നേര്‍ത്ത മൂടല്‍ മഞ്ഞു പാളികള്‍ക്കപ്പറത്തു അകലെ അവ്യക്തമായി ഉയര്‍ന്നു നില്‍ക്കുന്ന ഹിമാലയന്‍ മലനിരകള്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഇതുപോലെയൊരു തണുത്ത ഡിസംബര്‍ സന്ധ്യയില്‍ ഏതോ ഒരു കസ്തൂരിമാനിനെ തഴുകി വന്ന കാറ്റില്‍ കുളിച്ചു നിന്ന ഗംഗ പറഞ്ഞത് ഓര്‍മ്മ വന്നു.
”ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നീയും ഞാനും നമ്മുടെ പരമ്പരകള്‍ പിച്ച നടക്കും മുന്നെ ഈ മലയിടുകളിലുള്ള ഒറ്റയടിപ്പാത വഴിയാണ് പാണ്ഡവരും കൃഷ്ണയും സ്വര്‍ഗത്തിലോട്ടു നടന്നടുത്തതു”.
“ഹരിയ്ക്കറിയുമോ – അതൊരു സംഭവ കഥയോ മിത്തോ എന്തുമായിക്കൊള്ളട്ടെ, അതിലൊരു സത്യമുണ്ട് “
കുറച്ചു നേരം അവള്‍ ഒന്നും മിണ്ടിയില്ല. പിന്നെ ആകാശത്തേയ്ക്ക് കണ്ണുകള്‍ നാട്ടി ശൂന്യതയില്‍ എവിടെ ഒളിച്ചിരുന്ന ഒരു നക്ഷത്രത്തെ കണ്ടു പിടിച്ചു അതിന്‍റെ നേരെ വിരല്‍ ചൂണ്ടി പറഞ്ഞു.
“ആ നക്ഷത്ര വെട്ടം പോലെ സുതാര്യമായ തെളിമയുള്ള സത്യം”
നിനക്ക് പറയാന്‍ കഴിയുമോ അതെന്താണെന്ന്. ആ സത്യത്തിന്‍റെ ആത്മാശം എന്തെന്ന്?.
അന്ന് അവള്‍ക്കൊരു ഉത്തരം കൊടുക്കാന്‍ കഴിഞ്ഞില്ല. പിന്നെ എന്നോ അസ്തമന സൂര്യന്‍റെ നീളുന്ന അന്തിവെട്ടം പോലെ അവളില്‍ ഞാന്‍ മാഞ്ഞു തുടങ്ങി. അവളുടെ ചോദ്യം പക്ഷെ എന്നില്‍ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഒരു ഉത്തരം കണ്ടെത്താന്‍ കഴിയാതെ ഞാനും.
അനിവാര്യമായ ഒരു യാത്രയായിരുന്നു ഇത്. ഒരു ഉള്‍വിളി പോലെ മനസ്സില്‍ ആരോ ഉണര്‍ത്തിവിട്ട ഒരു മിന്നല്‍ പിണര്‍. രണ്ടാമതൊന്നു ആലോചിക്കാന്‍ സമയം എടുത്തില്ല. നിശ്ചയമില്ലാത്ത ലക്ഷ്യത്തിലേയ്ക്ക് മനസ്സിനൊപ്പം കാലുകളും സഞ്ചരിച്ചപ്പോള്‍ വന്നെത്തി നിന്നത് ഇവിടെ ഈ പുണ്യ തീര്‍ത്ഥക്കരയില്‍. കൂടെ കൂട്ടായി വന്നതു ആരുടെയൊക്കെ ആത്മാക്കള്‍ ആവാം. അച്ഛന്‍ ,അമ്മ, മുത്തശ്ശി, ചേട്ടന്‍, ഡോളുട്ടി, മാമ്മന്‍ …..
എനിയ്ക്കു പോലും ഉറപ്പില്ലാത്ത ഈ യാത്രയില്‍ എന്നോടൊപ്പം ഇറങ്ങിത്തിരിച്ചവര്‍. ഒരു പക്ഷെ അവരാവുമോ എന്നെ ഇവിടെ കൊണ്ടെത്തിച്ചത്.
ഇന്നീ സായം സന്ധ്യയില്‍ മലനിരകളെ നോക്കി ഇരിയ്ക്കുമ്പോള്‍ അന്ന് ഗംഗ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരം മനസ്സില്‍ തെളിഞ്ഞു വരുന്നു. കല്‍പ്പടവുകള്‍ ഇറങ്ങി ഒരു കുമ്പിള്‍ ജലം കോരി മുഖം കഴുകി. കൂടെ വന്ന അരൂപികള്‍ ഗംഗയുടെ പുണ്യങ്ങളില്‍ നീന്തി തുടിച്ചു അപ്രത്യക്ഷരായി. മനസ്സില്‍ വല്ലാത്ത ഒരു ആഹ്ലാദം ഒരു കുളിര്‍ ഒരു വല്ലാത്ത ആത്മസംതൃപ്തി.
എത്ര നേരം ഗംഗയില്‍ കണ്ണുകള്‍ അടച്ചു കാലമര്‍ത്തി നിന്നു. കണ്ണുകള്‍ തുറയ്ക്കുമ്പോള്‍ തൊട്ടരുകില്‍ ഗംഗ. തിരികെ പടികള്‍ കയറുമ്പോള്‍ പിന്നില്‍ അലകള്‍ ഒതുക്കി ഗംഗ ചിരിയ്ക്കുന്നു.
