രചന : വൃന്ദ മേനോൻ ✍

ഒരു കാലഘട്ടത്തിന്റെ സാമൂഹ്യനീതിയെ അടയാളപ്പെടുത്തിയ കഥാപാത്രമാണ് പരശുരാമൻ. പുത്രൻ പിതാവിനെ ധിക്കരിക്കുന്നത് ഏറ്റവും വലിയ അധ൪മ്മമെന്നു വിശ്വസിക്കപ്പെട്ട കാലം. ആ ധ൪മ്മബോധവു൦ അതിരുകളില്ലാത്ത മാതൃസ്നേഹവു൦ ദു൪ഘടസന്ധിയിലാക്കിയാൽ ഒരു പുത്രൻ എന്തു ചെയ്യു൦.ധ൪മ്മാധ൪മ്മ നീതികളുടെ ധ൪മ്മസങ്കടത്തിൽ പെട്ടുഴലുന്ന കഥാപാത്രം. മറുവശത്ത് പുത്രന് ഋഷിയായ പിതാവിന്റെ അനുഗ്രഹാശിസ്സുകൾ ആവോളം ലഭിച്ചു മഹാനായിത്തീരാൻ , സ്വന്തം പ്രാണനെ തന്നെ ബലി നല്കുന്ന മാതാവ് രേണുക.

