രചന : നരേൻപുലാപ്പറ്റ✍

മഴപെയ്യണുണ്ട്….അച്ഛൻ ഇനിയും വരണ് കാണുന്നില്ല…
അവളങ്ങിനെയാണ് ഇരുട്ടി തുടങ്ങിയാൽ പിന്നൊരാധിയാണ്…പണിക്ക് പോയച്ഛൻ ഇനിയും എത്തീലല്ലോ എന്ന് ഇടക്കിടെ ആധിപിടിക്കും…..
മഴക്കാലമായോണ്ട് മിക്കവാറും ദിവസങ്ങളിൽ മഴതന്നെയാണ്…അതും കാറ്റും മിന്നലും ഇടിയുമൊക്കെയായി…
അച്ഛൻവന്നില്ല വിളക്ക് വക്കാറായല്ലോ…
പിന്നെയും വീടിന് മുൻവശത്ത് വന്നവൾ പടിക്കലേക്കും വഴിയിലേക്കും നോക്കീ…
കാറ്റ് ചൂളം കുത്തണുണ്ട് മിന്നല് മൂർച്ചയുള്ള വാളുപോലെ മണ്ണില് വന്ന് തറക്കണുണ്ട്…..
അച്ഛനെ കാണാനില്ല…
പിന്നെയും പിന്നെയും ആവളാധിപ്പെട്ടു അവള് ഉമ്മറത്ത് ദീപം കാട്ടി
മൂക്കൻ ചാത്തനും പറക്കുട്ടിക്കും കാരണവൻമാർക്കും വിളക്ക് വച്ചില്ല മണ്ടപ പെരയിലേക്ക് പോവാൻ പറ്റില്ല അത്രക്കിരുട്ടും മഴയും…….
വിശക്കണുണ്ട് കഞ്ഞി കാലായിട്ടുണ്ട് ചക്കകൂട്ടാൻ തണുത്ത്‌ കാണും….
അച്ഛനിനിയും വന്നില്ല…
ദൂരെ പാടത്ത് ഇടക്ക് വെട്ടം തെളിയണുണ്ട്…
അങ്ങാടീന്ന് പോരണവരാണ്…
മഴപെയ്ത്ത് നിൽക്കില്ലന്ന് ബോധ്യമായി നനഞ്ഞിട്ടാണേലും കുടീലെത്തിയെ പറ്റുന്ന് കരുതി വരമ്പത്തെ വഴുക്കല് നോക്കാതെ ഒരോരുത്തരായി പാടം കടന്ന് കുടിപറ്റണൂ…. അച്ഛൻ വന്നില്ല നിയും…
ചിമ്മീനിവിളക്കിലെ എണ്ണതീർന്ന് കരിന്തിരി കത്തിതുടങ്ങി തിരി കരിഞ്ഞമണം മരണവീട്ടിലെ പോലെ അസഹനീയമാവണു… അച്ഛൻ വന്നില്ലോല്ലോ…
പിന്നെയും അവള് വേവലാധിയോടെ ഓർത്തു..
നേരം കൊറെയായി അച്ഛൻ വന്നില്ല അവളൊന്നും തിന്നില്ല പേടികാരണം പുറത്തിറങ്ങീല്ലേലും ഒടിഞ്ഞ് തൂങ്ങിയ കിഴക്കെ ഉമ്മറത്തെ ജനലിനരുകിൽ അവള് മുറ്റത്തേക്ക് നോക്കി നിന്നു….
അച്ഛൻ വന്നില്ല മൂക്കൻ ചാത്തനേം പറകുട്ടീനേം കാരണവൻമാരേം ഒക്കെ വിളിച്ചവൾ പ്രാർത്ഥിച്ചു അച്ഛനെ കാത്തോളണേ…അച്ഛനാപത്തൊന്നും വരുത്തല്ലേന്ന്….
അമ്മമരിച്ചിട്ട് വർഷം ഏറെയായി അവളുടെ ഒമ്പതാം വയസ്സില് അമ്മദീനം വന്നതാണ്….(വസൂരി,ചിക്കൻബോക്സ്)
ഏതക്കയോ നാട്ട് വൈദ്യൻമാർ ചിക്തിസിച്ചു രോഗം കൂടി…
പത്തൊമ്പതാം പക്കം അമ്മ പോയി…
ഇപ്പം അവൾക്ക് പത്തൊമ്പത് വയസ്…..
കാണാൻ ആത്രേം വട്ടത്തിലൊരുസുന്ദരിയില്ല…..
അച്ഛൻ നീം വന്നില്ല…..
അവൾ എപ്പഴോ ഉറങ്ങിപ്പോയി…….. പിറ്റേന്ന് മഴതോർന്ന നനഞ്ഞ പ്രഭാതം…….
അച്ഛൻ കയറിവന്നു…
അയാള് കോലായിലെ ചുമരിലേക്ക് നോക്കി മോളോടായി ചോദിച്ചു അച്ഛനെകാണാതെ അച്ഛേടെമോള് വിഷമിച്ചേഡാ……. നല്ല മഴല്ലേരുന്നു പോരാത്തേന് നല്ല ഇടീം മിന്നലും….
