രചന : ശന്തനു കല്ലടയിൽ ✍

ഒരിടവഴിയിൽ
വേലിപ്പൂക്കളുടെ താലപ്പൊലി
പതിവായി കാണാം
വ്യത്യസ്ത നിറങ്ങളിൽ
മണങ്ങളിൽ വരെ .
കാലാന്തരങ്ങളിൽ പൂത്തും
തളിർത്തും
കരിഞ്ഞും അവ നിൽക്കുന്നു .
വളവും തിരിവുമുള്ള
ഇടവഴി എപ്പോഴും നടന്നുകൊണ്ടേയിരിക്കും.
വളവിനപ്പുറം ചിലപ്പോൾ
കളഞ്ഞുപോയൊരു
പൂർവ്വവസന്തത്തെ
കണ്ടുമുട്ടിയെന്നു വരും.
വഴിമുറിഞ്ഞ പോലെ ഓർമ്മകൾ നിൽക്കും ,
പിന്നെ ഉള്ളൊന്നു പിടയും.!
ഇടവഴിയിലെ കൊടുംവളവിൽ
ഈ വാരം ബ്ലയിഡ്കാരൻ മുന്നിൽ
പെടല്ലേയെന്ന് കൊതിക്കെ
പഴയ സാറിനെ പൊടുന്നനെ കാണും
ചെന്ന് മിണ്ടണോ എന്നൊരു
ചൂരൽച്ചുനയോർമ്മ തുടയിൽ
വേഗത്തിൽ താളം പിടിക്കും.
മനസ്സ് മുഴുവൻ ഒരാളെ നിനച്ച്
നടന്നാൽ വരുന്നതെല്ലാം
ഒരേ പുള്ളിപ്പാവാടയാണെന്ന് തോന്നും
കർപ്പൂര മണമുള്ള സന്ധ്യകളും
മാണിക്യ ചെമ്പഴുക്കയും
ഇടം കണ്ണാൽ കവർന്നെടുത്ത
കവിൾ കുങ്കുമച്ചുഴികളും
കാലങ്ങളോളം കനവിൽ മാറാല
മൂടി കിടക്കും
ഒരുവേള നീയെനിക്കെന്നു
ഹൃദയത്തിൽ തൊട്ട മുദ്രകൾ
ഓർമ്മയിലോമനിച്ച്
കാലം പിന്നെയും ധമനികളിൽ
വേദനയിറ്റിച്ച് ഒഴുകും
ഒരിടവഴി നിന്നിൽ തുടങ്ങി
നിന്നിലവസാനിക്കും
വേലിയിലാകെ മതിലുകൾ പരകായം പ്രവേശിക്കും
ഇടവഴി റോഡാകും
മറന്നു കാണുമെന്ന് കരുതി
വെറുതെ പൂമണമുള്ള സന്ധ്യകളെ
നെഞ്ചിൽ പേറും
വഴി പിന്നെയും നീളുകയാണല്ലോ
ആരോരുമറിയാതെ
നമ്മളിങ്ങനെ കാലങ്ങളോളം
നടക്കുകയാണല്ലോ.

ശന്തനു കല്ലടയിൽ

By ivayana