രചന : കല ഭാസ്‌കർ ✍
വിട്ടു പോരുമ്പോൾ
തേൻമധുരത്തിന്റെ
ഓർമ്മയിൽ
തിരിഞ്ഞു നോക്കുമ്പോൾ
പൂവുകൾ ചിരിക്കുന്നുണ്ടായിരുന്നു.
പൂത്തുമ്പിക്ക് അതിശയം
തോന്നാതിരുന്നില്ല.
പ്രണയത്തിന്റെ
മായാമുദ്ര
കവിളിലെ നഖമുറിവാകുന്നത്,
കരളിലെ വിരഹാഗ്നി
പടർന്നെരിയാതെ ,
പൊള്ളലില്ലാതെ
അമർന്നണയുന്നതു
കൊണ്ടാവുമോ?
കൊമ്പിലും വമ്പിലും
അതിനാദ്യമായ്
അവിശ്വാസം തോന്നി.
തിരിച്ചു പറക്കാതിരിക്കാൻ
അതൃപ്തിക്കായില്ല.
ആദ്യത്തെപ്പോലെ
ആത്മാർത്ഥതയ്ക്ക്
ഇതളിലമരാനായില്ല :
വെറുതെ മൂളിയും
മുറുമുറുത്തും സംശയം
വട്ടം ചുറ്റിപ്പറന്നു നിന്നു .
പ്രണയമില്ലേ നിനക്ക് …
പ്രണയിയല്ലേ ഞാൻ …
ജന്മാന്തര സംശയങ്ങളുടെ
മർമ്മരം കേട്ട്
പൂവുകൾ പിന്നെയും
ചിരിച്ചു കുഴഞ്ഞു.
ചിരിച്ച് ചിരിച്ച്
ഇതളഴിയവെ
അതിലൊരാൾ
പറഞ്ഞു.
പ്രണയമാണ് ഞാൻ ,
ഞങ്ങളോരോരുത്തരും .
നീയാകട്ടെ, ഞങ്ങളുടെ
ദൂതനും സേനാപതിയും
ബലിയാടുമാകുന്നു.
ഒരിത്തിരി മധുരത്തിന്റെ
കടം വീട്ടാൻ നീയിനി
പൂക്കാലങ്ങളുണ്ടാക്കുന്ന
ദൈവമായിത്തീരണം.
നിന്റെ മേൽ പുരണ്ട
സ്വർണത്തരികൾ വീണ്
തരിശു നിലങ്ങളിൽ
സൂര്യകാന്തികളുടെ
സാമ്രാജ്യമുണ്ടാകും.
പ്രണയാകാശങ്ങളിൽ നിന്നും
നീ കടമെടുത്ത നീലയത്രയും
മഞ്ഞയിൽ മുങ്ങി മങ്ങും.
ചിറകൊതുക്കി നീ
ഒടുക്കമൊരാളിൽ
ധ്യാനസ്ഥനായൊരു
ബുദ്ധനാകും.
അന്ന്
സമാധിയിൽ
നീയും പ്രണയമാകും..
💙