രചന : അഹ് മദ് മുഈനുദ്ദീൻ✍
നൂൽ കോർക്കാനുളള
സമയദൈർഘ്യം
( കാഴ്ചയും കൈവിറയലും )
എന്റെ പരിചയ സമ്പത്തിനെ
ചോദ്യം ചെയ്യുന്നുണ്ട്.
കടയിൽ ആളുള്ളപ്പോൾ
നൂല് പൊട്ടരുതേയെന്ന പ്രാർത്ഥന
എല്ലായിപ്പോഴുമുണ്ട്
പായവിട്ടെഴുന്നേൽക്കാൻ
ഇത്തിരി വൈകിയാൽ
തണുപ്പിന്റെ പുതപ്പിൽ
ഒന്നുകൂടി ചുരുണ്ടാൽ
ചായക്കടയിൽ പോവാതിരുന്നാൽ
പ്രായമായെന്ന് സീൽ ചെയ്യും
ചെറുപ്പക്കാർക്കൊപ്പം
നടക്കാനാകണം
മദ്ധ്യവയസ്കർക്ക്
കൂടുതലൊന്നും സംഭാവന ചെയ്യാനില്ല
കോളറിന്റെ വലുപ്പം
കൂട്ടിയോ കുറച്ചോ
പകുതി അടർത്തിയെടുത്തോ
നിറം മാറ്റിയോ
പോക്കറ്റിന്റെ സ്ഥാനം തെറ്റിച്ചോ
വലിയ പ്രയോജനമൊന്നുമില്ല
ഉച്ചമയക്കത്തിലൊരു
സ്വപനം കണ്ടു
അങ്ങാടിയിൽ വന്നവരാർക്കും
കുപ്പായമില്ല
മേൽമുണ്ട് പോലുമില്ല
അയമുട്ടി ഹാജി മുതൽ
കുഞ്ഞിരാമേട്ടൻ വരെ
ഒറ്റത്തോർത്തിൽ നടക്കുന്നു
ആരോടും ചോദിച്ചില്ല
എല്ലാവർക്കും വേണ്ടി
തയ്ച്ച് തുടങ്ങി
മിക്കവരുടേയും അളവറിയാം
സംശയനിവാരണത്തിന്
പഴയ നോട്ടുപുസ്തകം പരിശോധിക്കാം
ഉറക്കത്തിൽ നിന്നുണർത്തി
ഒട്ടും പരിചയമില്ലാത്തൊരാൾ
ചോദിക്കുന്നു
നിങ്ങൾക്കൊരു ഷർട്ട് തയ്ച്ചിട്ടൂടെ ?