രചന : ബിന്ദുകമലൻ ✍

പണ്ടത്തെയോണത്തിന്നോണനിലാവും
ചിങ്ങപുലരിയുമൊത്തു ചേരും.
പൂക്കളമിട്ടത്തമൊരുക്കുവാൻ
മുറ്റത്തെയുദ്യാനം പുഞ്ചിരിക്കും.

കോടിയുടുക്കാൻ കൊതിച്ച കാലം
സദ്യ വിളമ്പാൻ കാത്തിരിക്കും.
ഓണക്കളികളുമോമനത്തിങ്കളും
ഉത്സാഹമോടുണർന്നിരിക്കും.

ഓണം വന്നാലുമുണ്ണി പിറന്നാലും
ഇന്നത്തെ കാലത്തിനില്ല ചന്തം.
കള്ളനും, കാലനും പീഡകരും
പെറ്റുപെരുകുന്ന നാടിതയ്യോ…!

തല്ലലും, കൊല്ലലുമേറിയയ്യോ
മാനുഷരെല്ലാം വെവ്വേറെയായ്…
പെയ്തൊഴിയാത്തൊരീവർഷം
പ്രളയപ്പേടിയിൽ കേരളവും.

ഇന്നത്തെയോണത്തിനെത്ര ചന്തം…?
ആരവമില്ലാത്തൊരോണക്കാലം.
ആർക്കോ വേണ്ടിയിട്ടെന്നപോലെ
ആചാരം പോലതു മാറിയില്ലേ….

ബിന്ദുകമലൻ

By ivayana