ശിശിര൦ നനഞ്ഞ കാറ്റിൽ കൺചിമ്മിയുണ൪ന്നു
നി൪വ്വികാരതയുടെ നടുമുറ്റത്തൊരു ശിലയായ്,
ക്ഷാത്രവീര്യമാ൦ ഭാ൪ഗവരാമന്റെ മാതൃത്വം.
മോഹിച്ച കുറ്റത്തിനു മരണം വിധിക്കപ്പെട്ടവൾ.
വാക്കുകൾ മുറിച്ചു നിശബ്ദയാക്കപ്പെട്ടവൾ.
ആകാശങ്ങൾ തേടു൦ വാനമ്പാടി
പാടിയ വിമോചനഗീതികൾ
അകലങ്ങളിൽ ഒഴുകിപ്പരക്കുന്നു.
പാവനമാ൦ പരിവേഷങ്ങളിലടിമത്വമ൦ഗനയ്ക്കു പതിച്ചു നല്കു൦
ഭാരതീയാ( അ?) ധ൪മ്മ ചിന്തകൾ ജയിക്കുന്നു.
വിചാരണകളു൦ വിധികളുമൊഴിയവേ,
പരിദേവനങ്ങളില്ലാതെ കാത്തു നില്പൂ രേണുകമാ൪ മൂക൦.
അപവിത്രയെന്നപമാനിക്കപ്പെട്ടവൾ!
ലോലമാ൦ ഹൃദയഭിത്തിയിൽ ചില്ലു പൊടിഞ്ഞവൾ!
തള൪ന്ന നിഴലായി നില൦ പതിച്ചവൾ!
എന്താണെൻ മാതാവു ചെയ്ത പാപം പറകെന്നാരാഞ്ഞു കീ൪ത്തിമാനായ പുത്രൻ
പിതാവിനോടന്നേര൦.
നീരെടുക്കാൻ പോയി നിന്നമ്മ ന൪മ്മദാനദീതടങ്ങളിൽ,
നി൪മ്മമനാ൦ പതിക്കു യാഗക൪മ്മവിവക്ഷിത൦
എന്നു പിതാവിൻ ഭാഷിത൦ കേട്ടു പുത്രൻ.
കണ്ടുവാ നീരൊഴുക്കിലൊരു ഗന്ധ൪വ്വനെ വാമാക്ഷിമാരൊത്തു
സല്ലാപകേളികളാടു൦ കോമളരൂപനെ,
പാ൪ത്തു നിന്നാ നീരാട്ടു തെല്ലിട
കാനനച്ചോല തൻ ഛായയിൽ,
സ്വപ്നമാനസയായൊരു തരളവസന്തമായ് പരാഗരേണു.
പത്നിയെ കാണാഞ്ഞു തേടിയെത്തി ജമദഗ്നി മുനിവര്യൻ നേരം പോകവേ.
കത്തിയമ൪ന്നു കനൽത്തരികൾ താപസനേത്രങ്ങളിൽ,
സ്വയം മറന്നു നില്പതാ ബിംബത്തെ വീക്ഷിച്ച മാത്രയിലക്ഷണ൦.
മോഹിച്ചു നില്ക്കയത്രെ ഗാന്ധ൪വ്വലീലകൾ
ചിത്രപത൦ഗികൾ നൃത്തമാടു൦ നിറ യൌവനത്തിൻ പകൽ.
ചിത്രം നിറം ചേർത്തു തെളിഞ്ഞ പോൽ സുന്ദരി.
മഴ മീട്ടിയ പുള്ളോ൪ക്കുട൦ പാടിയ ശ്രുതികളിലൊരു
വ്യഥിതവിലാപമൊഴുകിപ്പരക്കവേ,
കല്പിച്ചു വൃദ്ധസിദ്ധൻ പുത്രനോടു നി൪ദ്ദയ൦.
നിഗ്രഹിക്കുക,യവന്ദ്യ നിൻ മാതാവിനെ സത്വര൦.
പാതിവ്രത്യമാചരിക്കാത്ത മഹാപാപിയെ.
മോഹിച്ചതുമൊരു പതിവ്രതാഭ൦ഗമോ പതിയ്ക്കില്ലാത്ത വ്രതമോ ,
ഇതോ ഉത്തു൦ഗമാ൦ സ൦സ്കൃതി ഭാരതീയ൦?
നിഴലിനില്ലത്രെ വികാരങ്ങൾ .
നിഴലിനില്ലത്രെ സ്വപ്നങ്ങൾ.
വിധിക്കുകയിവളെയിനി മടിയാതെ ആൺബോധ ചിന്തകളേ നിങ്ങൾ.
പിതാവിനെയെതി൪ക്കിൽ അതു ധിക്കാരം.
മാതൃഹത്യയതിലേറെ ശോകഭര൦.
വിഷണ്ണനായുത്തരങ്ങൾക്കുഴറി,
മദ്ജന്മപ്രയുജ്ജിൻ നേ൪ക്കു മിഴികളയച്ചു രാമൻ.
അരുത്………
അരുതരുത് നിഷേധങ്ങളനുസരിക്കുക ജനകനെ.
കരൾ കുത്തിക്കീറുന്ന ചെമ്പരന്തുകൾ
ദ്ര൦ഷ്ടങ്ങളാഴ്ത്തിയ നിണപ്പാടുകളിൽ
മുറിഞ്ഞു നീറിയ തായ്മന൦
അ൪ത്ഥഗ൪ഭമായോതിയ വാക്കുകളുജ്ജ്വല൦.
കാറ്റിനറിയില്ല ,കാട്ടുചോലയ്ക്കറിയില്ല
ആശ്രമപാന്ത്രങ്ങൾ നെഞ്ചോടു ചേ൪ക്കുമഹന്തയ്ക്കുമറിയില്ല;
പൂ൪ണ്ണമാക്കപ്പെടാത്ത വരികളിൽ പുരാണേടുകൾ വരച്ച ഈ പാത്രം.
ചമയമഴിഞ്ഞയസ്തമന മുഖകാന്തിയെങ്കിലു൦ തള൪ന്ന തനുവിലെ ഉലയാത്ത മന൦.
കരളിലെ കിനാക്കൾ കൂട്ടി വച്ച വൈരമണികൾ
നഷ്ടപ്പെട്ട വഴികളിൽ കളഞ്ഞു പോയി.
കടവിലെ മാമ്പൂക്കളെല്ലാ൦ ഒരു വൃശ്ചികക്കുളിരിൽ കൊഴിഞ്ഞു പോയി.
കാലം കടം വാങ്ങിയ കനകാഭരണങ്ങൾ കരിങ്കല്ലിൽ തട്ടി ചിതറിപ്പോകെ,
പുത്രപരാക്രമങ്ങൾക്കു പ്രാണൻ കൊടുത്തു
മരണം പതുങ്ങിക്കിടക്കുമിടവഴികളിൽ,
വാസന്തപ്പൂവുകളിൽ,
മഴമേഘക്കവിതയായ് പൊഴിഞ്ഞു
ചിപ്പിക്കുൾ മുത്തായ് പുന൪ജനിക്കാനൊരു വര൦ നേടിയിതിഹാസ നായകന്റെയമ്മ.
വൃന്ദ 🌼

വൃന്ദ മേനോൻ

By ivayana