രചന : വാസുദേവൻ. കെ. വി ✍
അറിവും തിരിച്ചറിവും പകർന്നു നൽകുന്ന ഗുരുഭൂതർക്ക് ആശംസകൾ. വളരുന്ന മനസ്സുകൾക്ക് ആശങ്കകൾ തുറന്നു പറയാൻ അമ്മയാവുന്നു അച്ഛനെ പോലെ ശാസിച്ചു തിരുത്തുന്നു. മൂത്ത സഹോദരരെ പോലെ കരുതലാവുന്നു. ഒരാളിൽ തന്നെ പലപല മുഖങ്ങൾ. നാട്ടുകാർക്ക് അപേക്ഷകൾ എഴുതിനൽകാൻ സഹായിയാവുന്നു. നാടിന്റ വികസന പ്രവർത്തനങ്ങൾക്ക് അമരത്ത്…
കാലം മാറുന്നു.. ഗുരുരൂപത്തിന്റെ കോലവും മാറുന്ന കാഴ്ചകൾ. തപ്പി നോക്കിയാൽ പോലും പൂവനെന്നോ പിടയെന്നോ തിരിച്ചറിയാനാവാത്ത കുഞ്ഞു മേനികളിൽ ലൈംഗിക ദാരിദ്ര്യം തീർത്തു പിടിക്കപ്പെടുന്നവർ. ഓൺലൈൻ ക്ലാസ്സുകളിൽ പരിചയപ്പെട്ടു പഠിതാവിന്റെ പിതാവിനോപ്പം പൊറുതി തുടങ്ങാൻ തിരുവസ്ത്രം ഊരുന്നവർ വരെ ഇന്ന് അധ്യാപകലോകത്ത്. കവിയുടെ കവിത മോഷ്ടിച്ചു വെട്ടി തിളങ്ങി നാറുന്നവർ വകുപ്പ് മേധാവികളായി വിലസുന്നു.
കുത്തിയിരുന്ന് പഠിച്ച കുട്ടികളുടെ ഉത്തരകടലാസുകൾ ഉപേക്ഷിച്ച് പ്രതിഷേധപ്രകടനം നടത്തുന്നവർ. കോവിഡ് നാളിൽ ആരോഗ്യപ്രവർത്തകർ, പോലീസുകാർ, പൊതു പ്രവർത്തകർ ഇവരൊക്കെ രാപ്പകലില്ലാതെ ജീവൻ പണയം വെച്ച് പ്രവർത്തിച്ചപ്പോൾ ചൊറിയും കുത്തി ഇരുന്നവർ അനിവാര്യമായ സാലറി ചാലഞ്ച് ഉത്തരവുകളിൽ തീ പടർത്തുന്നു. മണ്ണ് വിറ്റ് കോഴ നൽകി ഗുരു വേഷം പൂണ്ടവർ അഭ്യസ്ത തൊഴിലന്വേഷകരെ നോക്കി കൊഞ്ഞനം കുത്തുന്നു. ആണ്ടിൽ പാതി ദിനം തൊഴിലിടത്തിൽ കാലു കുത്താത്തവർ വേതനവർദ്ധനവിന് സമരമുഖത്തെത്തി അധ്യയന ദിനങ്ങൾ ശൂന്യമാക്കുന്നു..
കാലികച്യുതി ഈ രംഗത്തെയും കാർന്നു തിന്നുമ്പോൾ ആചരിക്കാൻ ഒരു ദിനം. ശിഷ്യന്റെ പ്രബന്ധം അടിച്ചു മാറ്റി അംഗീകാരം തേടിയ മഹാന്റെ ജന്മദിനം അതിനായി തെരഞ്ഞെടുത്തത് അഭിനന്ദനാർഹം തന്നെ.. അധികാരം കൈയിലുണ്ടെണ്ടെങ്കിൽ ഏത് തെറ്റും പിന്നീട് മറയ്ക്കപ്പെടുമെന്ന സന്ദേശം പുത്തൻ തലമുറകളെ ഓർമ്മിപ്പിക്കാൻ കൂടി ഒരു ദിനാചരണം.
നമ്മെ നാമാക്കിയ ഗുരുജനങ്ങൾക്ക് ആശംസകൾ നേരാം നമുക്കിന്ന്.