രചന : ശ്രീകുമാർ എം പി✍
“ഉപ്പൻ ചിലയ്ക്കുന്നുവല്ലൊ എന്നാൽ
പോകുവാനില്ലിപ്പോളെങ്ങും
യാത്രയ്ക്കുചിതമെന്നല്ലൊ യുപ്പൻ
ചൊല്ലുന്നതെന്നമ്മ ചൊല്ലും.
കാക്ക വിരുന്നു വിളിച്ചു വെന്നാൽ
ആരുമെയില്ല വരുവാൻ
പൂക്കൾ വിരിയുന്നു ചുറ്റു മമ്മെ
ചൂടുവാനില്ലല്ലൊയാരും.
പൊന്നോണമെത്തുന്നുവല്ലൊ നമു-
ക്കൂഞ്ഞാലു കെട്ടേണം കാലേ
ഊഞ്ഞാലിലാടിടാനെനി യ്ക്കൊപ്പ-
മാരുമെയില്ലല്ലൊ കൂടെ
നിത്യവും നന്മലർ കൊണ്ടു ചേലിൽ
മുറ്റത്തു പൂക്കളം വേണം
പൂക്കളിറുക്കുവാനായി ട്ടപ്പോൾ
പോരുവാനാരുണ്ടെൻ കൂടെ “
കുട്ടിയെ ചേർത്തു പിടിച്ചു നല്ലൊ-
രുമ്മ കൊടുത്തമ്മ ചൊല്ലി
” എൻമകൻ നേരെ വളർന്നാൽ നമു-
ക്കെല്ലാം വന്നെത്തുമെൻ മുത്തെ
അമ്മയ്ക്കതു കണ്ടു വേണ മെന്റെ
കണ്ണൊന്നു മെല്ലെയടയ്ക്കാൻ .”