രചന : മംഗളൻ എസ് ✍

ഒരു ഗർഭിണിത്തൂലികപ്പേറ്റുനോവാൽ
ഒരു ചെറു കുഞ്ഞു ബാലനെപ്പെറ്റിടട്ടേ..
ഒട്ടല്ല നൊമ്പരം പേറ്റു നോവേറുന്നു
ഒക്കെപ്രസവിക്കാനാവില്ലെന്നാകിലും!

കോറിയിട്ടോട്ടെയാബാല്യകാലത്തിന്റെ
കണ്ണുനീർ ചോരയായിറ്റിച്ച നാളുകൾ
കണ്ണുനീരിറ്റുവീണാതൂലികത്തുമ്പാൽ
ആത്മ ബാഷ്പങ്ങൾ വാക്കുകളാകട്ടെ!

നാലാം തരത്തിൽ പഠിക്കുന്ന നാൾവരെ
പള്ളിക്കൂടത്തിലെന്നാമനായ് വാണവൻ
ഏഴാംക്ലാസ്സു കഴിയുന്ന നാൾ വരെ
ക്ലാസ്സിലേക്കൊന്നാമനായി പഠിച്ചവൻ!

എട്ടുതൊട്ടൊരുപാട് കഷ്ടപ്പെട്ടന്നവൻ
പഴയതാം പുസ്തകങ്ങൾ നേടുവാനായ്
പത്തിലായപ്പഴോ ക്ലാസ്സിൻ പുറത്തായി
പത്തിലെ പുസ്തകമൊന്നുമില്ലാതവൻ!

ക്ലാസ്സിൻ പുറത്താക്കി വാദ്യാരവനെ
ക്ലാസ്സ്മുറിവരാന്തയിലെത്രനിന്നവൻ
ചേട്ടനെഴുതിയൊരച്ഛന്റെ കത്തുമായ്
ചെന്നവനൂർജ്ജമായ് നൽകി ടീച്ചർക്ക്.

കത്തിലെന്തോ മഹാ സംഭവമുണ്ടാകും
കഷ്ടകാലത്തില് തെറ്റിധരിച്ചുപോയ്
“നീതികേടല്ലയോ വാദ്യാരേ കുട്ടിയെ
നീണ്ടകാലം വെളിയില് നിർത്താമോ?!”

കത്ത് വായിച്ചുകോപിഷ്ടനാം വാദ്യാര്
കട്ടപ്പരിഹാസമോടൊരു നോട്ടമായ്
പിന്നൊട്ടും വൈകാതെയോനെയാ-
ക്ലാസ്സിൻമുറിയിലിരുത്തിയധ്യാപകൻ!

മറ്റുള്ള കുട്ടികൾ ട്യൂഷന് പോയ്‌വന്ന്
ഉത്തരം പെട്ടന്നുപെട്ടന്ന് ചെല്ലുമ്പോൾ
ട്യൂഷനോ പോകട്ടെ പുസ്തകമില്ലാതെ
ഒട്ടല്ല നൊമ്പരപ്പെട്ടവൻ ക്ലാസ്സില്!

പിന്നിട്ട നാളിൽ പിന്നിലായ്പ്പോയവർ
പിന്നിലാക്കിയോനെ മുന്നേറിപ്പോയതും
പാവങ്ങളാം രണ്ടു കൂട്ടുകാരെപ്പോഴും
ചേർത്തുപിടിച്ച മറക്കാത്ത നാളുകൾ!

കല്ലറയെന്നൊരു ദേശംവരെപ്പോയി
കണ്ടെത്തി പഴയ പുസ്തകങ്ങളത്രയും
പത്തിലെ പാഠപുസ്തകങ്ങളത്രയും
രണ്ടു മാസങ്ങളോ കൊണ്ടു പഠിച്ചവൻ!

ഒട്ടൊന്നു മാറ്റിയിടാനുടുപ്പില്ലാതെ
ഒറ്റക്കുപ്പായവും ഇട്ടു നടന്നവൻ
ഓട്ടനിക്കറുമിട്ടങ്ങോടി നടന്നവൻ
ഓരോ ജോലികൾ ചെയ്തു സ്വരൂപിച്ചു!

കപ്പയും കഞ്ഞീം കുടിക്കുന്ന നേരത്ത്
കൈപ്പൻ പ്ലാവിന്റെ പ്ലാവില പിച്ചയോൻ
പ്ലാവിലക്കുമ്പിളിലീർക്കിൽ കൊരുത്ത്
പ്ലാവിലക്കുമ്പിളാൽ കോരിക്കുടിച്ചതും!

പള്ളിക്കൂടത്തിൽപ്പഠിച്ചവൻ മുന്നേറി
ഏറെ നടക്കണം പള്ളിക്കൂടം പൂകാൻ
കാലവർഷക്കാലം മഴനനയാതവൻ
കൂട്ടുകാരന്റെ കുടക്കീഴിൽച്ചേക്കേറി!

പാതിനനഞ്ഞിട്ടും പണിപ്പെട്ടു നേടിയ
പുസ്തകമൊന്നും നനയാതെനോക്കി
താൻ നനഞ്ഞാലും നിധിപോലെകാത്തു
പുസ്തകം നനയാതെ കരുതലായി!

ഉച്ചയൂണെന്ന മോഹത്താൽ വീടെത്തി
ഉച്ചക്കഞ്ഞിയവൻ മോന്തി മടങ്ങവേ
വെയിലേറ്റ് വാടിവിയർത്തുകുളിച്ചു
ക്ലാസ്സിലിരുന്നു കണ്ണൊന്നടഞ്ഞുപോയ്!

കണ്ടൊരദ്ധ്യപകൻ കയ്യോടെ പിടികൂടി
ഒറ്റക്കാലിൽ ക്ലാസ്സിൽ നിർത്തിയതും
കണ്ട കുട്ടികൾ കളിയാക്കും നേരത്ത്
കണ്ണുനീരിറ്റിറ്റു ക്ലാസ്സ് നനഞ്ഞതും!

കണ്ടതില്ലാ ഗുരുനാഥനവനുടെ
കണ്ഠമിടറിയാ തൊണ്ട വരണ്ടതും
കഷ്ടപ്പാടാണെന്നറിഞ്ഞിട്ടുമിത്രമേൽ
കണ്ണിൽച്ചോരയില്ലാതധ്യാപകർ ചിലർ!

പാടുപെട്ടാലും പഠിക്കണമെന്നൊരു
പാവം ബാലന്റെ ചപല വ്യാമോഹമോ
പാടുപെട്ടന്നു പഠിച്ചതിൻ ഫലമാവാം
മാതാപിതാക്കൾക്കവൻ തണലായി!!

By ivayana