ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

‘പുലർവെയിലിന് വല്ലാത്ത കാഠിന്യമാണല്ലോ’ അയാൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം മുഖത്തേക്ക് കമഴ്ത്തി. ഉമ്മറത്തെ ചാരുകസാലയിൽ മലർന്നങ്ങിനെ കിടക്കാനെന്ത് സുഖാ.. ! വായിച്ചുനിർത്തിയ വരികൾ തുറന്ന്പിടിച്ച കണ്ണുകളിൽ സ്പർശിക്കുംപോലെ. പണ്ടാരോ പറഞ്ഞതോർത്തു ‘വരികൾക്കിടയിൽ വായിക്കാൻ കഴിയണം’ അതാണത്രേ ശരിക്കുള്ള വായന. പലതരം അളവ്കോലുകളാൽ തരംതിരിക്കപ്പെടുന്ന മനുഷ്യർ. സമ്പന്നൻ, ദരിദ്രൻ, മന്ത്രി, കള്ളൻ, വേശ്യ തുടങ്ങി കിട്ടിയ വേഷങ്ങൾ എല്ലാപേരും ഭംഗിയാക്കി, ഒടുവിൽ മികച്ച നടനെന്നോ അവാർഡ് ജേതാവെന്നോ വേർതിരിവില്ലാതെ, സമ്പാദ്യമെന്ന ഭാണ്ഡം ചുമലിലേറ്റാൻ നിവർത്തിയില്ലാതെ വെറും ആറടി മണ്ണിലേക്ക്. ശെരിക്കും ഈ ആറടി കിട്ടുന്നുണ്ടോ..? ‘ഇല്ലാ’ അവിടെയും ചതി. 5′ 7″ കാരനായ തനിക്ക് ആറ് കിട്ടിയോ? ‘ആാാ.. ‘ അളക്കുവാൻ സാവകാശം തന്നില്ലല്ലോ ആരും. നീളം കൂടിയവനെ ചീത്ത വിളിക്കുന്ന കാലം വരുമായിരിക്കും. മണ്ണിനൊക്കെ വലിയ വിലയല്ലേ.. ! ‘ആറടി മണ്ണും തന്ന് ഒഴിവാക്കപ്പെടുന്നവനേ, സത്യത്തിൽ നീ വെട്ടിപ്പിടിച്ചും, തട്ടിപ്പറിച്ചും സ്വന്തമാക്കിയ നിന്റെ മണ്ണിൽ എത്ര അദ്ധ്വാനിച്ചു. കൊതിതീരാതലയുന്ന നിന്റെ മനസിന്‌ വ്യാപരിക്കാനെവിടെയിടം.അത് കണക്കിൽ പെടുത്തിയിട്ടില്ലല്ലോ.. ! ചിന്തയുടെ ആക്കം കൂടിയപ്പോൾ കസാലയൊന്നാട്ടിനോക്കി. ആടുന്നില്ലല്ലോ.. ! ങേ.. ഉമ്മറത്ത് തന്റെ ചാരുകസാല കാണുന്നില്ലല്ലോ.അയാൾ ഓർമകളിൽ പരതി ക്കൊണ്ട് തലയിലൊന്ന് തടവി. ‘ശീലങ്ങൾ മാറിയിട്ടില്ല’. ‘ഓഹ്.. ഉമ്മറത്താണല്ലോ അവസാനമായി താൻ കിടന്നത്. ശരിയാണ്. അന്നെന്ത് രസാരുന്നു. മറ്റുള്ളവരെ ഒളിഞ്ഞുകേൾക്കുന്ന സുഖം. ‘ഹിപ്നോട്ടിസ് ചെയ്ത് ആൾക്കാരുടെ മനസിലിരിപ്പറിയുന്ന ഡോക്ടറുടെ സുഖാണോ’? ‘ആ…. ആർക്കറിയാം ‘ കണ്ടാൽ മിണ്ടാത്തവരുൾപ്പെടെ പലരുമുണ്ടായിരുന്നു ചുറ്റിലും. കുറ്റങ്ങൾ മാത്രം കണ്ടെത്തുന്ന സുഹൃത്, അവനും അന്നാദ്യമായെന്നെ പുകഴ്ത്തി. ‘ദൈവമേ.. എല്ലാപേരും തന്നിലെ ഇല്ലാത്ത നന്മകൾ പാടി വാഴ്ത്തപ്പെട്ടവനാക്കുകയായിരുന്നല്ലോ’. എന്തായാലും ഇകഴ്ത്തലുകൾ മാത്രം കേട്ടു ശീലിച്ച തനിക്ക് അന്നാദ്യമായ്‌ കിട്ടിയ പുകഴ്ത്തലുകൾ നന്നേ സുഖിച്ചിരുന്നു. അതിപ്പോ ആരാ ഇഷ്ടപ്പെടാത്തത്? ഇതൊക്കെ മുന്നേയായിരുന്നെങ്കിൽ ഞാനെന്നേ നന്നായിപ്പോയേനെ.. ! ‘അതെങ്ങിനെ, ഒരുത്തൻ നന്നാവുന്നത് ഇഷ്ടമല്ലല്ലോ… ! പതിച്ചു കിട്ടിയ ആറടി, അവിടെ ദേ റംബൂട്ടാൻ കായ്ച്ചു നിൽക്കുന്നു. ‘ദൈവമേ, അതും പോയോ… ! ‘അപ്പോൾ തന്റെ ചാരു കസാല’……. ‘ആ’…. !

Binu Surendran

By ivayana