ ഈ ഫോമയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനുള്ള അവസരം ഒരുക്കുന്നതിന് ഫാമിലി ടീമിലുള്ള എല്ലാ മത്സരാർഥികളെയും വിജയിപ്പിക്കണമെന്ന് ഈ അവസാന ഘട്ടത്തിൽ ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. നല്ല ഒരു കൺവൻഷൻ ആസ്വദിക്കുവാൻ എല്ലാവർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.” കൺവെൻഷൻ വേദിയിലെ അംഗസംഘടനാ പ്രതിനിധികളോട് കുശലം പറഞ്ഞുകൊണ്ട് അവരിലൊരാളായി ബിജു ചാക്കോ അടുത്ത പ്രവർത്തനങ്ങളിലേക്ക് പ്രവേശിച്ചു.