” ശരിയാണ് ഗംഗ നീ പറഞ്ഞത്. അതിലൊരു സത്യം ഉണ്ട്. അത് തേടിയാണ് എന്റെയീ രണ്ടാം വരവ്. ഭൂമിയ്ക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ വളഞ്ഞു പുളഞ്ഞു നീണ്ടുപോക്കുന്ന ഒരു ഒറ്റയടിപ്പാത. മനസ്സിലെ നന്മകളെ തേടിപോകാന്‍ ഒരു വിതി കുറഞ്ഞ വഴി. ആ വഴി തന്നെയാണ് അന്ന് പാണ്ഡവര്‍ നടന്നു നീങ്ങിയത് .
മനസ്സിലെ നന്മകളെ വരും തലമുറയ്ക്ക് താലോലിക്കാന്‍ വിട്ടു കൊടുത്തിട്ട് തിന്മകളെ മനസ്സിലേറ്റിയൊരു സ്വര്‍ഗ്ഗയാത്ര. തിന്മകളെ കൂടെ കൂട്ടിയ ആ യാത്രയില്‍ അവര്‍ ഓരോരുത്തരായി വഴിയില്‍ വീണു. പിന്നില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അവാസാനം ചോദ്യം നിശബ്ദ മായപ്പോള്‍ ഉത്തരകര്‍ത്താവിന്‍റെ നിസ്സംഗത മനസ്സിലായത് ആ കറുത്ത നായയ്ക്ക് മാതം. ആ കറുത്ത പട്ടി മനസ്സിലെ നന്മകളെയും തിന്മകളെയും വേര്‍തിരിയ്ക്കുന്ന ഒരു അതിര്‍ത്തി രേഖ. അങ്ങിനെ അതിനെ കണ്ടു കൂടെ”.
ഗംഗ ഏറെനേരം മുഖത്ത് നോക്കി മിണ്ടാതിരുന്നു. അവളുടെ വലിയ കണ്ണുകള്‍ തിളങ്ങുന്നതും വലത്തേ ചുണ്ടിനു താഴെയുള്ള കറുത്ത മറുക് വിറയ്ക്കുന്നതും ഞാന്‍ അറിഞ്ഞു. നെറ്റിയില്‍ ചുളുവുകളുടെ എണ്ണമേറുന്നു. ഏതോ ചിന്തയില്‍ അവള്‍ മുങ്ങി താഴുന്നു.
നീണ്ട മൌനം ഞങ്ങള്‍ക്കിടയില്‍ നിഴല്‍ വിരിച്ചു നിന്നു. അതിന്‍റെ വ്യാപ്തി കൂടും തോറും പരസ്പരം അന്യരാവുകയായിരുന്നു. പെട്ടെന്ന് അവള്‍ ചോദിച്ചു.
” ഇത്രയും ഉള്ളോ നിന്‍റെ ഉത്തരം”.
അല്ല കുറച്ചു കൂടി. കൃഷ്ണ, രാജമാതവിന്‍റെ മനസ്സിലൂടെ കടന്നു പോയപ്പോള്‍ അവളെ മനസ്സിലാക്കാന്‍, പൂര്‍ണ്ണമായി അവളുടെ ചിന്തകളെ നേരിടാന്‍ കഴിയാഞ്ഞത് കൊണ്ടാവില്ലേ ഗ്രന്ഥകാരന്‍ അവളെ ഭിക്ഷയാക്കിയതും എല്ലാവരും കൂടെ പങ്കിട്ടെടുത്തോളാന്‍ എന്ന് മാതാശ്രീയെ കൊണ്ടു പറയിപ്പിച്ചത്. പില്‍ക്കാല സംഭവങ്ങള്‍ ഒന്നും ചര്‍ച്ചയാക്കേണ്ട. മത്സര വിജയിയാ വീരന്‍റെ ഭാറിയാവാന്‍ കൊതിച്ച രാജകന്യക അഞ്ചു ഭര്‍ത്താക്കന്മാരെ വെച്ച് നീട്ടിയപ്പോള്‍ മനസ്സ് പതറി നിന്നിട്ടുണ്ടാവില്ലേ. അപ്പോള്‍ ഭിക്ഷയായി അവള്‍ മാറിയ ആ സന്ധ്യ അന്ന് മുതല്‍ ആണ് സ്ത്രീയുടെ പതനം തുടങ്ങിയത്, അവളെ നേടിയ പുരുഷനെ കൂടുതല്‍ സ്നേഹിച്ച താണോ അവളുടെ തെറ്റ് . അല്ലെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു”.
ശരിയാണ്. സ്വര്‍ഗ്ഗത്തിലോട്ടുള്ള വഴി മനസ്സില്‍ തന്നെയാണ്. നന്മയും തിന്മയും തിരിച്ചറിയുന്നടുത്താണ് ആ വഴി ആരംഭിയ്ക്കുന്നത് . ആ നന്മയും തിന്മയും മനസ്സില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പാണ്ഡവര്‍ നടന്നു നീങ്ങിയ വഴികള്‍ ഇന്നും നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത്. വ്യാസന്‍ കൃഷ്ണയെ മനസ്സില്ലാകുന്നതില്‍ അല്പം വൈമനസ്യം കാട്ടി അല്ലെ”.
കണ്ണു തുറക്കുമ്പോള്‍ ഗംഗയെ കണ്ടില്ല. ചുറ്റും തിരഞ്ഞപ്പോള്‍ ഇരുള്‍ വീണു തുടങ്ങിയിരുന്നു മുന്നില്‍ സാക്ഷാല്‍ ഗംഗ ഒഴുകി കൊണ്ടിരുന്നു.