രചന : കൃഷ്ണമോഹൻ കെ പി ✍
പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്
പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെ
പൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീല
പൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർ
പൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽ
പൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രം
പൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂ
പൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേ
പൂർണ്ണേന്ദുമുഖരേയീ ഓണത്തിനെത്തുന്നില്ലാ?!
പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻ
പ്രാപഞ്ചികൈശ്വര്യത്തെ,യുണർത്തുമോണങ്ങളിൽ
പൂർണ്ണത തേടീട്ടങ്ങു തപസ്സുകളനുഷ്ഠിക്കും
പൂർവരാംഋഷിമാർക്കും കണ്ടെത്താൻ കഴിയാത്ത
പൂമരമാണീ ഞാനീ ജഗത്തിന്മടിത്തട്ടിൽ
പൂരിതമോദത്തോടെയിരിക്കും പൂരാടം താൻ
പൂർണ്ണത്രയീശൻ തൻ്റെ പദാരവിന്ദങ്ങളിൽ
പൂക്കളം തീർക്കാനെത്തുംപൂരാടം നക്ഷത്രം ഞാൻ.