രചന : ഷാജു വിവി ✍
മരണ വീട്ടിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനും ഉണ്ട് . ബോഡി വീട്ടിലെ സ്വീകരണ മുറിയിൽ ഒരു ശവശരീരത്തിന്റെ ആചാര മര്യാദകളെല്ലാം പാലിച്ച് നീണ്ടുനിവർന്ന് കിടക്കുന്നുണ്ട്.
ഡെഡ് ബോഡികളായിത്തീരുന്നതോടെ എല്ലാ മനുഷ്യർക്കും ചുമ്മാ ഒരു ആത്മ ഗൗരവം വന്നുചേരുന്നുണ്ട്. ഇതേ സ്ഥലത്താണ് എന്റെ അച്ഛൻ മരിച്ചപ്പോഴും കിടത്തിയിരുന്നത്.
മരിച്ചു കിടക്കുകയാണ് എന്നൊന്നും തോന്നില്ല. ഒരു സിനിമയിൽ ഡെഡ് ബോഡിയായി അഭിനയിക്കുകയാണെന്നേ തോന്നുന്നുള്ളൂ. ക്യാമറ ശ്വാസഗതി പിടിച്ചെടുക്കാതിരിക്കാൻ ശ്വാസം പിടിച്ചു വെച്ചു കിടക്കുന്നതിന്റെ വിമ്മിഷ്ടം പോലെ എന്തോ ഒന്ന് കാണാനുണ്ട്.
ആരോ പറയുന്നുണ്ട് :
ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നു .
ഈ നിലവിളികളെല്ലാം കേട്ട് ചെങ്ങായി ഉണർന്നു കളയുമോ?
ബന്ധുക്കളും കൂട്ടുകാരും ശിഷ്യരും നാട്ടുകാരുമെല്ലാമുണ്ട്. ലക്ഷണയുക്തമായ ഒരു മരണ വീടിന്റെ പശ്ചാത്തല വാദ്യങ്ങളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ട്.
അഹന്തയും മുൻകോപവും അലിവും സ്നേഹവും ഭയങ്ങളും ആസക്തികളുമെല്ലാം തീഷ്ണമായുണ്ടായിരുന്ന ഞാനിതാ മരിച്ചു കിടക്കുന്നു. എനിക്കെന്നോട് പാവം തോന്നി.
ഒരു കൊതുകു എന്റെ കവിളിലിരിക്കുന്നത് ഞാൻ കണ്ടു. മറ്റാരും അതു ശ്രദ്ധിച്ചിട്ടില്ല.
എനിക്കെന്തു ചെയ്യാനാകും.
എന്റെ തൊട്ടടുത്തു നിൽപ്പുണ്ടായിരുന്ന ഒരു ബന്ധു ഫോണിൽ ആരോടോ വിളിച്ചു പറഞ്ഞു:
ബോഡി നാലു മണിക്കെടുക്കും. അതിനുള്ള ഏർപ്പാടൊക്കെ ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി ചപ്പാത്തിയും മീൻ കറിയും കഴിച്ച് പാട്ടും മൂളി റൂമിലെത്തി എഫ് ബിയിൽ ഒരു സ്റ്റാറ്റസ്സിട്ടു കിടന്നുറങ്ങിയ ഞാനാണ്. ആ നാറി ബോഡി എന്നു പറയുമ്പോൾ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഞാനൊരു ബോഡിയായിരുന്നു എന്ന സ്വാഭാവിക മട്ടിലാണ്.
ബോഡി എന്നാൽ ശരീരം . ശവശരീരത്തെ ബോഡി എന്നു വിളിക്കുന്നതിന്റെ യുക്തി എന്താകും ? ആത്മാവ് കൂടൊഴിഞ്ഞു പോയ കേവല ശരീരം എന്ന അർത്ഥത്തിലാണോ ?
പ്രായോഗികമതികളായ ചില ബന്ധുജനങ്ങൾ സന്ദർശകർക്ക് ചായ സൽക്കരിക്കുന്നുണ്ട്-ഏറോ റൂട്ടിന്റെ ബിസ്കറ്റും. എനിക്കും ചായയും ബിസ്കറ്റും വേണമെന്നു തോന്നി. ഇന്നലെ രാത്രി ചപ്പാത്തി കഴിച്ചതിനു ശേഷം ഒന്നും കഴിച്ചിട്ടില്ല. വിനയന്റെ സിനിമയിലേ ഇഡലി കഴിക്കാനാവുന്ന പ്രേതാത്മാക്കളുള്ളൂ.
എന്റെ പൂർവ്വ കാമുകിമാരിൽ ഏറ്റവും പ്രീയപ്പെട്ട ഏഴുപേർ വന്നിട്ടുണ്ട്. എന്റെ ജീവിതത്തിലെ സപ്തസ്വരങ്ങൾ .
