രചന : സോമരാജൻ പണിക്കർ ✍

ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച കണ്ടപ്പോൾ നമ്മുടെ സർവ്വകലാശാലകളിൽ നടക്കുന്ന അഴിമതി നിറഞ്ഞ നിയമനങ്ങളുടേയും സ്വജനപക്ഷപാതത്തിന്റെയും പിൻ വാതിൽ നിയമനങ്ങളുടെയും കഥകൾ ഒന്നൊന്നായി വെളിപ്പെടുന്ന അവസ്ഥ വ്യക്തമായി …


വളരെ വർഷങ്ങൾക്കു മുൻപ് മറ്റ് എല്ലാ യോഗ്യതയും ഉണ്ടായിട്ടും ഡോ .വിളനിലം എന്ന മുൻ കേരള സർവ്വകലാശാല വൈസ്ചാൻസലറുടെ ഒരു പീ എച്ച് ഡീ ബിരുദം ” ഓണററി ” ആണെന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ പുറത്താക്കണം എന്നു ആവശ്യപ്പെട്ട് അന്നത്തെ ഇടതു പക്ഷ വിദ്യാർഥി സംഘടനകൾ എല്ലാം കൂടി മാസങ്ങളോളം പ്രക്ഷോഭണം നടത്തി കേരളം സ്തംഭിപ്പിച്ച കാലം ഓർത്ത് പോയി …

പിന്നീട് ആ സമരം തെറ്റായിരുന്നു എന്നു അതേ സംഘടനകൾ ഏറ്റു പറഞ്ഞു എന്നത് മറ്റൊരു കൗതുകം…
ഇപ്പോൾ ആലോചിക്കേണ്ടത് ഇത്രയും നഗ്നമായ ചട്ടലംഘനം നടത്തി വേണ്ടപ്പെട്ടവരെ പലരേയും അസോസിയേറ്റ് പ്രഫസർ ആയും പ്രൊഫസർ ആയും പല സർവ്വകലാശാലകളിലും നിർബാധം നിയമനം നടത്തിയിട്ടും അത് ഒന്നു അന്വേഷിക്കണം എന്നു പറയാൻ പോലും ഒരു വിദ്യാർഥി സംഘടനയെ മഷിയിട്ടു നോക്കിയാൽ കിട്ടുന്നില്ല ….


യൂ ജീ സീ അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശക തത്വങ്ങൾ എല്ലാം ലംഘിക്കപ്പെട്ട് , അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവരെ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നൽകി ഇഷ്ടക്കാരെ നിയമിച്ചു എന്നത് ആദ്യ സംഭവവും അല്ല ….വിവാരവാകാശ നിയമം എന്ന ഒരു പിടിവള്ളി ഇല്ലായിരുന്നു എങ്കിൽ ഈ ഇന്റർവ്യൂ മറിമായം പൊതുജനമോ പരാതിക്കാരോ ഒരിക്കലും അറിയുക പോലും ഇല്ലായിരുന്നു ….കാലിക്കറ്റ് സർവ്വകലാശാല ആണെങ്കിൽ വിവരാവകാശ നിയമപ്രകാരം ചോദിച്ച രേഖകൾ വിചിത്രമായ കാരണങ്ങൾ പറഞ്ഞ് ഉത്തരം നൽകാൻ വിസമ്മതിക്കുന്നു…എന്നിട്ട് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഇതൊന്നും അറിഞ്ഞ മട്ടേയില്ല ….അദ്ദേഹത്തിന്റെ ജോലി സത്യത്തിൽ ഇതൊക്കെയല്ലെ …?