മ്മടെ ചാമ്യമ്മാൻറെ വീട്ടില് കൂടി മൂപ്പര് വിടണ്ടേ…
ഞാൻ പറഞ്ഞേനു മോളൊറ്റെക്കേള്ളൂ..അവള് പേടിക്കുംന്നൊക്കെ…എവടെ മൂപ്പര് കേക്കണ്ടേ മുത്തേ…..
അങ്ങേര് പറയാ അവളും അമ്മേം കൂടി ഇരുന്നോളും മോൾക്ക് അമ്മകൂട്ടിരിക്കുന്നൊക്കെ……..
പെണങ്ങണ്ടട്ടോ കണ്ണാ…
അച്ഛനെ നോക്കാന് മ്മടെ കാരണവൻമാരില്ലേ….
മൂക്കൻചാത്തനും പറകുട്ടീം ഒക്കെ ഇല്ലേ…
പിന്നെ എപ്പോ ”ഡ്യേ കുട്ടിമാളോ”ന്ന് വിളിച്ചാലും നിൻറെമ്മേം അച്ഛന് തുണയെത്തില്ലേ…..പാടത്തൊക്കെ എന്താ വെള്ളം ന്നറിയോ……..
മ്മടെ കാരക്കപുഴയൊക്കെ നെറഞ്ഞൊഴുകാ………നല്ലോണം കരകേറീട്ടുണ്ട് വെള്ളം പണ്ട് ഉണ്ടായപോലെ
ന്നലെ സുഖായിരുന്നു അച്ഛക്ക് ചാമ്യമ്മാൻ അച്ഛന് രണ്ട് ക്ലാസ് ചാരായം തന്നു പിന്നെ അമ്മായി നല്ല ചൂടുള്ള കുത്തരി കഞ്ഞീം പാടത്ത് ന്ന് പിടിച്ച കരിതല ചാറും…
ചുട്ടപപ്പടോം.. ..നല്ല കാന്താരി ചമ്മന്തീം പൂളകെഴങ്ങ് ഉപ്പേരീം ഒക്കെയായി….
അച്ഛൻ കുറെ ദിവാസായിട്ട് ആദ്യായിട്ടാ രണ്ട് കിണ്ണം കഞ്ഞികുടിക്കണേ……….
നന്നായൊറങ്ങി അച്ഛൻ…
മനസ്സ് വിട്ട്….
ഇവിടെ ആവുമ്പോൾ ഒറക്കവരണ്ടേഡാ…..നിന്നെ ഓർത്ത് ഇൻറെ കുട്ടിമാളൂനെ ഓർത്ത് ….
അങ്ങനെ കിടക്കും……. പിന്നെ അച്ഛന് മ്മടെ നമ്പൂരശ്ശൻറെ മനേലാന്ന് പണി അച്ഛൻ പോവേണ്….
അവിടെ തൊടീല് വരിവെള്ളൊക്കെ ഒന്ന് തിരിച്ച് വിടണത്രേ….ന്ന് നേരത്തെ വരാട്ടോ കുട്ടി പേടികണ്ടാ…അ
ച്ഛൻ വന്നിട്ട് ഒറങ്ങ്യാമതി…..
അയാളതും പറഞ്ഞ് ഒന്ന് തലയാട്ടി മകളോട് സമ്മതം ചോദിക്കണപോലെ…..
വാതില് പൂട്ടി അയാള് മുറ്റത്തേക്കിറങ്ങി വഴിയിലേക്ക് നടന്നു….
അവളത് നോക്കിയിരുന്നു അച്ഛൻ ഇന്നെങ്കിലും നേരത്തെ വന്നാമതിയൊരുന്നു ദൈവേന്ന്….
നെടുവീർപ്പിട്ടു………മൂക്കൻ ചാത്താ… പറക്കുട്ട്യേ.. ഞങ്ങടെ കാരണംമാരെ അച്ഛനെ കാത്തളണേ…….അവൾ മനമുരുകി പ്രാർത്ഥിച്ചു…..
അവളുടെ നിറംമങ്ങിയ ഫോട്ടോക്ക് പിന്നിൽ നിന്ന് അത് സമ്മതിച്ചെന്ന പോലെ ഒരുപല്ലി ചിലച്ചു……
പത്തൊമ്പതാമത്തെ വയസ്സില് നെറപൊഴേല് പെട്ട് ഒലിച്ചുപോയ അന്ന് മുതൽ അവളുടെ ലോകം ചുമരിലെ ഫോട്ടോക്കുള്ളിലായിരുന്നൂ…… അവളങ്ങിനെ അച്ഛനെ കാത്തിരുന്ന് ഒറങ്ങിപോവണ മഴക്കാലത്തിന് എന്തറിയാം… കാരക്കാ പുഴയുടെ നടൂന്ന് സന്ത്യ നേരത്ത് അച്ഛേ…അച്ഛേ….ന്ന്നെലവിളി ഇപ്പഴും കേക്കാറുണ്ടന്നാ ജനസംസാരം….
എന്തായാലും അവളുടെ ലോകം അവളുടെ അച്ഛനൊറ്റക്കായ നൊണ്ടികുന്നിലെ ആ പാതി ദ്രവിച്ച പുരയായിരുന്നൂ….

By ivayana