രചന : അശോകൻ പുത്തൂർ✍
തെങ്ങേറ്റക്കാരൻ കുമാരനോട്
അന്നൊരിക്കൽ അവൾ പറഞ്ഞു.
അരയ്ക്കാൻ
ഒരുമുറി തേങ്ങയില്ല
ന്റെ തെങ്ങൊന്ന് കേറോ…..
ആരട്യായാലെന്താ
കേറാൻ പറഞ്ഞാ കേറും
ഇമ്പടെ പണ്യല്ലേ കേറ്റം.
മറുവാക്കിൽ
താത്രിക്കുള്ളിൽ ഒരു ചിരി കിളുർന്നു
വെയിലങ്ങനെ തെളക്കുമ്പം
കൊതുമ്പും കോഞ്ഞാട്ടയും
തേങ്ങയും വെട്ടി
കുമാരനങ്ങനെ പടർന്നേറി.
ഓരോ ചുവടും ഉടൽപ്പെരുക്കങ്ങളും
ത്രസിപ്പോടെ താത്രി കണ്ടുനിന്നു.
ഉച്ചിയിൽ സൂര്യൻ കത്തിനിന്നാറെ
തളർച്ചയോടെ കുമാരൻ ഊർന്നിറങ്ങി
കൂലി നീട്ടുമ്പോൾ
കൊതിയോടെ താത്രി മൊഴിഞ്ഞു
കൈ തഴമ്പിൽ
ഞാനൊന്ന് തൊട്ടോട്ടെ……
കൈമലർത്തി
യാചകനെപ്പോലെ കുമാരൻനിന്നു.
ഉഴിഞ്ഞുലാവുമ്പോൾ താത്രി പറഞ്ഞു
ഉച്ചത്തെ ഊണ് ഇവിടുന്നായാലോ…….
ആയ്ക്കോട്ടെ
കുമാരൻ കിണറ്റിൻ കരേൽക്ക് നടന്നു
താത്രി
നാക്കിലയിട്ടു ചോറുവിളമ്പി
പപ്പടവും ഉപ്പേരിയും അച്ചാറും നിരന്നു.
മോരിൽ പച്ചമുളക് ഞെരടിയിടുമ്പോൾ
കുമാരൻ ചോദിച്ചു
ഇമ്പ്രാക്കള് മുന്നെ ഇന്നെ കണ്ട്ട്ട് ണ്ടാ
താത്രി ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
ഇമ്മള് ഒരു ക്ലാസില് പഠിച്ചട്ട്ണ്ട്
ഏഴാംക്ലാസില്
ഞാൻ തോറ്റ് കെടക്കുമ്പം
ഇമ്പ്രാക്കള് ജയിച്ച് വന്ന്
ഓർമ്മകളുടെ ഏഴാംക്ലാസിൽ
താത്രി ഒന്നാം ബഞ്ചിലും
കുമാരൻ അവസാന ബഞ്ചിലുമായി
കഥയേറെ കേട്ടു.
നാണത്തോടെ അവൻ പറഞ്ഞു
അന്നെനിക്ക് കോങ്കണ്ണ്ണ്ടാർന്ന്
പെങ്കുട്ട്യോളൊന്നും ഇന്നെ നോക്ക്യേർന്നില്ല.
പൂത്തുലഞ്ഞ്
പൂങ്കുലപോലെ ചിരിക്കുന്ന താത്രിക്കുട്ടിയിൽ
കുമാരനൊരു പൂങ്കുയിലായി.
തടുക്കയിലിരുന്ന് മുറുക്കുമ്പോൾ
കുമാരൻ വല്ലായ്മയോടെ പറഞ്ഞു.
ഇമ്പ്രാക്കളെപ്പറ്റി കരേല്
വേണ്ടാതെനങ്ങള് പരക്ക്ണ് ണ്ട്
താത്രിയൊന്ന് ചിരിച്ചുലഞ്ഞു.
പുകലയുടെ ഞെട്ടി
അണയിലേക്ക് തിരുകി നീട്ടിത്തുപ്പി
വെളിപാടുപോലെ പറഞ്ഞു തുടങ്ങി.
സത്യന്ന്യാദ് ആളോള്ക്കെന്താ ചേതം……
ചിലർ മണത്തു നോക്കും
വേറെചിലർ തൊട്ടുനോക്കും
മറ്റുചിലർ കോരിക്കുടിക്കും
ചിലരോ പീച്ചി അളിക്കും
പിന്നൊരുത്തർ ഞെരിച്ചമർത്തും
ന്റെദേവ്യേയ് ന്നെക്കൊണ്ട്
ഒന്നും പറയിക്കല്ലെ
താത്രി നിന്നു കിതച്ചു………
പിന്നെ മന്ത്രിക്കുംപോലെ
അവന്റെ കാതോരം മൊഴിഞ്ഞു
ന്നെങ്ങനെ നോക്ക്യോണ്ടിരിക്കാൻ
നിക്കിങ്ങനെ കണ്ടോണ്ടിരിക്കാൻ
നിക്കൊരാള് വേണം
കുമാരന് നാളേം വരാവോ……
അപ്പൊ ഇയ്ക്ക് കേറാൻ പോണ്ടേ
കുമാരൻ ദെണ്ണപ്പെട്ടു.
ഒരു വയറ് കഴ്യാൻ
തെങ്ങുമ്മ്യന്നെ കേറണംന്ന്ല്യാലൊ…….
താത്രിയുടെ മൊഴിയാട്ടത്തിൽ
ചെന്തെങ്ങിൻ ഇളംങ്കുലപോലെ
കുമാരൻ നിന്നുചുവന്നു
താത്രിയും
ഇലമൂടിപ്പൂക്കും ചെമ്പരത്തിപോലെ
പൂക്കാൻ തുടങ്ങുകയായിരുന്നു.