മിനിമം യോഗ്യതയുള്ളവരാണ് ഒരു ഒഴിവു വരുമ്പോൾ അപേക്ഷിക്കാൻ അർഹത നേടുന്നത് ‌..എന്നാൽ അവരിൽ ഏറ്റവും മികച്ച യോഗ്യത ഉള്ള ആൾ നിയമിക്കപ്പെടുമ്പോൾ ആണ് ആ നിയമനം സുതാര്യവും നീതിയുക്തവും ആകുന്നത് ‌..ഇന്റർവ്യൂവിലെ മാർക്കിടൽ രഹസ്യങ്ങൾ വിവരാവകാശ രേഖകൾ പുറത്തു വന്നതോടെ ഏറെക്കുറേ പരസ്യമായിരിക്കുകയാണ്….


ഈ ചർച്ച കൊണ്ട് എന്തെങ്കിലും വലിയ മാറ്റം സർവ്വകലാശാലാ നിയമനങ്ങളിൽ സംഭവിക്കും എന്നു കരുതുന്നില്ല …പക്ഷേ കോടതി എന്ന അവസാന ആശ്രയവും പൊതുജന പിന്തുണയും ഇത്തരം വഴിവിട്ട നിയമനങ്ങൾ തടയാൻ ഒരു പരിധി വരെ സഹായിക്കും…


എന്തെങ്കിലും തട്ടിപ്പ് പുറത്തു വരുമ്പോഴോ കോടതി ഇടപെട്ട് എതെങ്കിലും വഴിവിട്ട നിയമനം അസാധു ആക്കുമ്പോഴോ സൈബർ ഇടം ഉപയോഗിച്ചു നിയമിക്കപ്പെട്ട വ്യക്തി സർവ്വഥ യോഗ്യത ഉള്ള ആണെന്നും കോടതിക്കു തെറ്റ് പറ്റിയതാണെന്നും ഉള്ള ഒരു പുതിയ തരം ന്യായീകരണ തന്ത്രം ഇപ്പോൾ വ്യാപകം ആണ്…ഇത് പരാതിക്കാരെ അവഹേളിക്കുന്നതിനും സുതാര്യമായ നിയമന വ്യവസ്ഥ ആവശ്യമില്ലന്നും വാദിക്കുന്നതിനും തുല്യമാണ്….വഴി വിട്ട ചട്ടലംഘനം വഴിയോ രാഷ്ട്രീയ സ്വാധീനം വഴിയോ യഥാർഥത്തിൽ അർഹതപ്പെട്ട ആളിനു പകരം മറ്റൊരാൾ നിയമനം തേടുന്നത് പരീക്ഷയിൽ കോപ്പിയടിക്കുന്നത് പോലെ ഒരു ഹീനമായ കുറ്റകൃത്യം ആണ്…

അത്തരക്കാരെ കണ്ടെത്തി ആ പദവികളിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ അത് വരും തലമുറയോടു ചെയ്യുന്ന ഹീനമായ ഒരു കുറ്റകൃത്യം തന്നെയാണ്…
കഴിഞ്ഞ പത്തു വർഷം കേരളത്തിലെ വിവിധ സർവ്വ കലാശാലകളിൽ നടന്ന എല്ലാ അദ്ധ്യാപക നിയമനങ്ങളും യൂ ജീ സീ പരിശോധിക്കുകയും ഒരു വിദഗ്ധ സിമിതി വിലയിരുത്തി ക്രമക്കേട് നടന്ന എല്ലാ നിയമനങ്ങളും റദ്ദ് ചെയ്യുകയും ചെയ്യാൻ സേവ് യൂണിവേർസിറ്റി ഫോറം നിയമ പോരാട്ടം നടത്തുന്നു എന്നറിയുന്നു …


ന്യായം തേടി പോകുന്ന പരാതിക്കാർക്ക് അവസാന ആശ്രയം കോടതി മാത്രമാണെന്ന സത്യം അവശേഷിക്കുന്നു …ഇന്നലെ ചർച്ചയിൽ പറഞ്ഞത് പോലെ എല്ലാവർക്കും കോടതിയിൽ പോയി അനുകൂല ഉത്തരവ് സമ്പാദിക്കുക എളുപ്പമല്ല …

സോമരാജൻ പണിക്കർ

By ivayana