അവരിൽ ചിലരെല്ലാം പരസ്പരം ആദ്യമായി കാണുകയാണ്. അന്യോന്യം ആദ്യമായി കാണുന്നതിന്റെ കൗതുകം അവരിലുണ്ട്. ആ ഏഴു പേരെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് ജനനമുണ്ടെങ്കിൽ മരണവുമുണ്ട് എന്ന തത്വത്തിന്റെ ഡെമോൺസ്ട്രേഷൻ പോലെ കിടക്കുന്നത്. ഈ ഏഴുപേർക്കും എന്നോടുള്ള ആത്മ രഹസ്യം അറിയാവുന്ന ചില കൂട്ടുകാർ ആദ്യശ്യമായ വ്യസനമാപിനികളുമായി ആരാണ് സങ്കടത്തിൽ കേമി എന്ന പരീക്ഷണങ്ങളിൽ മുഴുകുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ കാമുകിമാരിലൊരാൾ നെടുവീർപ്പിന്റെ ഭാഷയിലെഴുതപ്പെട്ട ഒരു കോട്ടു വായിട്ടു. അത് മറ്റ് ആറു പേരിലേക്കും സംക്രമിച്ചു. വലിയ ആൾക്കൂട്ടത്തിൽ കോട്ടുവായിട്ട ആ ഏഴു സുന്ദരികൾ ആ കർമത്തിലൂടെ അവരുടെ പ്രണയ ചരിത്ര രഹസ്യം വെളിവാക്കി. തെളിവുകളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ സദാചാരി നാട്ടു കൂട്ടം മൂക്കിൽ വിരൽ വെച്ച് ആശ്ചര്യത്തെ വിമോചിപ്പിച്ചു. ഞാൻ കോട്ടു വായ പുറപ്പെട്ട് ഏഴാമതായി അവസാനിച്ചതു വരെയുള്ള ഇടങ്ങളിലൂടെ കണ്ണുകൾ കൊണ്ട് വരച്ചു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് ലക്ഷണമൊത്ത മിടിക്കുന്ന ഒരു പ്രേമ ഇമോജിയുടെ രൂപത്തെ വാഗ്ദാനം ചെയ്തു.
ഞാൻ ഏഴു പേരെയും മാറി മാറി നോക്കി. എന്റെ പ്രണയവും വെറുപ്പുമെല്ലാം അതതിന്റെ പരമാവധിയിലായിരുന്നു. കയ്പ്പും മധുരവും ചേർന്ന ഒരു ഭാവം അവരിലെല്ലാം പൊതുവായുണ്ട്. ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ ഞാനിവരെയെല്ലാം കുറേക്കൂടി നന്നായി സ്നേഹിച്ചേനെ .
മരിച്ചവർക്ക് റീട്ടേക്കുകൾ സാധ്യമല്ലല്ലോ.
എനിക്കു വളരെ പ്രീയപ്പെട്ട മൂന്നു കാമുകിമാർ വന്നിട്ടില്ല. അതെന്താവും ? ഒരു ദിവസം പോയിക്കിട്ടും എന്നു വിചാരിച്ചാവുമോ?
ആളുകൾ വരികയും എനിക്കു ചുറ്റും വലം വെയ്ക്കുകയും പേരും വിലാസവും വെച്ച റീത്തുകൾ നെഞ്ചിലേക്കെറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്തല്ലാം വിചിത്രമായ ആചാരങ്ങളാണ് ! മരണം സർവ്വ അർത്ഥത്തിലും നമ്മെ പരാധീനരാക്കുന്നു.
കൂടെക്കൂടെ വാച്ചിലേക്കു നോക്കുന്ന ഒരു അനുഷ്ഠാന സംഘത്തെപ്പോലെയും ആ ആൾക്കൂട്ടം കാണപ്പെട്ടു.
പട്ടിയാ പൂച്ചയോ ചത്താൽ മററു ചെയ്യാൻ കാണിക്കാറുള്ള ഉദാസീനത മനുഷ്യരുടെ കാര്യത്തിൽ മനുഷ്യർക്കില്ല. മരണം, തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാക്കാനുള്ള വ്യഗ്രത മനുഷ്യരിലുണ്ട്. മരിച്ചവനെ അടക്കിക്കിടത്തിയിട്ടു വേണം ജീവിത വ്യവഹാരങ്ങളിൽ മുഴുകാൻ .
എനിക്ക് എന്റെ ശവശരീരത്തിനൊപ്പം ഒറ്റയ്ക്കിരിക്കണമെന്നു ആഗ്രഹമുണ്ടായി. ഈ മനുഷ്യരെല്ലാം പോയെങ്കിൽ ! ഒരു ശവശരീരത്തിന്റെ മൗലികാവകാശമാണ് തനിച്ചു അൽപ്പനേരം കിടക്കുക എന്നത് . ഒച്ചയും ബഹളങ്ങളും നിലവിളികളുമില്ലാതെ . സായാഹ്ന സൂര്യന്റെ പ്രകാശം അന്നേരം മുഖത്തിന് അലൗകികമായ സൗന്ദര്യം സമ്മാനിക്കും.
അന്നേരം എനിക്കു ഏറ്റവും പ്രീയപ്പെട്ടവൾ ആളുകളെ വകഞ്ഞു മാറ്റി എന്റെ ശവ ശരീരത്തിനടുത്തു വന്നിരുന്നു. അവൾ കരയുന്നുണ്ടായിരുന്നില്ല. എപ്പോഴോ ജലസാന്നിധ്യമുണ്ടായിരുന്ന ഒരു ഗ്രഹത്തിലെ ജലത്തിന്റെ അടയാളം പോലെന്തോ അവളുടെ കവിളിൽ ഉണ്ടായിരുന്നു. അവൾ പറഞ്ഞു:
മരിക്കാൻ സമയമായിട്ടില്ല. ആ നോവൽ എഴുതി പൂർത്തിയാക്കണ്ടേ ?
അതു കേട്ടതും ഞാൻ എന്റെ ശരീരത്തിനകത്തേക്കു പ്രവേശിച്ചു.
പതുക്കെ എഴുന്നേറ്റു .
ബോഡി മറവു ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരുന്ന കരപ്രമാണി ഫോണിൽ ആരെയോ വിളിച്ചു പറഞ്ഞു:
ശവപ്പെട്ടിയും കോപ്പുമെന്നും വേണ്ട. ആ നാറി ഊമ്പിച്ചു.